Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഫ്ലോറൻസ്' വൻ നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്: തെക്കുകിഴക്കൻ യുഎസിൽ ജാഗ്രത

hurricane-florence ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ സാറ്റലൈറ്റ് ചിത്രം

കാരലൈന ∙ ആറു പതിറ്റാണ്ടുകള്‍ക്കു ശേഷം നോർത്ത് കാരലൈനയിലേക്കെത്തുന്ന ചുഴലിക്കാറ്റ് 'ഫ്ലോറൻസ്' വൻ തോതിൽ നാശം വിതച്ചേക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെ പ്രതിരോധ, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കി. ചൊവ്വാഴ്ച തീരത്തോടു അടുത്ത കാറ്റഗറി നാലിൽപ്പെട്ട ചുഴലിക്കാറ്റ് ശക്തമായ മഴയ്ക്കും രൂക്ഷമായ വെള്ളപ്പൊക്കത്തിനും കാരണമായേക്കുമെന്ന് മിയാമിയിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം മുന്നറിയിപ്പു നല്‍കി. വെള്ളിയാഴ്ചയോടെ മാത്രമെ ചുഴലി കരയിൽ ശക്തിപ്രാപിക്കാൻ സാധ്യതയുള്ളൂവെങ്കിലും നോർത്ത്, സൗത്ത് കാരലൈനയുടെയും വെർജീനിയയുടെയും തീരങ്ങളിൽ ഉഗ്രമായ കാറ്റും 13 അടിവരെ ഉയരമുള്ള തിരകളും അടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

ചുഴലിക്കാറ്റ് കരയിലടിക്കാൻ മൂന്നു ദിവസത്തോളം സമയമെടുക്കുമെന്നാണ് സൂചനയെങ്കിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങളുടെയും തീരപ്രദേശത്തുള്ള പത്തുലക്ഷത്തിലധികം ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വകലാശാലകൾ, സ്കൂളുകൾ, ഫാക്ടറികൾ എന്നിവ അടച്ചു. മേഖലയിലെ നാലു തുറമുഖങ്ങളിൽ 500 ടണ്ണിലേറെ ഭാരം വരുന്ന കപ്പലുകൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ ഗണത്തിൽ വരുന്ന കപ്പലുകൾക്ക് തുറമുഖങ്ങള്‍ വിട്ടു പോകാനുള്ള നിർദേശവും നൽകി. 

കാറ്റഗറി നാലിൽ ഉൾപ്പെടുത്തിയിട്ടുള്ള ചുഴലിക്കാറ്റ്, വരും ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് ‌അനുമാനം. ഫ്ലോറൻസ് ഒരു ഭീകരനാണെന്ന് നോർത്ത് കാരലൈന ഗവർണർ റോയ് കൂപ്പർ അഭിപ്രായപ്പെട്ടു. സൗത്ത് കാരലൈനയിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത് ഊർജ്ജിതപ്പെടുത്താനായി ഹൈവേകൾ വഴിയുള്ള ഗതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ട്. 'ഫ്ലോറൻസി'ന്‍റെ പാതയിൽ വരുന്ന മേഖലകളിൽ ആഴ്ചകളോളം വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. 

നോർത്ത്, സൗത്ത് കാരലൈനയിലും വെർജീനിയയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്‍റ് ട്രംപ് ഒപ്പിട്ടു. പ്രാദേശിക സർക്കാരുകൾക്ക് എല്ലാവിധ സഹായവും നൽകുമെന്നും പ്രതിസന്ധി നേരിടാൻ തങ്ങൾ പൂർണസജ്ജരാണെന്നും ട്രംപ് വ്യക്തമാക്കി. മൂന്നു സംസ്ഥാനങ്ങളിലായുള്ള 16 ആണവകേന്ദ്രങ്ങളുടെയും സുരക്ഷക്കാവശ്യമായ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സൗത്ത് കാരലൈനയിലുള്ള ബോയിങ് കോയുടെ വിമാന നിർമാണ കേന്ദ്രവും വോൾവോയുടെ വാഹന നിർമാണ കേന്ദ്രവും മുൻകരുതലെന്ന നിലയിൽ പ്രവർത്തനം നിര്‍ത്തിവച്ചിട്ടുണ്ട്.