Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാമ്പു മനോജ്, കാട്ടുണ്ണി, ചുരുളഴിയുന്നത് ലഹരിപ്പുകയുയരും കൊലപാതകങ്ങൾ

രഞ്ജിത്ത് ജോൺസന്റെ മൃതദേഹം കണ്ടെത്താൻ പിടിയിലായ പ്രതി കൈതപ്പുഴ ഉണ്ണിയുമായി പൊലീസ് സംഘം നാഗർകോവിൽ സമുന്ദാപുരം പൊന്നക്കുടിയിലെത്തിയപ്പോൾ. രഞ്ജിത്ത് ജോൺസന്റെ മൃതദേഹം കണ്ടെത്താൻ പിടിയിലായ പ്രതി കൈതപ്പുഴ ഉണ്ണിയുമായി പൊലീസ് സംഘം നാഗർകോവിൽ സമുന്ദാപുരം പൊന്നക്കുടിയിലെത്തിയപ്പോൾ.

ദുരൂഹ സാഹചര്യത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കൊലപാതക കേസുകളുടെ അന്വേഷണങ്ങൾ ചെന്നെത്തുന്നത് ഏറെയും ലഹരി മാഫിയ ബന്ധങ്ങളിലേക്ക്. യുവാക്കൾ തമ്മിലുള്ള അക്രമങ്ങൾ, സ്ത്രീകളെ ആക്രമിക്കൽ, വിദ്യാർഥി സംഘട്ടനങ്ങൾ, ബൈക്ക് കത്തിക്കൽ, മാലപൊട്ടിക്കൽ തുടങ്ങി അടുത്ത കാലത്ത് റജിസ്റ്റർ ചെയ്ത മിക്ക കേസുകളിലെയും പ്രതികൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് പൊലീസും എക്സൈസും പറയുന്നു. ഏറ്റവുമൊടുവിൽ കൊല്ലത്ത് രഞ്ജിത്ത് ജോൺസൺ എന്ന യുവാവിന്റെ കൊലപാതകത്തിലും പ്രതികളുടെ ലഹരി മാഫിയാ ബന്ധം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സൗമ്യരെന്നു തോന്നും, പക്ഷേ..

പല കേസുകളിലും പിടിക്കപ്പെടുമ്പോൾ പ്രതികളുടെ പെരുമാറ്റം സൗമ്യവും വിനയപൂർവവുമായിരിക്കും. ഇവരാണോ ഇത്തരം കൃത്യങ്ങൾ ചെയ്തതെന്നു സംശയം തോന്നുന്ന തരത്തിലുള്ള പെരുമാറ്റം പൊലീസിനെ പോലും അമ്പരപ്പിക്കും. എന്നാൽ കൊടുംക്രിമിനലുകൾ ഇത്തരത്തിൽ അഭിനയിക്കാൻ വിദഗ്ധരാണെന്നാണു പൊലീസ് പറയുന്നത്. ജയിൽ ശിക്ഷയ്ക്കിടെ മറ്റു പ്രതികളുമായി പരിചയപ്പെടുന്ന ഇവർ പുറത്തിറങ്ങിയാൽ വീണ്ടും അക്രമകാരികളാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലഹരി വിൽപനയിലൂടെയാണു ഇത്തരം സംഘങ്ങൾ തഴച്ചു വളരുന്നത്. ഇതിന്റെ പേരിൽ ചേരിതിരിഞ്ഞുള്ള അക്രമവും പതിവ്.  

ജയിലിൽ പരിചയം, പുറത്ത് അക്രമം

കൊല്ലത്ത് യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ലഹരിസംഘത്തിലും ഒട്ടേറെ ക്രിമിനൽ കേസുകളിലും പെട്ടവരാണെന്ന് പൊലീസ് പറയുന്നു. പിടിയിലായ കൈതപ്പുഴ സ്വദേശി ഉണ്ണി എന്ന ബൈജുവും പിടിയിലാകാനുള്ള ഒന്നാം പ്രതി പാമ്പ് മനോജും നെടുങ്ങോലം സ്വദേശി കാട്ടുണ്ണി എന്നു വി‌ളിക്കുന്ന ഉണ്ണിയും പലകേസുകളിൽ ജയിലിൽ കഴിഞ്ഞപ്പോഴാണ് പരിചയപ്പെടുന്നത്. ആക്രമണം, മോഷണം, വധശ്രമം, കഞ്ചാവു കച്ചവടം തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതികളായ ഇവർ ലഹരി വിൽപന നടത്തിയാണ് പണം കണ്ടെത്തുന്നതെന്നും പൊലീസ് പറയുന്നു. ക്വട്ടേഷൻ സംഘങ്ങളായും പ്രവർത്തിക്കുന്ന ഇവർ അക്രമങ്ങൾക്ക് ശേഷം പരവൂർ കായലിലെ കണ്ടൽക്കാടുകളിലാണ് ഒളിക്കുക.

സംരക്ഷണം ഒരുക്കുന്നതും മാഫിയ

വിവിധ സ്ഥലങ്ങളിലെ ഗുണ്ടകളുമായും ലഹരി മാഫിയയുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന സംഘം മുൻപ് പലപ്പോഴും അക്രമം നടത്തിയ ശേഷം ഇതര സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. അന്നെല്ലാം സംരക്ഷണമൊരുക്കിയത് ലഹരി മരുന്ന് – ഗുണ്ടാ മാഫിയയാണെന്നും പൊലീസിനു വിവരം ലഭിച്ചു. 

24 വാരിയെല്ലും ചവിട്ടിയൊടിച്ചു; മുൻപും ഇതേ ശൈലി

ലഹരി തലയ്ക്കു പിടിച്ച ഗുണ്ടാസംഘം വിളയാടുമ്പോൾ സമാനതകളില്ലാത്ത ആക്രമണ ശൈലികളാണ് ഇരയ്ക്കുമേൽ പ്രയോഗിക്കുന്നത്. രഞ്ജിത്തിന്റെ 24 വാരിയെല്ലുകൾ ചവിട്ടിയൊടിച്ച  നിലയിലായിരുന്നു. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളച്ചുകയറിയായിരുന്നു മരണം. കാറിൽ നിന്നു പുറത്തിറക്കാതെ സീറ്റിലിരുത്തിയാണ് വാരിയെല്ലിനു ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തിയതെന്ന് പിടിയിലായവർ സമ്മതിച്ചിട്ടുണ്ട്. കൊലപാതക ശ്രമവും കൊള്ളയും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഉണ്ണിയുടെ പക്കൽ കത്തിയുണ്ടായിരുന്നെങ്കിലും കുത്തിയില്ല. പകരം കത്തി തിരിച്ചു പിടിച്ച് ഇടിച്ചു. ഗുണ്ടാ സംഘാംഗമായിരുന്ന ഹാപ്പി രാജേഷിനെ ഏഴു വർഷം മുൻപ് ഗുണ്ടാസംഘം കൊലപ്പെടുത്തിയതും തൊഴിച്ചു വാരിയെല്ല് തകർത്താണ്.

പാമ്പ് മനോജ് – ഗുണ്ടാപ്പിരിവിൽനിന്ന് ലഹരിമരുന്നിലേക്ക്

വർഷങ്ങൾക്കുമുൻപു പാമ്പാട്ടിയിൽനിന്നു പാമ്പിനെ തട്ടിയെടുക്കുകയും പിന്നീടു പൊതുസ്ഥലത്തു തുറന്നുവിട്ടു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെത്തുടർന്നാണ് ഇയാൾക്കു ‘പാമ്പ് മനോജ്’ എന്നു പേരു വീണത്. ആദ്യകാലത്തു സ്വകാര്യ ബസുകളിൽനിന്നു ഗുണ്ടാപ്പിരിവു നടത്തുമായിരുന്നു. പിന്നീടു ലഹരി ഉപയോഗത്തിലേക്കും ലഹരി വിൽപനയിലേക്കും തിരിഞ്ഞു. ഇതിൽനിന്നു ലഭിച്ച പണം ഉപയോഗിച്ച് ഇടുക്കിയിൽ കുരുമുളകുതോട്ടം വാങ്ങിയതായും സൂചനയുണ്ട്. ലഹരി വിൽ‌പന സംബന്ധിച്ച് അന്വേഷണത്തിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.

ചെറിയ പ്രകോപനങ്ങൾക്കു പോലും ആക്രമണം

ലഹരി തലയ്ക്കു പിടിയ്ക്കുന്നതോടെ ചെറിയ പ്രകോപനങ്ങൾക്കു പോലും മാരകമായി ആക്രമിക്കുന്നതാണ് ഇക്കൂട്ടരുടെ രീതി. ര‍ഞ്ജിത്ത് കേസിലെ പ്രതിയായ ഉണ്ണി (കാട്ടുണ്ണി) എപ്പോഴും കത്തിയുമായാണു നടക്കുന്നത്. വാക്കുതർക്കമുണ്ടായാൽ കുത്തിപ്പരുക്കേൽപ്പിക്കുകയാണു പതിവ്. എതിരെ വന്ന വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്തില്ലെന്നു പറഞ്ഞുപോലും കുത്തിയ സംഭവമുണ്ടെന്നു പൊലീസ് പറയുന്നു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.