ലണ്ടനിൽ പോകുന്നതു ജയ്റ്റ്ലിയോടു പറഞ്ഞിരുന്നു: വെളിപ്പെടുത്തലുമായി മല്യ

വിജയ് മല്യ, അരുൺ ജയ്റ്റ്ലി

ലണ്ടൻ‌/ന്യൂഡൽഹി∙ ഇന്ത്യ വിടുന്നതിനു മുൻപു താൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നു വിവാദ വ്യവസായി വിജയ് മല്യ. കാര്യങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കുന്നതിനു തന്റെ നിര്‍ദേശങ്ങള്‍ ധനമന്ത്രിയോട് അറിയിച്ചിരുന്നുവെന്നു ലണ്ടനില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്കു പുറത്തു മാധ്യമങ്ങളോടു മല്യ പറഞ്ഞു.

പാർലമെന്റിനകത്തുവച്ചാണ് ജയ്റ്റ്ലിയെ കണ്ടത്. ലണ്ടനിൽ പോകുന്ന കാര്യം പറഞ്ഞിരുന്നു. നേരത്തേ തീരുമാനിച്ചുള്ള കൂടിക്കാഴ്ച അല്ലായിരുന്നുവെന്നും മല്യ വെളിപ്പെടുത്തി. എന്നാല്‍ തന്റെ നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ തള്ളുകയായിരുന്നെന്നു മല്യ പറഞ്ഞു.

അതേസമയം, വിജയ് മല്യയെ കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി വിശദീകരിച്ചു. 2014 മുതൽ മല്യയ്ക്കു കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിട്ടില്ല. ധനമന്ത്രിയോടല്ല, മറിച്ച് ബാങ്കുകളോടാണു മല്യ നിർദേശങ്ങള്‍ അറിയിക്കേണ്ടതെന്നും ജയ്റ്റ്ലി സമൂഹമാധ്യമത്തിൽ കുറിച്ചു. മല്യ ധനമന്ത്രിയെ കണ്ടതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിടണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയിൽ എന്താണു സംഭവിച്ചതെന്നു വ്യക്തമാക്കണമെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‍വി പറഞ്ഞു.