ആധാർ ചോർത്താം, നമ്പർ സൃഷ്ടിക്കാം - ഹഫിങ്ടൺ പോസ്റ്റ്; നിഷേധിച്ച് യുഐഡിഎഐ

ന്യൂഡൽഹി ∙ 2500 രൂപയുടെ സോഫ്റ്റ്‌വെയർ പാച്ച് ഉപയോഗിച്ച് ആധാർ വിവരങ്ങൾ ചോർത്താമെന്നും ലോകത്തെവിടെനിന്നും ആർക്കും പുതിയ ആധാർ നമ്പർ സൃഷ്ടിക്കാമെന്നും ‘ഹഫിങ്ടൺ പോസ്റ്റ്’ പോർട്ടൽ. അതേസമയം, ആധാർ സുരക്ഷയിൽ പഴുതുണ്ടെന്ന ആരോപണം സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) നിഷേധിച്ചു. 

ആധാർ നമ്പർ സൃഷ്ടിക്കാൻ ഒരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങൾ സാധുവാകണമെന്ന പ്രാഥമിക സുരക്ഷാവ്യവസ്ഥ തന്നെ സോഫ്റ്റ്‌വെയർ പാച്ച് വഴി മറികടക്കാമെന്നാണു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ പ്രവർത്തനരീതി മാറ്റാൻ സഹായിക്കുന്ന കോഡുകളുടെ ശൃംഖലയാണു ‘പാച്ച്’ എന്നറിയപ്പെടുന്നത്. ചെറിയ അപ്ഡേറ്റുകൾക്കാണു സാധാരണ ഉപയോഗിക്കുന്നതെങ്കിലും ദുരുപയോഗം ചെയ്യപ്പെടാറുമുണ്ട്. ഔദ്യോഗികമല്ലാത്ത ഇത്തരമൊരു പാച്ച് മൂന്നു വിദഗ്ധർക്കു കൈമാറി മൂന്നുമാസം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് ആശങ്കയുണർത്തുന്ന പിഴവു സ്ഥിരീകരിച്ചത്. 

ആധാർ നമ്പർ ചേർക്കുന്ന കേന്ദ്രം എവിടെയെന്നു കണ്ടെത്താൻ സോഫ്റ്റ്‌വെയറിലുള്ള ജിപിഎസ് സുരക്ഷാസംവിധാനം പ്രവർത്തനരഹിതമാക്കാനാകുമെന്നും ഇവർ കണ്ടെത്തി. ഇതോടെ ലോകത്തെവിടെയിരുന്നും പുതിയ നമ്പർ സൃഷ്ടിക്കാം. കൃഷ്ണമണി വഴിയുള്ള തിരിച്ചറിയലിന്റെ പ്രവർത്തനക്ഷമത കുറച്ച് ഉപയോക്താവിന്റെ ഫോട്ടോ ഉപയോഗിച്ചു പുതിയ എൻറോൾമെന്റും സാധ്യമാകും. 

നിലവിലുള്ള കോഡുകൾ പൂർണമായി മാറ്റിയാലല്ലാതെ പാച്ച് ഉയർത്തുന്ന ഭീഷണി മറികടക്കുക പ്രയാസമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആധാർ സോഫ്റ്റ്‌വെയറിന്റെ പഴയ പതിപ്പിൽ നിന്നുള്ള കോഡാണു പാച്ച് നിർമിക്കാൻ ഉപയോഗിച്ചത്. 

അതേസമയം ആധാറിനെക്കുറിച്ച് ജനത്തിൽ ആശങ്കയുയർത്താൻ ചില ബാഹ്യശക്തികൾ ശ്രമിക്കുന്നുണ്ടെന്നും നിലവിൽ പ്രചരിക്കുന്ന വാർത്തയും ഇത്തരത്തിലുളളതാണെന്നും സവിശേഷ തിരിച്ചറിയൽ അതോറിറ്റി(യുഐഡിഎഐ) വ്യക്തമാക്കി. സോഫ്റ്റ്‌വെയറിലെത്തുന്ന എല്ലാ വിവരങ്ങളും എൻക്രിപ്റ്റ് ചെയ്തശേഷമാണ് സുരക്ഷിത സംവിധാനത്തിലേക്കു മാറ്റുന്നതെന്നും യുഐഡിഎഐ വിശദീകരിച്ചു.