ശബരിമല നട 16ന് തുറക്കും: ചെയിന്‍സര്‍വീസിനായി 60 കെഎസ്ആര്‍ടിസി ബസുകള്‍

പത്തനംതിട്ട∙ കന്നിമാസപൂജയ്ക്കായി ശബരിമല നട 16ന് തുറക്കുന്നതിനു മുന്നോടിയായി പമ്പയിലും നിലയ്ക്കലും ആവശ്യമായ എല്ലാ താൽക്കാലിക സംവിധാനങ്ങളും പൂര്‍ത്തിയാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. പ്രളയത്തില്‍ വൈദ്യുതിവിതരണം തടസ്സപ്പെട്ട പമ്പയില്‍ താൽക്കാലികമായി വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ആരംഭിക്കാന്‍ കഴിയും. ഇതോടെ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള കിയോസ്‌കുകളില്‍ കുടിവെള്ളം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. 

കന്നിമാസ പൂജയ്ക്ക് ചെയിന്‍സര്‍വീസിനായി കെഎസ്ആര്‍ടിസി 60 ബസുകള്‍ എത്തിക്കും. ഇവ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ 15 മുതല്‍ 20 മിനിറ്റ് വരെ ഇടവിട്ട് സര്‍വീസ് നടത്തും. ചെയിന്‍ സര്‍വീസുകള്‍ക്കു പുറമേ മറ്റ് ഡിപ്പോകളില്‍ നിന്നുമെത്തുന്ന കെഎസ്ആര്‍ടിസി ബസുകളും ഉണ്ടാകും. പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ താറുമാറാകുകയും നദി ഗതിമാറി ഒഴുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദേവസ്വംബോര്‍ഡ് അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കുള്ള നിര്‍ദേശങ്ങള്‍ വിവിധ ഭാഷകളില്‍ പമ്പയില്‍ അനൗണ്‍സ് ചെയ്യും. കന്നിമാസ പൂജകള്‍ക്ക് ഏര്‍പ്പെടുത്തേണ്ട താൽക്കാലിക സംവിധാനങ്ങളും ശബരിമല സീസണില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളും ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പ്രളയത്തില്‍ തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപത്തിന്റെ ഭാഗം മണലിട്ടു നിരത്തി വിരി സംവിധാനം ഒരുക്കുന്നതിനാണു ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്ന് ശബരിമല അവലോകന യോഗത്തില്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ അറിയിച്ചു. സന്നിധാനത്ത് ഞുണങ്ങാറിന് കുറുകെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള പാലം അപകടാവസ്ഥയിലായതിനാല്‍ ഇതിന്റെ അറ്റകുറ്റപ്പണികള്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്തു പൂര്‍ത്തിയാക്കും. പ്രളയത്തില്‍ പമ്പാ മണല്‍പ്പുറത്തും ത്രിവേണിയിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ പമ്പയില്‍ തീര്‍ഥാടകര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ കഴിയില്ല. നിലയ്ക്കലിനെ ബേസ് ക്യാംപാക്കി നിലനിര്‍ത്തിക്കൊണ്ടുള്ള തീര്‍ഥാടനമായിരിക്കും ഇക്കുറി ഉണ്ടാകുക.