പൗരന്മാരെ തൊട്ടാൽ വിവരമറിയും: രാജ്യാന്തര കോടതിക്ക് യുഎസിന്റെ ‘മരണ’ ഭീഷണി

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം കേൾക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ (ഫയൽ ചിത്രം)

വാഷിങ്ടൻ∙ രാജ്യാന്തര ക്രിമിനൽ കോടതിക്കെതിരെ(ഐസിസി) ഭീഷണി മുഴക്കി യുഎസ്. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന അമേരിക്കൻ സൈനികർക്കെതിരെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ നടപടിയെടുത്താൽ തിരിച്ചടി നേരിടേണ്ടി വരുമെന്നാണു ഭീഷണി. ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോടതിയിലെ ജഡ്ജുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യുമെന്നും ഉപരോധം ഏർപ്പെടുത്തുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പറഞ്ഞു. യുഎസിനു ‘ഗുണമില്ലാത്ത’ എല്ലാ രാജ്യാന്തര സംഘടനകളെയും തള്ളിപ്പറയുകയും അവയ്ക്കുള്ള സഹായങ്ങൾ റദ്ദാക്കുകയും ചെയ്യുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാവുകയാണ് ഐസിസിക്കെതിരെയുള്ള പ്രസ്താവന. 

അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികരും ഇന്റലിജൻസും നടത്തിയ യുദ്ധ കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനുള്ള അപേക്ഷ കഴിഞ്ഞ വർഷം നവംബറിൽ ഐസിസി യുഎസിനു നൽകിയിരുന്നു. അഫ്ഗാനിസ്ഥാനിൽ യുദ്ധത്തടവുകാരായി പിടികൂടിയവർക്കുനേരെ യുഎസ് നടത്തിയ അക്രമങ്ങളുടെ പേരിലായിരുന്നു വിചാരണയ്ക്കു നീക്കം. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ബോൾട്ടന്റെ പ്രതികരണം. 

‘നിയമവിരുദ്ധമായി’ പ്രവർത്തിക്കുന്ന കോടതിയുടെ നടപടികളിൽനിന്നു തങ്ങളുടെ പൗരന്മാരെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നു ബോൾട്ടൻ പറഞ്ഞു. ഐസിസിയുമായി സഹകരിക്കില്ല. അതിനു പിന്തുണയും നൽകില്ല. അതിന്റെ ഭാഗമാകാനുമില്ല. ഐസിസി തനിയെ ‘മരണത്തിലേക്കു’ വീണു പോകുന്നതും തങ്ങൾ കാണുമെന്നും ബോൾട്ടൻ പറഞ്ഞു. 

ഐസിസി നടപടിക്കു വിശദീകരണം പോലും നൽകേണ്ട ആവശ്യമില്ല. യുഎസിനും ഇസ്രയേലിനും മറ്റു സഖ്യകക്ഷികൾക്കും ഏറെ അപകടകരമാണു കോടതിയുടെ നടപടികൾ. യുഎസ് സൈനികർക്കു നേരെയുള്ള അന്വേഷണം തികച്ചും അടിസ്ഥാനഹരിതവും ന്യായീകരിക്കാനാകാത്തതുമാണ്. യുഎസിനും ഇസ്രയേലിനും യുഎസിന്റെ മറ്റു സഖ്യകക്ഷികൾക്കും പിന്നാലെ കോടതി വന്നാൽ തങ്ങൾ വെറുതെയിരിക്കില്ലെന്നും ബോൾട്ടൻ ഭീഷണി മുഴക്കി.

അഫ്ഗാനിസ്ഥാനോ ഐസിസിയുടെ അധികാരപരിധിയിൽ വകുന്ന രാജ്യങ്ങളോ ഇതുവരെ യുഎസിനെതിരെ അന്വേഷണത്തിനു നിര്‍ദേശിച്ചിട്ടില്ല. ഏതെങ്കിലും അമേരിക്കക്കാരനു നേരെ നിയമനടപടിയുമായി ഐസിസി നീങ്ങിയാൽ അവിടത്തെ ഉദ്യോഗസ്ഥർക്കെതിരെ സാമ്പത്തിക ഉപരോധവും ക്രിമിനൽ നടപടികളുമായി യുഎസും മുന്നോട്ടു പോകും. യുഎസിലേക്കു പ്രവേശിക്കുന്നതിനു ജഡ്ജുമാരെയും പ്രോസിക്യൂട്ടർമാരെയും വിലക്കും. യുഎസിനെതിരെ കോടതി നടപടികളുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കും കമ്പനികൾക്കും നേരെയും സമാന നടപടികളുണ്ടാകും. 

2002ൽ ആരംഭിച്ചതിനുശേഷം ലോകത്തിലെ പ്രധാന രാജ്യങ്ങളൊന്നും കോടതിയുമായി ചേർന്നിട്ടില്ല. 150 കോടിയിലേറെ ഡോളർ ചെലവാക്കിയിട്ടും കോടതിയിൽനിന്ന് ഇതുവരെ ഉണ്ടായത് എട്ടു വിധികൾ മാത്രമാണ്. അതിന്റെ പേരിൽ ലോകത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുമില്ല. യുഎസ് ഭരണഘടനയ്ക്കു മുകളിൽ നിൽക്കുന്ന ഒരു സ്ഥാപനത്തെയും രാജ്യം അംഗീകരിക്കില്ലെന്നും ബോൾട്ടൻ പറഞ്ഞു.