Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീതി ലഭിക്കുന്നില്ല, സഭയ്ക്ക് സ്ത്രീകളോട് ചിറ്റമ്മ നയം: കന്യാസ്ത്രീ വത്തിക്കാനയച്ച കത്ത് പുറത്ത്

bishop-franco-mulakkal ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

കോട്ടയം∙ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അയച്ച കത്ത് പുറത്തുവന്നു. വിഷയത്തിൽ വത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്നു കത്തിൽ ആവശ്യപ്പെടുന്നു. ബിഷപ്പ് പണമുപയോഗിച്ച് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. കന്യാസ്ത്രീകള്‍ക്ക് സഭയില്‍ നിന്ന് നീതി ലഭിക്കുന്നില്ല. കേരളത്തിലെ സഭാഅധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

കന്യാസ്ത്രീ വൈദികന് അയച്ച കത്ത്

രണ്ട് ദിവസം മുന്‍പാണ് കന്യാസ്ത്രീ വത്തിക്കാന് ഈ കത്ത് അയച്ചത്. വത്തിക്കാന്‍ സ്ഥാനപതിക്ക് ഇത് രണ്ടാം തവണയാണ് കത്തയക്കുന്നത്. അ‍ഞ്ചു മാസമായിട്ടും നടപടിയില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനെ സമീപിക്കുന്നത് എന്നും വിശദീകരിക്കുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതി നല്‍കിയ കാര്യവും കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.

ഇരകളായ കന്യാസ്ത്രീകളെ സ്ഥലംമാറ്റി പ്രതികാരം ചെയ്യുകയാണു ഫ്രാങ്കോയുടെ പതിവ്. 20 കന്യാസ്ത്രീകളെയാണ് ഇങ്ങനെ പ്രതികാരദാഹത്തോടെ സ്ഥലം മാറ്റിയത്. കഴുകന്‍റെ കണ്ണുകളോടെയാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. സ്ത്രീകളോട് ചിറ്റമ്മ നയമാണ് സഭയ്ക്കുള്ളത്. അധികാരമുള്ളവർക്കൊപ്പമാണ് സഭാനേതൃത്വം. ജലന്തർ ബിഷപ്പ് സഭാസ്വത്തുക്കൾ ദുരുപയോഗിച്ച് കേസ് അട്ടിമറിക്കുകയാണ്. ബിഷപ്പിനെ നീക്കാൻ വത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം, കന്യാസ്ത്രീയുടെ ലൈംഗികപീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുംവരെ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ആരുടെയും പ്രേരണകൊണ്ടല്ല സമരം ചെയ്യുന്നത്. സഹോദരിക്ക് നീതിക്കുവേണ്ടിയാണ്. മിഷനറീസ് ഓഫ് ജീസസ് സന്യാസസഭ തളളിപ്പറഞ്ഞതിന് പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലാണ്. പരാതിക്കാരിയെ അധിക്ഷേപിച്ച പി.സി.ജോര്‍ജിനെതിരെ പരാതിയുണ്ട്. അടുത്തദിവസം തന്നെ കന്യാസ്ത്രീ അന്വേഷണസംഘത്തിന് മൊഴിനല്‍കുമെന്നും ഒപ്പമുളള കന്യാസ്ത്രീകള്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.