Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാളികയിൽ 12 പരിചാരകർ, വൻ ശമ്പളം; ‘അതിസമ്പന്നം’ ഇന്ത്യൻ കോടീശ്വരപുത്രിയുടെ പഠനം

x-default

ലണ്ടൻ∙ ‘ഡാഡ്, എന്റെ കൂട്ടുകാരും അധ്യാപകരുമെല്ലാം ട്രെയിനിലാണു വരുന്നത്. സ്വർണം പൊതിഞ്ഞ ഫെറാറിയിൽ കോളജിൽ  വന്നിറങ്ങാൻ എനിക്ക് നാണമാകുന്നു...’ കോടീശ്വരനായ പിതാവിന് ബെർലിനിൽ പഠിക്കാൻ പോയ മകൻ അയച്ച സന്ദേശമായിരുന്നു അത്. തൊട്ടുപിന്നാലെ പിതാവിന്റെ മറുപടിയെത്തി. ഒപ്പം കോടിക്കണക്കിനു യൂറോ അക്കൗണ്ടിലേക്കിട്ടതിന്റെ വിവരങ്ങളും– ‘മകനേ, ദയവു ചെയ്തു കുടുംബത്തിന്റെ മാനം കെടുത്തരുത്. പണം അയച്ചിട്ടുണ്ട്, എങ്ങനെയെങ്കിലും സ്വന്തമായി ഒരു ട്രെയിൻ വാങ്ങി അതിൽക്കയറി കോളജിൽ പോകുക...’. 

‘വേദനിക്കുന്ന കോടീശ്വരന്മാരെപ്പറ്റി’ വ്യാപകമായുള്ള ഒരു തമാശയാണിത്. പലരുടെ പേരിലും ഈ കഥ പ്രചരിക്കാറുണ്ട്. സമാനമായ ഒരു റിപ്പോർട്ടാണ് സ്കോട്‌ലൻഡിൽ നിന്നു വന്നിരിക്കുന്നത്. കോടീശ്വരനായ ഇന്ത്യക്കാരന്റെ മകള്‍ അവിടെ ഉപരിപഠനത്തിനു പോയതാണ്. സ്കോട്‌ലൻഡിനു കിഴക്കായി യൂണിവേഴ്സിറ്റി ഓഫ് സെന്റ് ആൻഡ്രൂവിലാണ് ഈ ഒന്നാം വർഷ വിദ്യാർഥിനി പഠിക്കുന്നത്.

ഒപ്പം പഠിക്കുന്നവരെല്ലാം ഹോസ്റ്റലിലും മറ്റുമാണു താമസം. അവിടെ നിന്നു തന്നെയാണു ചിലപ്പോഴെല്ലാം ഭക്ഷണവും. മകളുടെ കാര്യം നോക്കാൻ അവിടെ ആരുണ്ടാകുമെന്ന് ആധിയായതോടെ പിതാവ് ഏതാനും മാസം മുൻപ് യുകെയിലെ മുൻനിര പത്രത്തിൽ പരസ്യം കൊടുത്തു– ‘പരിചാരകരെ ആവശ്യമുണ്ട്’. റിക്രൂട്ടിങ് ഏജൻസിയായ സിൽവർ സ്വാന്‍ വഴിയായിരുന്നു പരസ്യം. എന്നാൽ കോടീശ്വരൻ ആരാണെന്നോ മകളുടെ പേരോ ഒന്നും ഏജൻ‍സി പുറത്തുവിട്ടിട്ടില്ല.

ഒന്നും രണ്ടുമല്ല, പന്ത്രണ്ടു പേരെയാണ് മകളെ പരിചരിക്കാൻ വേണ്ടി മാത്രമായി ആ കോടീശ്വരൻ ജോലിക്കെടുത്തത്. രാവിലെ വിളിച്ചുണർത്തുന്നതു മുതൽ കോളജിൽ കൊണ്ടുപോയി തിരികെ കൊണ്ടു വന്ന് രാത്രി അത്താഴം നൽകി ഉറക്കുന്നതു വരെയുള്ള കാര്യങ്ങൾ നോക്കാനാണ് ഇവർ. ഷോപ്പിങ്ങിനു പോകുമ്പോൾ സഹായിയായി മറ്റൊരു പരിചാരിക.

മകൾക്കു താമസിക്കാൻ വേണ്ടി ഒരു പടുകൂറ്റൻ മാളികയും ഒരുക്കി പിതാവ്. ഒരു ഹൗസ് മാനേജർ, മൂന്ന് ഹൗസ് കീപ്പർമാർ, ഒരു പൂന്തോട്ടക്കാരൻ, ഒരു വനിതാ പരിചാരിക, ദിവസവുമുള്ള ഭക്ഷണത്തിന് ഒരു പാചകക്കാരൻ, മൂന്നു സഹായികൾ, ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കിത്തരാൻ പ്രത്യേകമൊരു പാചകക്കാരൻ, ഡ്രൈവർ എന്നിവരാണ് കൂറ്റൻ മാളികയിലുള്ളത്. സ്കോട്ടിഷ് സർവകലാശാലയിലെ നാലു വർഷത്തെ പഠനകാലത്തും ഈ പന്ത്രണ്ടു പേരും മാളികയും പെൺകുട്ടിക്കു സൗകര്യമൊരുക്കിയുണ്ടാകും.

എപ്പോഴും പ്രസന്നയായ ഊർജസ്വലയായ പെൺകുട്ടിയെയാണു വനിതാ പരിചാരകയായി വേണ്ടതെന്ന കാര്യം ഉൾപ്പെടെയായിരുന്നു 12 പേർക്കായി പരസ്യം നൽകിയത്. വിളിച്ചുണർത്തുന്നതു മുതൽ പെൺകുട്ടിയുടെ എല്ലാ കാര്യങ്ങളും ഈ വനിതാ പരിചാരികയാണു നോക്കേണ്ടത്. ദിനചര്യകളും ഓരോ ദിവസത്തെ പരിപാടികളുമെല്ലാം ചാർട്ട് ചെയ്യുന്നതും ഇവർ തന്നെ. പെൺകുട്ടിയെ കോളജിലേക്ക് ഒരുക്കി അയയ്ക്കുന്നതിനുളള നടപടിക്കും മുൻകയ്യെടുക്കുന്നത് ഈ പ്രധാന പരിചാരികയായിരിക്കും. വസ്ത്രങ്ങൾ വാങ്ങുമ്പോഴും ഷോപ്പിങ്ങിനിടയിലുമെല്ലാം ഇവർ ഒപ്പം കാണും.

പെൺകുട്ടിയെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നതിനു വാതിൽ തുറന്നു നൽകേണ്ടത് പാചകക്കാരനാണ്. സഹായികൾ മൂന്നു പേരും ഭക്ഷണം വിളമ്പും. മേശയും കസേരകളുമെല്ലാം വൃത്തിയാക്കി വയ്ക്കേണ്ടതും ഇവർ തന്നെ. എല്ലാ പരിചാരകർക്കും നൽകുന്ന ശമ്പളവും ചെറുതൊന്നുമല്ല. 30,000 പൗണ്ടാണ് ഒരാളുടെ വാർഷിക ശമ്പളം. അതായത് ഏകദേശം 28 ലക്ഷം ഇന്ത്യൻ രൂപ!