Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല വെറും 35,000 രൂപയ്ക്കു വേണ്ടിയോ?; എച്ച്ഡിഎഫ്സി വൈസ് പ്രസിഡന്റിന്റെ മരണത്തിൽ ദുരൂഹത

Siddharth Kiran Sanghavi സിദ്ധാർഥി കിരൺ സാംഘ്‌വി (ഇടത്); മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിയ പൊലീസ് വാഹനങ്ങൾ.

മുംബൈ∙ കൊലയാളിയെ പിടികൂടിയിട്ടും എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർഥ് കിരൺ സാംഘ്‌വി (39) യെ ബുധനാഴ്ച കാണാതായതു മുതൽ തുടരുന്ന ദുരൂഹത മായുന്നില്ല. കെട്ടിടനിർമാണ കമ്പനികളിൽ ഫാബ്രിക്കേഷൻ രംഗത്തു പ്രവർത്തിക്കാറുള്ള ടാക്സി ഡ്രൈവറായ പ്രതി സർഫറാസ് ഷെയ്ഖ് അറസ്റ്റിലായിട്ടും ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാകുന്നു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടേണ്ടതുണ്ടെന്നാണ് തിങ്കളാഴ്ചത്തെ വാർത്താസമ്മേളനത്തിൽ മുംബൈ പൊലീസിന്റെ മറുപടി. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണു വിശദീകരണം.

മൊഴിയിൽ പതിരുണ്ടോ?

ബൈക്കിന്റെ വായ്പ തിരിച്ചടവിനു 35,000 രൂപ ആവശ്യമായിരുന്നെന്നും അതിനാണു സിദ്ധാർഥിൽനിന്നു പണം ആവശ്യപ്പെട്ടതെന്നും സർഫറാസ് മൊഴി നൽകിയിട്ടുണ്ട്. ആവശ്യം നിഷേധിച്ചതോടെ ഭീഷണിപ്പെടുത്തിയെന്നും സിദ്ധാർഥ് ഒച്ച വച്ചതോടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നെന്നുമാണു മൊഴി. സിദ്ധാർഥിനെ കാണാതായി മൂന്നാം ദിവസം പിതാവിനു ലഭിച്ച ഫോൺകോളാണു സർഫാസിലേക്കു പൊലീസിനെ എത്തിച്ചത്. സിം കാർഡ് മാറ്റി മറ്റൊരു നമ്പറിൽനിന്നു സിദ്ധാർഥിന്റെ ഫോൺ ഉപയോഗിച്ചായിരുന്നു വിളി. മകൻ സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു സന്ദേശം. നവിമുംബൈയിൽനിന്നാണു വിളിച്ചതെന്നു മനസിലാക്കി തേടിയെത്തിയ പൊലീസ് സർഫാസിന്റെ പക്കൽനിന്നു ഫോണും കണ്ടെടുത്തു.

രക്തക്കറകളുമായി, ഉപേക്ഷിച്ച നിലയിൽ സിദ്ധാർഥിന്റെ കാർ വെള്ളിയാഴ്ച പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് സർഫാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കല്യാണിൽനിന്നു കണ്ടെടുത്തു. കൂടാതെ, കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തി. ഭീഷണിപ്പെടുത്തുമ്പോൾ സിദ്ധാർഥ് പണം നൽകുമെന്നാണു പ്രതീക്ഷിച്ചതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. കൊലപാതകത്തിനുശേഷം സിദ്ധാർഥിന്റെ വീട്ടുകാരെ ഫോണിൽ വിളിച്ച് അദ്ദേഹത്തിനു പ്രശ്നങ്ങളൊന്നുമില്ലെന്നു പറഞ്ഞതായും സമ്മതിച്ചു. കൊല നടന്ന പാർക്കിങ് മേഖലയിൽ സിസിടിവി ക്യാമറയില്ല. വൈകിട്ടു നാലരയ്ക്കുശേഷം അവിടെ സുരക്ഷാ ജീവനക്കാരും ഡ്യൂട്ടിയിലുണ്ടാകാറില്ല.

ആര് നൽകും ഉത്തരങ്ങൾ?

∙ നഗരത്തിൽ ഏറ്റവും തിരക്കേറിയ വാണിജ്യ കോംപ്ലക്സുകളിൽ ഒന്നായ കമല മിൽസിന്റെ പാർക്കിങ് മേഖലയിൽ വച്ച് ഒരാളെ കൊലപ്പെടുത്തി, മൃതദേഹവുമായി നഗരത്തിലുടനീളം യാത്ര ചെയ്തിട്ടും ആർക്കും ഒരു സൂചനപോലും കിട്ടാത്തത് എന്തുകൊണ്ട്?

∙ സർഫറാസ് ഒറ്റയ്ക്കാണോ കൃത്യം നടത്തിയത്?

∙ കൊല്ലപ്പെട്ട സിദ്ധാർഥുമായി നേരത്തേ സർഫറാസിനു പരിചയമുണ്ടായിരുന്നോ?

∙ തൊഴിൽപരമായ അസൂയയാണു കൊലപാതകത്തിനു കാരണമെന്നും സഹപ്രവർത്തകർക്കു സംഭവത്തിൽ ബന്ധമുണ്ടെന്ന ആദ്യവാദത്തിന്റെ അടിസ്ഥാനമെന്ത്?

കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ

സാംഘ്‌വിയുടെ കൊലപാതകം പണം തട്ടാനുള്ള ശ്രമത്തിനിടെയെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കല്യാണിൽനിന്നു കണ്ടെത്തിയിരുന്നു. നവിമുംബൈ കോപ്പർഖൈർണെ നിവാസിയായ ടാക്സി ഡ്രൈവർ റായിസ് എന്ന സർഫറാസ് ഷെയ്ഖ് (20) ആണു കൊല നടത്തിയത്. ഇയാളെ ഞായറാഴ്ച അറസ്റ്റു ചെയ്തിരുന്നു.

ലോവർ പരേലിലെ കമല മിൽസ് പരിസരത്തെ എച്ച്ഡിഎഫ്സി ബാങ്കിന്റെ പാർക്കിങ് മേഖലയിൽവച്ചു ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനു സിദ്ധാർഥ് വഴങ്ങാതിരുന്നപ്പോൾ കത്തി ഉപയോഗിച്ചു കുത്തുകയും കഴുത്തു മുറിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സിദ്ധാർഥ് ബഹളംവച്ചതോടെയായിരുന്നു ആക്രമണം. ബൈക്കിന്റെ വായ്പാ തിരിച്ചടവിനു 35,000 രൂപ ആവശ്യമായിരുന്നെന്നും അതിനായാണു പണം ആവശ്യപ്പെട്ടതെന്നുമാണു മൊഴി.

അസൂയമൂലമെന്ന് ആദ്യം പൊലീസ്; പിന്നീട് തിരുത്തി

തൊഴിൽപരമായ അസൂയയാണു കൊലപാതകത്തിനു കാരണമെന്നും പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ സഹപ്രവർത്തകരിൽ ചിലർ ആസൂത്രണം ചെയ്തതാണെന്നും ആദ്യം പറഞ്ഞ പൊലീസ് തന്നെ പിന്നീട് അതു തിരുത്തുകയായിരുന്നു. കുത്തേറ്റുവീണ സിദ്ധാർഥ് സാംഘ്‌വിയെ അദ്ദേഹത്തിന്റെ തന്നെ കാറിൽ കയറ്റി കല്യാണിലെ ഹാജി മലംഗ് തീർഥാടനകേന്ദ്രത്തിനു സമീപത്ത് ആളൊഴിഞ്ഞ മേഖലയിൽ ഉപേക്ഷിച്ചശേഷം കോപ്പർഖൈർണെയിലെ താമസസ്ഥലത്തേക്ക് അതേ കാറിൽ സർഫറാസ് മടങ്ങി.

കെട്ടിടനിർമാണ പദ്ധതികളുടെ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കും പോകാറുള്ള ഇയാൾ എച്ച്ഡിഎഫ്സി ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലും ഇതേ ജോലി ചെയ്തിട്ടുള്ളതിനാൽ സ്ഥലപരിചയമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാളെ 19 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ലോവർ പരേലിലെ ഓഫിസിൽനിന്നിറങ്ങിയ സിദ്ധാർഥ് മണിക്കൂറുകൾ കഴിഞ്ഞിട്ടും വീട്ടിൽ എത്താതിരിക്കുകയും ഫോണിലും കിട്ടാതെ വരികയും ചെയ്തതോടെ ഭാര്യ പൊലീസിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ നവിമുംബൈയിലെ കോപ്പർഖൈർണ മേഖലയിൽ സിദ്ധാർഥിന്റെ കാർ രക്തക്കറകളോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതു വഴിത്തിരിവായി. തുടർന്നുളള അന്വേഷണമാണു പ്രതിയെ കുടുക്കിയത്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.