Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ, കള്ളപ്പണം, കൊല; വാഗ്ദാനങ്ങളേറെ; ബിജെപി ഡിലീറ്റ് ചെയ്യാൻ മറന്ന പോസ്റ്റുകൾ

BJP Trolls

കോട്ടയം∙ പെട്രോൾ വില വർധനക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അധികാരത്തിലേറും മുൻപു ബിജെപി മുന്നോട്ടുവച്ച അവകാശവാദങ്ങളും വാഗ്ദാനങ്ങളും ചർച്ചയാകുന്നു. 2014ലെയും മറ്റും ബിജെപിയുടെ സമൂഹമാധ്യമ പോസ്റ്റുകളാണ് ഇപ്പോൾ വൈറലാകുന്നത്.

യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോൾ വിലവര്‍ധനവിനെതിരെ ശക്തമായി പ്രതിഷേധിച്ച പാർട്ടിയാണ് ബിജെപി. അന്ന് ഫെയ്സ്ബുക്കിലൂടെ പാർട്ടിയുടെ കേരള ഘടകം പ്രതിഷേധമറിയിച്ചത് ഇങ്ങനെ:

പെട്രോൾ നമ്മുടെ ചങ്കിൽ തീ കോരിയിടുന്നതെങ്ങനെ? അടിക്കടി കൂടുന്ന പെട്രോൾ വില. ഈ ദുർഗതിക്കെതിരെ പരിഹാരം നമുക്കു തന്നെ കണ്ടെത്താനുള്ള സുവർണാവസരമാണു തിരഞ്ഞെടുപ്പ്. നിങ്ങളുടെ വോട്ട് വിവേകപൂർവം ഉപയോഗിക്കുക.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആയിരുന്നു ഈ പോസ്റ്റ്. മറ്റൊരു തിരഞ്ഞെടുപ്പിനു മുൻപു റെക്കോർഡിട്ട് ഓരോ ദിവസവും ഇന്ധനവില കുതിക്കുമ്പോൾ ബിജെപി മൗനത്തിലാണ്. വില കുറച്ചാൽ വികസനത്തിനു തിരിച്ചടിയാകുമെന്നും കുറയ്ക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണു കേന്ദ്രം.

വാ തുറക്കാത്ത പ്രധാനമന്ത്രിയെക്കുറിച്ചാണു മറ്റൊരു പോസ്റ്റ്. തകർന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന് ഉണർവേകാൻ കഴിവും അർപ്പണ മനോഭാവവുമുള്ള പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ വോട്ട് വിവേകപൂർവം ഉപയോഗിക്കുക. ഒപ്പം നൽകിയിരിക്കുന്ന ചിത്രത്തിലെ വരികളാണ് ഹൈലൈറ്റ്.

‘വാ തുറക്കാത്ത ഒരു പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ എത്ര പിന്നിലേക്ക് വലിച്ചോ അതിന്റെ എത്രയോ മടങ്ങ് അപകടകരമായ അവസ്ഥയായിരിക്കും അപക്വവും വിഡ്‍ഢിത്തം വിളമ്പുന്നതുമായ ഒരു പ്രധാനമന്ത്രി നമുക്ക് സമ്മാനിക്കുക..’

കള്ളപ്പണത്തെക്കുറിച്ച് ഇപ്പോള്‍ കേന്ദ്രനേതാക്കളാരും അധികം സംസാരിക്കാറില്ല. പരാജയവാദങ്ങളെയെല്ലാം ശരിവച്ച ആർബിഐ റിപ്പോർട്ട് മുന്നിലുണ്ടല്ലോ. ഏതായാലും സ്വിസ് ബാങ്കിലെ കള്ളപ്പണത്തെക്കുറിച്ചുള്ള പോസ്റ്റ് ഇങ്ങനെ:

സ്വിസ് ബാങ്കിൽ ഇന്ത്യക്കാർ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം നമ്മുടെ രാജ്യത്തേക്കു കൊണ്ടുവന്നാൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ ശക്തി പ്രാപിക്കും. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കാൻ അനുവദിക്കരുത്.

‌അതിനിടെ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം വീണ്ടും ഉയർന്നു. 2017ല്‍ 50% വർധിച്ച് 7,000 കോടിയായി. അഴിമതിക്കെതിരെയും വിലക്കയറ്റത്തിനെതിരെയും ശബ്ദമുയർത്തിയ പോസ്റ്റുകൾ.

കർഷകന്റെ പ്രശ്നങ്ങൾ രൂക്ഷമായെന്നും പരിഹരിക്കാൻ മോദി സർക്കാരിനു വോട്ടുനൽകാനും ആഹ്വാനം. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഛത്തീസ്ഗഡ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുൾപ്പെടെ കർഷക ആത്മഹത്യകൾ പെരുകി. മാർച്ചിൽ മഹാരാഷ്ട്രയിലെ കർഷകപ്രക്ഷോഭം മോദി അധികാരത്തിലേറിയ ശേഷമുള്ള കർഷകന്റെ അവസ്ഥയാണ് വിളിച്ചുപറഞ്ഞത്:

കൊള്ളയ്ക്കും കൊലയ്ക്കുമെതിരെ ബിജെപി.

ഉത്തരേന്ത്യയിൽ പശുവിന്റെ പേരിൽ മാത്രം നടന്ന കൊലപാതകങ്ങളുടെയും അക്രമങ്ങളുടെ കണക്ക് മതി ഈ വാഗ്ദാനത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ.

ഇനി പറയൂ, ഇതല്ലേ ആ നല്ല നാളുകൾ?

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.