Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീകൾക്ക് എതിരെ കെസിബിസി; ബിഷപ്പിനെതിരെ മുംബൈ അതിരൂപത

nun-protest-against-bishop ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തുന്ന കന്യാസ്ത്രീകൾ.

മുംബൈ/കൊച്ചി∙ സഹപ്രവര്‍ത്തകയ്ക്കു നീതി തേടി സമരമുഖത്തുള്ള കന്യാസ്ത്രീകള്‍ക്കെതിരെ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി). കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്ന് കെസിബിസി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്നും കെസിബിസി ആരോപിച്ചു.

സമ്മര്‍ദത്തിനു വഴങ്ങാതെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണം. നിഷ്പക്ഷ അന്വേഷണത്തിലൂടെ കണ്ടെത്തുന്ന കുറ്റവാളിയെ നിയമപ്രകാരം ശിക്ഷിക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണു കത്തോലിക്കാ സഭയുടെ നിലപാട്. നിയമവാഴ്ച നടക്കണം. മാധ്യമങ്ങളുടെ സമാന്തര അന്വേഷണവും വിചാരണയുമല്ല വേണ്ടത്. സഭ ആരെയും വിധിക്കുന്നില്ല, നീതീകരിക്കുന്നുമില്ലെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം പറഞ്ഞു.

ഇതിനിടെ, ജലന്തർ ബിഷപ്പിനെതിരെ വിമർശനവുമായി മുംബൈ അതിരൂപത രംഗത്തെത്തി. ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ് സ്ഥാനത്തുനിന്നു മാറി നില്‍ക്കണമെന്നു മുംബൈ അതിരൂപത ആവശ്യപ്പെട്ടു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച ലൈംഗികാരോപണം സഭയുടെ പ്രതിച്ഛായ തകര്‍ത്തെന്നു മുംബൈ ആര്‍ച്ച്‌ ബിഷപ് ഫാ. നിഗല്‍ ബാരെറ്റ് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമാനങ്ങള്‍ പരിത്യജിച്ച്‌ അന്വേഷണത്തിന് തയാറാവണമെന്നതാണു സഭയുടെ താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെ സ്ഥാനമൊഴിയേണ്ടതായിരുന്നുവെന്നു ലത്തീന്‍ സഭ അല്‍മായ സംഘടന അഭിപ്രായപ്പെട്ടു. വ്യക്തിപരമായ ആരോപണങ്ങളെ പ്രതിരോധിക്കാൻ സഭയെ കൂട്ടുപിടിക്കരുതെന്നു കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു. ജലന്തര്‍ ബിഷപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ വിശ്വാസികള്‍ക്ക് അപമാനമാണ്. ബിഷപിന്റെ ധാര്‍മികബോധം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ബിഷപിന്റെ നടപടികള്‍ കത്തോലിക്കാ സഭയുടെ ദര്‍ശനങ്ങള്‍ക്കു വിരുദ്ധമാണെന്നും കെആര്‍എല്‍സിസി വ്യക്തമാക്കി.

അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം അഞ്ചാം ദിവസവും തുടരുകയാണ്. കൊച്ചിയിലെ സമരത്തിനൊപ്പം തിരുവനന്തപുരത്തും ജലന്തറിലെ സഭാ ആസ്ഥാനത്തും പ്രതിഷേധം നടന്നു. സന്യാസിനി സമൂഹത്തില്‍നിന്നു പുറത്താക്കിയാലും സമരം തുടരുമെന്നു കന്യാസ്ത്രീകള്‍ വ്യക്തമാക്കി. സമരത്തിനു പിന്തുണയുമായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണു സമരവേദിയിലെത്തുന്നത്.

related stories