നാട്ടുമുറ്റത്തു കാട്ടാനയെന്തു കാട്ടാനാ? കാണാം ഹെലിക്യാം വിഡിയോ

കണ്ണൂർ ∙ ഇരിട്ടി ആറളത്ത്  കാടിറങ്ങിയ കാട്ടാനയുടെ പരാക്രമം ഹെലി ക്യാമറയിൽ. ജനവാസകേന്ദ്രത്തിൽ കാട്ടാനയുടെ നെട്ടോട്ടം ഷൂട്ട്‌ ചെയ്തത് അഖില്‍ പുതുശ്ശേരിയാണ് മനോരമ ഓൺലൈനു നൽകിയത്. ഹർത്താൽ ദിനത്തിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന കൃഷിയിടങ്ങളിലൂടെയും മറ്റും പായുന്നത് ദൃശ്യങ്ങളിൽ കാണാം.

മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് ഹാജി റോഡിൽ ജനവാസ കേന്ദ്രത്തിലാണ് ഹർത്താൽ ദിനത്തിൽ കാട്ടാന ഇറങ്ങിയത്. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഒരു പശുവിനെ കുത്തിക്കൊന്ന ആന വനം വകുപ്പിന്റെ ജീപ്പ് തകർത്തെങ്കിലും അകത്തുണ്ടായിരുന്ന ജീവനക്കാരും വാച്ചർമാരും  അദ്ഭുതകരമായി രക്ഷപ്പെട്ടു. ഹാജി റോഡിൽ പ്രഭാത സവാരിക്കിറങ്ങിയ വലിയപറമ്പിൽ പുരുഷോത്തമനാണ് (57) പരുക്കേറ്റത്. കോഴിക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ ആറു മണിയോടെയാണ് ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങിയത്. വിവരമറിഞ്ഞു പൊലീസും വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ജനങ്ങളോടു വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നു നിർദേശിച്ചെങ്കിലും ഹർത്താൽ ദിനമായതിനാൽ സമീപപ്രദേശങ്ങളിൽ നിന്ന്  ആളുകൾ കേട്ടറിഞ്ഞ് എത്തിയത് ആനയെ തുരത്താനുള്ള ശ്രമത്തിനു തടസ്സമായി.

ഹാജി റോഡിന് സമീപത്തെ പുൽമൈതാനിയിൽ നിലയുറപ്പിച്ച ഒറ്റയാനെ തുരത്താൻ വനം വകുപ്പ് അധികൃതരും നാട്ടുകാരും ശ്രമിച്ചെങ്കിലും ആനയുടെ കലി കൂടുകയാണുണ്ടായത്. റോഡിൽ നിർത്തിയിട്ട വനം വകുപ്പിന്റെ ജീപ്പിനു നേരെ പാഞ്ഞടുക്കുകയും ചെയ്തു. 

ഉച്ചയ്ക്ക് ഒരു മണിയോടെ അയ്യപ്പൻകാവ് ഹാജി റോഡിലിറങ്ങിയ കാട്ടാന രണ്ടുപേരെ ഓടിച്ചു. റോഡി‍ൽ നിർത്തിയിട്ടിരുന്ന വനം വകുപ്പിന്റെ ജീപ്പ് പെട്ടെന്ന് ആനയുടെ മുൻപിലേക്ക് എടുത്തതിന്റെ മറവിൽ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആനയുടെ പരാക്രമം വാഹനത്തോടായി. ബംപർ വലിച്ചു പൊട്ടിച്ചും ബോണറ്റിൽ ആഞ്ഞടിച്ചും പലതവണ ബോണറ്റിൽ പിടിച്ചു ജീപ്പ് ഉയർത്തി താഴെയിട്ടും ആന അരിശം തീർത്തു.

ആസമയത്തു വനം വകുപ്പു ജീവനക്കാർ ജീപ്പിനകത്തു തന്നെ ഉണ്ടായിരുന്നു. തുടർന്നു ചാക്കാട് ജനവാസ കേന്ദ്രത്തിലേക്കു നീങ്ങിയ ആന മമ്മാലി റിജേഷിന്റെ പശുവിനെ കുത്തിക്കൊന്നു. രാത്രി വൈകിയാണ് ആനയെ തുരത്താനായത്. ആറളം ഫാം വഴിയാണ് കാട്ടാന ജനവാസ കേന്ദ്രത്തിൽ എത്തിയതെന്നു സംശയിക്കുന്നു.