വീണ്ടുമൊരു കൂടിക്കാഴ്ച വേണം: ട്രംപിന് കിമ്മിന്‍റെ കത്ത്

വാഷിങ്ടൻ∙ വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക് അവസരംതേടി യുഎസ് പ്രസിഡന്‍റ് ഡോണൾ‌ഡ് ട്രംപിന് ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നിന്റെ കത്ത്. സൗഹാർദം നിറച്ച് കിമ്മിന്റെ കത്തു ലഭിച്ചതായും കൂടിക്കാഴ്ച നിശ്ചയിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും വൈറ്റ്ഹൗസ് വക്താവ് സാറ സാൻഡേഴ്സും അറിയിച്ചു.

സമ്പൂർണ ആണവനിരായുധീകരണം ലക്ഷ്യമാക്കി ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുരോഗമിച്ചു വരികയാണ്. ജൂണിൽ ട്രംപും കിമ്മും തമ്മിൽ സിംഗപ്പൂരിൽ നടന്ന ചർച്ചയിൽ ആണവനിരായുധീകരണം സംബന്ധിച്ചു ധാരണയായതായി പ്രഖ്യാപനം വന്നെങ്കിലും വ്യക്തത ഇല്ലെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ആണവനിരായുധീകരണത്തിനുള്ള സന്നദ്ധത ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണു കിമ്മിന്‍റെ കത്തെന്നും ഉത്തര കൊറിയയിൽ ഞായറാഴ്ച നടന്ന സൈനിക പരേഡിൽ ദീർഘദൂര മിസൈലുകളുടെ പ്രദർശനം ഉണ്ടായില്ലെന്നതു ശുഭകരമായ കാര്യമാണെന്നും സാൻഡേഴ്സ് അഭിപ്രായപ്പെട്ടു.

ഇതിനിടെ, ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജേ ഇന്നും കിം ജോങ് ഉന്നും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ച അടുത്തയാഴ്ച നടക്കും. ഇരുകൊറിയകളും തമ്മിൽ നടക്കുന്ന ചർച്ച ആണവനിരായുധീകരണം ലക്ഷ്യമാക്കിയുള്ള നീക്കങ്ങള്‍ക്കു വീണ്ടും ഊർ‌ജം പകരുമെന്നാണു ദക്ഷിണ കൊറിയ കരുതുന്നത്. ഘട്ടം ഘട്ടമായുള്ള ആണവനിരായുധീകരണം സംബന്ധിച്ച ചില നിർദേശങ്ങൾ മൂൺ കിമ്മിനു കൈമാറും. കൊറിയൻ യുദ്ധവിരാമ ഉടമ്പടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യുഎസിന്‍റെ ഉറപ്പും മൂൺ അറിയിക്കും. ആണവനിരായുധീകരണം സംബന്ധിച്ച ചർച്ചകളിൽ ഇടനിലക്കാരായി ദക്ഷിണ കൊറിയ പ്രവർത്തിക്കുമെന്നു ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ന്യൂയോർക്കിൽ ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്ര സംഘടന ജനറൽ അസംബ്ലി യോഗത്തിനിടെ ട്രംപിനെ കാണുന്ന മൂൺ, കിമ്മുമായുള്ള ചർച്ചകളുടെ പുരോഗതി ധരിപ്പിക്കും.