കന്യാസ്ത്രീക്കൊപ്പം ഉറച്ചുനിൽക്കും; ആരോപണങ്ങൾക്കു പിന്നിൽ ബിഷപ്: കന്യാസ്ത്രീകൾ

മാധ്യമങ്ങളോടു സംസാരിക്കുന്ന കന്യാസ്ത്രീകൾ

കുറവിലങ്ങാട്∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുവരെ പോരാടുമെന്നു സമരം ചെയ്യുന്ന കന്യാസ്ത്രീകൾ വ്യക്തമാക്കി. ആരുടെയും പ്രേരണയിലല്ല സമരം. സഹോദരിക്കു നീതി കിട്ടണം. മിഷനറീസ് ഓഫ് ജീസസിന്റെ എതിർപ്പിനുപിന്നിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെയാണ്. അനുസരണം എന്നുപറഞ്ഞ് അടിച്ചമർത്താൻ ശ്രമിക്കുകയാണ്. പരാതി സത്യമാണ്. അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും കന്യാസ്ത്രീകൾ പറഞ്ഞു.

മാത്രമല്ല, തങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ പരാതി നൽകും. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച മൊഴി നൽകുമെന്നും അവർ വ്യക്തമാക്കി.

ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകൾ നടത്തുന്ന സമരം അപലപനീയമാണെന്നാണ് മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹം പറഞ്ഞിരുന്നത്. ബാഹ്യശക്തികളുടെ ഗൂഢാലോചനയാണു സമരം. ഇതിൽ അന്വേഷണം വേണം. കന്യാസ്ത്രീയും അവരുടെ കൂടെ സമരം ചെയ്യുന്നവരും ഉന്നയിക്കുന്ന കപട ആരോപണങ്ങൾക്ക് കൂട്ടുനിന്നു നിരപരാധിയെ ക്രൂശിക്കുന്നതു തങ്ങളുടെ മനഃസാക്ഷിക്കു ചേർന്നതല്ല. ബിഷിപ്പ് പീഡിപ്പിച്ചെന്ന പരാതി വസ്തുതാ വിരുദ്ധമാണ്. അതിനുശേഷവും കുടുംബത്തിലെ പരിപാടികൾക്ക് അവർ ബിഷപ്പിനെ കൊണ്ടുപോയിട്ടുണ്ടെന്നും അവർ ആരോപിക്കുന്നു. 2016 വരെ ബിഷപ്പിന്റെ കേരളത്തിലെ പരിപാടികൾ ഏകോപിപ്പിച്ചതും ഇവരായിരുന്നു. മാനഭംഗത്തിനിരയായ വ്യക്തിക്ക് ഒരിക്കലും ചെയ്യാനാകാത്ത കാര്യമാണിതെന്നും മിഷനറീസ് ഓഫ് ജീസസ് ആരോപിച്ചു. 

അതേസമയം, മദർ ജനറലും സഭയുമാണു പരിപാടികൾ ആസൂത്രണം ചെയ്തതെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കി. കേരള ഇൻചാർജ് ആയിരുന്നതിനാൽ ഇവിടങ്ങളിൽ പരാതിക്കാരിയായ സിസ്റ്റർക്കു പോകേണ്ടിയിരുന്നു. മാറിനിൽക്കാനാകുമായിരുന്നില്ല. ബിഷപ്പിന്റെ കൂടെ ഒറ്റയ്ക്ക് അല്ലായിരുന്നു ഇവർ പോയിരുന്നത്. ആരെങ്കിലും എപ്പോഴും കൂടെയുണ്ടാകുമായിരുന്നുവെന്നും ആരോപണങ്ങൾക്കു മറുപടിയായി കന്യാസ്ത്രീകൾ പറഞ്ഞു.