പണമില്ലെന്ന് എഴുതി നൽകിയാൽ യാത്രാബത്ത നൽകാം: പി.സി.ജോർജിന് രേഖാ ശർമയുടെ മറുപടി

പി.സി.ജോര്‍ജ്, രേഖ ശര്‍മ

ന്യൂഡൽഹി∙ പി.സി. ജോർജ് എംഎൽഎയ്ക്കു ഡൽഹിക്കു വരാൻ പണമില്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ നൽകുമെന്ന് അധ്യക്ഷ രേഖ ശർമ. യാത്രാച്ചെലവിനായി പണമില്ലെന്ന് എഴുതി നൽകിയാൽ യാത്രാ ബത്ത നൽകാം. ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോർജിൽനിന്നു കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖ ശർമ പറഞ്ഞു. പി.കെ. ശശി വിഷയത്തിൽ പെ‍ണ്‍കുട്ടി സമീപിച്ചാൽ നിയമ സഹായം അടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുമെന്നും അവർ വ്യക്തമാക്കി.

ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയിൽ സംസ്ഥാന സർക്കാരിനെയും രേഖ ശർമ രൂക്ഷമായി വിമർശിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയേയും ഒപ്പമുള്ള അഞ്ചു കന്യാസ്ത്രീകളെയും നേരിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കിയതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തും നൽകിയിരുന്നു. മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു അതൃപ്തി അറിയിക്കും. ഈ പരാതി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് എന്തോ കുഴപ്പമുണ്ട്. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണു സർക്കാരെന്നും രേഖ ശർമ ആരോപിച്ചു.

ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണമെന്നും അല്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നും പി.സി. ജോർജ് നേരത്തെ പറഞ്ഞിരുന്നു. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോയെന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീകളെ അപമാനിച്ച പി.സി. ജോർജ് എംഎൽഎയോടു നേരിട്ടു ഹാജരാകാൻ നിർദേശിച്ച് ദേശീയ വനിതാ കമ്മിഷൻ അയച്ച സമൻസിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ജോർജ്.