Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷക്കണക്കിനു കുട്ടികൾക്കു ഭക്ഷണമില്ല; ലോകത്തെ ഞെട്ടിച്ച് പട്ടിണി കുതിച്ചു കയറുന്നു

WORLD-HUNGER നൈജീരിയയിലെ ക്യാംപുകളിലൊന്നിൽ നിന്നുള്ള കാഴ്ച (ഫയൽ ചിത്രം)

ജനീവ∙ നടപടികളൊന്നും ഫലം കാണുന്നില്ല. 2017ൽ, തുടർച്ചയായ 
മൂന്നാം വർഷവും ലോകത്തിലെ പട്ടിണിനിരക്ക് കുതിപ്പു തുടരുന്നു. രാജ്യാന്തര തലത്തിലെ കലാപങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് പട്ടിണിയുടെ കുതിപ്പു കൂട്ടുന്നതെന്നും ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ടിൽ പറയുന്നു. 2030ഓടെ ലോകത്തു നിന്നു പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണു പുതിയ റിപ്പോർട്ട്.

ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ഏതാണ്ടെല്ലാ പ്രദേശങ്ങളിലും പട്ടിണിനിരക്ക് വർധിക്കുകയാണ്. ആകെയുള്ള 82.1 കോടി ജനങ്ങളിൽ ഒൻപതു പേരിൽ ഒരാളെന്ന കണക്കിൽ 2017ൽ പട്ടിണിയിലായിരുന്നെന്നാണ് സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷ്യൻ ഇൻ ദ് വേൾഡ് 2018 റിപ്പോർട്ട്. അതേസമയം ലോകത്താകെ 67.2 കോടി മുതിർന്നവർ പൊണ്ണത്തടിയന്മാരാണെന്നും റിപ്പോർട്ടിലുണ്ട്. അതായത് എട്ടു പേരെയെടുത്താൽ അതിൽ ഒന്നിൽക്കൂടുതൽ പേർക്കു പൊണ്ണത്തടിയുണ്ട്. 2014ൽ ഇത് 60 കോടിയായിരുന്നു.

പട്ടിണി കുറയ്ക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയില്ലെങ്കില്‍ 2030ൽ ലക്ഷ്യം കാണുകയെന്നതിനെപ്പറ്റി പ്രതീക്ഷ പോലും വേണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2015ലാണ് യുഎൻ അംഗരാജ്യങ്ങൾ ഇതുസംബന്ധിച്ച ലക്ഷ്യങ്ങൾ തയാറാക്കിയത്. ഒരു ദശാബ്ദക്കാലത്തോളം പട്ടിണിനിരക്ക് കുറഞ്ഞു വന്നിരുന്നെങ്കിലും തുടർച്ചയായ മൂന്നാം വർഷമാണ് ഇപ്പോൾ നിരക്ക് വർധിച്ചിരിക്കുന്നത്.

hunger

‘താപനിലയിൽ വൻതോതിലുണ്ടാകുന്ന വ്യതിയാനം, പേമാരി, , കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനത്തെയും ലഭ്യതയെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടി വേണ്ടതെന്ന കാര്യം എടുത്തുപറയുന്നതെന്നും റിപ്പോർട്ട് എഡിറ്റർ സിൻഡി ഹോൾമാൻ പറഞ്ഞു. നിലവിലെ അവസ്ഥയിൽ മുന്നോട്ടു പോയാൽ കൂടുതൽ ദുരന്തങ്ങളായിരിക്കും കാത്തിരിക്കുന്നതെന്നും സിൻഡി പറഞ്ഞു.

2017ൽ 51 രാജ്യങ്ങളിലെ 12.4 കോടി ജനങ്ങൾ കലാപങ്ങളും പ്രകൃതി ദുരന്തങ്ങളും കാരണം  പട്ടിണിയിലായി. പല രാജ്യങ്ങളും ഇപ്പോഴും തുടരുന്ന കലാപങ്ങളുടെ പേരിൽ ബുദ്ധിമുട്ടുകയാണ്. കലാപം തുടരുന്ന യെമൻ, സൊമാലിയ, സൗത്ത് സുഡാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ കാലാവസ്ഥാ ദുരന്തങ്ങളും തിരിച്ചടിയുണ്ടാക്കി. വരൾച്ചയും വെള്ളപ്പൊക്കവും പോലുള്ള പ്രശ്നങ്ങൾ ഈ രാജ്യങ്ങളിൽ ഒന്നോ രണ്ടോ തവണയാണുണ്ടായത്. 

യുദ്ധമേഖലകളിലെ ആറു ലക്ഷത്തോളം കുട്ടികൾ കഴിക്കാൻ യാതൊന്നും ലഭിക്കാതെ കൊടുംപട്ടിണി കാരണം ഈ വർഷം അവസാനത്തോടെ മരിച്ചു വീഴുമെന്ന ‘സേവ് ദ് ചിൽഡ്രൻ’ സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. ഇവിടേക്കു സഹായം എത്താത്തതും യുദ്ധത്തിനു കാരണക്കാരായവർ ഇവിടേക്ക് ഭക്ഷ്യവസ്തുക്കളെത്താതെ തടയുന്നതുമാണു കാരണം.

തെക്കേ അമേരിക്കയിൽ എന്നാൽ സ്ഥിതി വ്യത്യസ്തമാണ്. ക്രൂഡ് ഓയിൽ പോലെ, പ്രദേശത്തു നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളിൽ ഇടിവു സംഭവിച്ചതാണു പട്ടിണിയിലേക്കു നയിച്ചത്. ഭക്ഷണമില്ലാത്തതിനെത്തുടർന്ന് വെനസ്വേലയിൽ നിന്നു മാത്രം 23 ലക്ഷം ജനങ്ങളാണ് ജൂൺ മുതൽ പലായനം ചെയ്തത്.

പോഷകമൂല്യമുള്ള ഭക്ഷണം ലഭിക്കാത്തതും പൊണ്ണത്തടിയിലേക്കു നയിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ചെലവു കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വാങ്ങുകയാണു പതിവ്. കൊഴുപ്പും പഞ്ചസാരയും ഉപ്പുമെല്ലാം കൂടിയ ഇത്തരം ഭക്ഷ്യവസ്തുക്കളാണ് പൊണ്ണത്തടിക്കു കാരണമാകുന്നത്. ജനങ്ങളെ മാനസികമായും പട്ടിണി ബാധിക്കുമെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.