Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊഴികളിൽ വൈരുദ്ധ്യം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 19ന് ഹാജരാകണം

Bishop Franko Mulakkal

കൊച്ചി∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഈമാസം 19ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഐജി വിജയ് സാക്കറെ. ചോദ്യം ചെയ്യലിനുശേഷം മാത്രമേ അറസ്റ്റു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ. ചില കാര്യങ്ങളിലെ വൈരുധ്യങ്ങൾ പരിശോധിച്ചു വരികയാണ്. അവ പരിഹരിക്കാതെയുള്ള അറസ്റ്റ് കുറ്റാരോപിതനു സഹായകമാകുമെന്നും ഐജി വ്യക്തമാക്കി. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവർ യോഗം ചേർന്നാണു തീരുമാനമെടുത്തത്.

ഹാജരാകണമെന്നു വ്യക്തമാക്കി ബിഷപ്പിനു പൊലീസ് നോട്ടിസ് അയച്ചു. ഇ–മെയിൽ വഴിയും ജലന്തർ പൊലീസ് മുഖേനയുമാണ് നോട്ടിസ് അയച്ചത്. സിആർപിസി 41എ വകുപ്പുപ്രകാരമാണു ബിഷപ്പിനു നോട്ടിസ് നൽകിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ. മൊഴികളിൽ വ്യക്തത വന്നശേഷം മാത്രമേ ശക്തമായ കുറ്റപത്രം നൽകാൻ കഴിയൂ. അന്വേഷണം നീണ്ടതു മൊഴിയിലെ വൈരുദ്ധ്യം പ്രതിക്ക് അനുകൂലമാകാതിരിക്കാനാണ്. പരാതിക്കാരിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.

ബിഷപ്പിന്റെയും കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതുവരെയുള്ള അന്വേഷണം യോഗം വിശകലനം ചെയ്തു. ബിഷപ്പിന്റെ മൊഴിയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ തെറ്റാണെന്നും അന്വേഷണ സംഘം കണ്ടെത്തി. കന്യാസ്ത്രീയെ പരിചയമില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാൽ ഇരുവരും ഒപ്പമുള്ള ചിത്രം കണ്ടെത്തിയതോടെ ഇതു തെറ്റാണെന്നു തെളിഞ്ഞിരുന്നു.

2014 – 16 കാലഘട്ടത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു. കന്യാസ്ത്രീ, ബിഷപ്പ്, കര്‍ദിനാള്‍ ഉള്‍പ്പെടെ ഒരു ഡസനിലേറെ പേരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ രഹസ്യമൊഴിക്കു പുറമെ നാടുക്കുന്ന് മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍, വൈദ്യ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെ ബിഷപ്പിനെ കുരുക്കിലാക്കുന്ന തെളിവുകളും കണ്ടെത്തി. കന്യാസ്ത്രീയെ അറിയില്ലെന്നും പീഡനം നടന്ന മഠത്തില്‍ താമസിച്ചിട്ടില്ലെന്ന ബിഷപ്പിന്‍റെ മൊഴി കുരുക്കു മുറുക്കി. അന്വേഷണ ചുമതല ക്രൈംബാഞ്ചിനു വിട്ട് അന്വേഷണം അട്ടിമറിച്ച് ബിഷപ്പിനെ രക്ഷിക്കാനും ശ്രമം നടന്നു.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അഞ്ചാംദിവസത്തിലേക്കു കടന്നു. ഹൈക്കോടതി ജംക്‌ഷനില്‍ നടക്കുന്ന റിലേ നിരാഹാരസമരത്തോടനുബന്ധിച്ച് ഇന്നു സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചിരുന്നു. സിനിമാ, സാഹിത്യമേഖലകളില്‍നിന്നുള്ള പ്രമുഖര്‍ സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കും. സംവിധായകന്‍ മേജര്‍ രവി, കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവര്‍ കഴിഞ്ഞദിവസം സമരപ്പന്തലിലെത്തി കന്യാസ്ത്രീകള്‍ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണയോടെയാണു കന്യാസ്ത്രീകള്‍ സമരം നടത്തുന്നത്.

related stories