Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ലോകത്തെ മാറ്റിയ കുറച്ചു സമവാക്യങ്ങൾ'; ബിജെപിയെ ട്രോളി ദിവ്യ സ്പന്ദന

divya-spandana-bjp ബിജെപി ട്വിറ്റർ പേജിൽ വന്ന ചിത്രം, ദിവ്യ സ്പന്ദനയുടെ ട്രോൾ

ന്യൂഡൽഹി∙ ഇന്ധനവില വർധനയുമായി ബന്ധപ്പെട്ട് ബിജെപിയുടെ ട്വിറ്റർ പ്രചാരണങ്ങളെ പരിഹാസിച്ച് മുൻ എംപിയും കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവിയുമായ നടി ദിവ്യ സ്പന്ദന. പൈതഗോറസ്, ആൽബർട് ഐൻസ്റ്റീൻ, ഐസക് ന്യൂട്ടൻ എന്നിവരുടെ കൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടുന്ന ചിത്രമാണ് ദിവ്യ ട്വിറ്ററിൽ പങ്കുവച്ചത്. ഇവരുടെ സിദ്ധാന്തങ്ങൾക്കൊപ്പം ഇന്ധനവില 56.71ൽനിന്നു 72.83 ആയപ്പോൾ ശതമാനക്കണക്കിലെ കുറവു കാണിച്ചുള്ള ബാർ ചാർട്ടും ചിത്രത്തിലുണ്ട്. ഒപ്പം ഒരു കമന്റും– ലോകത്തെ മാറ്റിയ കുറച്ചു സമവാക്യങ്ങൾ എന്ന്.

ഡീസൽ, പെട്രോൾ വില വർധനയിലെ മാറ്റങ്ങൾ കാണിച്ചുകൊണ്ടാണു ബിജെപിയുടെ ട്വിറ്റർ പേജിൽ കഴിഞ്ഞ ദിവസം ചിത്രം പ്രത്യക്ഷപ്പെട്ടത്. വിവിധ വർഷങ്ങളിൽ ന്യൂഡൽഹിയിൽ ഡീസല്‍ വിലയിലുണ്ടായ മാറ്റമായിരുന്നു ബിജെപി ട്വിറ്ററിൽ പ്രചരിപ്പിച്ചത്. നേരത്തേ 42 ഉം 83.7 ശതമാനവും ഉള്ള വർധന 2018ൽ 28% മാത്രമായി കുറഞ്ഞെന്നായിരുന്നു ബിജെപിയുടെ കണ്ടെത്തൽ‌. 2014 മുതൽ 18 വരെ പെട്രോൾ വിലയിൽ 13 ശതമാനത്തിന്റെ വർധന മാത്രമാണ് ഉണ്ടായതെന്നും ബിജെപി അവകാശപ്പെട്ടു. 

എന്നാൽ തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ഇതിനു മറുപടി നൽകിയിരുന്നു. രാജ്യാന്തര തലത്തിലെ ക്രൂഡ് ഓയിൽ വിലയും രാജ്യത്തെ ഇന്ധനവിലയും താരതമ്യപ്പെടുത്തിയായിരുന്നു കോൺഗ്രസിന്റെ മറുപടി. 2014–18ൽ ക്രൂഡ് ഓയിൽ വില 34 ശതമാനത്തിന്റെ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില 13% കൂടിയെന്നും കോൺഗ്രസ് വ്യക്തമാക്കി. 

related stories