നവകേരള സൃഷ്ടി: കെപിഎംജി റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകാൻ സർക്കാർ നിർദേശം

തിരുവനന്തപുരം∙ നവകേരള സൃഷ്ടിക്കായി കേരളത്തിനു മുന്നിലുള്ള സാധ്യതകൾ സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഇൗയാഴ്ച തന്നെ സമർപ്പിക്കാൻ കെപിഎംജിക്കു സർക്കാർ നിർദേശം നൽകി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരും കെപിഎംജി പ്രതിനിധികളും നടത്തിയ ചർച്ചയിലാണു കർമപദ്ധതി റിപ്പോർട്ട് അതിവേഗം തയാറാക്കാൻ ധാരണയായത്. മൂന്നു മുതൽ അഞ്ചു ദിവസം വരെ റിപ്പോർട്ട് തയാറാക്കുന്നതിനായി നൽകി. സർക്കാർ വകുപ്പുകൾ ക്രോഡീകരിച്ച നഷ്ടക്കണക്കും കെപിഎംജിയെ അറിയിച്ചിട്ടുണ്ട്. 

നവകേരള സൃഷ്ടിയുടെ ഭാഗമായി നടപ്പാക്കാവുന്ന പദ്ധതികൾ ഏതൊക്കെ, അടിയന്തര ശ്രദ്ധ ഏതൊക്കെ മേഖലകളിൽ വേണം, എവിടെനിന്നൊക്കെ ധനസഹായം കണ്ടെത്താം, വായ്പകളായും പദ്ധതികളായും സഹായം എത്തിക്കുന്ന രാജ്യത്തിനകത്തെയും പുറത്തെയും ഏജൻസികൾ ഏതൊക്കെ, അവരുടെ മാനദണ്ഡങ്ങൾ എന്തെല്ലാം, പദ്ധതികൾ നടപ്പാക്കുമ്പോൾ നേരിടാവുന്ന ബുദ്ധിമുട്ടുകൾ, അവ എങ്ങനെ തരണം ചെയ്യാം തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങൾ കെപിഎംജി നൽകണം. 

നടപ്പാക്കാവുന്ന ജല മാനേജ്മെന്റ് പദ്ധതികളെക്കുറിച്ചും അവലംബിക്കാവുന്ന നൂതന കെട്ടിട നിർമാണ രീതികളെക്കുറിച്ചും കെപിഎംജി നിർദേശം നൽകും. ഏതൊക്കെ അംഗീകരിക്കണമെന്നു സർക്കാർ തീരുമാനിക്കും. 

അതേസമയം പ്രളയം സംസ്ഥാനത്തുണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിച്ചു ലോകബാങ്ക്, എഡിബി സംയുക്ത സംഘം ഇന്നു പഠനം ആരംഭിക്കും. പ്രളയബാധിത മേഖലകൾ സംഘം സന്ദർശിക്കും. 22 വരെയാണു പഠനം. ഇതിനുശേഷമാകും പദ്ധതികൾ മുഖേന ധനസഹായം നൽകുന്ന കാര്യത്തിൽ തീരുമാനമാകുക. 5000 കോടിയിലേറെ രൂപയുടെ സഹായം ലോകബാങ്കിൽനിന്നു ലഭിക്കുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.