Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോവർ പെരിയാർ ജലവൈദ്യുത നിലയത്തിലെ ഉൽപാദനം നിർത്തിയത് ടണൽ ഗേറ്റ് തകർന്നതോടെ

lower-periyar-power-house ലോവർ പെരിയാർ ജലവൈദ്യുത നിലയം – ഫയൽ ചിത്രം.

കോട്ടയം ∙ ഇടുക്കി ലോവർ പെരിയാർ ജലവൈദ്യുത നിലയത്തിലെ ജനറേറ്ററിന്റെ പ്രവർത്തനം പെട്ടെന്നു നിലച്ചു, വെള്ളം തിരിച്ചൊഴുകി ടണൽ ഗേറ്റ് തകർന്നു. ടണലിന്റെ ഉൾഭിത്തിയിൽ വിള്ളൽ വീണെന്നു സംശയം. ഇതോടെ ഓഗസ്റ്റ് 11 മുതൽ ലോവർ പെരിയാർ ജലവൈദ്യുത നിലയത്തിലെ ഉൽപാദനം നിർത്തി.

ജനറേറ്റർ നിലച്ചതറിഞ്ഞ ജീവനക്കാർ അണക്കെട്ടിന്റെ പ്രവേശന ഭാഗത്തെ ടണൽ ഗേറ്റ് ഒറ്റയടിക്ക് അടച്ചതാണ് ഗേറ്റ് തകർത്തു വെള്ളം പ്രവഹിക്കാൻ കാരണമെന്നു പ്രാഥമിക നിഗമനം. ടണലിൽ ചെളിയും നിറഞ്ഞു.

ഓഗസ്റ്റ് 11ന് ഉണ്ടായ ഈ സംഭവം ഇതിനുശേഷം ലോവർ പെരിയാർ അണക്കെട്ടു കാണാനെത്തിയെ വൈദ്യുതി മന്ത്രി എം.എം.മണിയിൽനിന്ന് ഉദ്യോഗസ്ഥർ മറച്ചുവച്ചു. പ്രളയംമൂലം വൈദ്യുതി ഉൽപാദനം നിർത്തിയെന്നു മാത്രമാണു മന്ത്രിയെ ധരിപ്പിച്ചത്. യഥാർഥ സംഭവം ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞതോടെ ജലവൈദ്യുത പദ്ധതിയുടെ എൻജിനീയർമാർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. ഇന്നു ഡാം സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ലോവർ പെരിയാർ വൈദ്യുത നിലയത്തിൽ പരിശോധന നടത്തും.

ഇടുക്കിയിൽനിന്നു വൈദ്യുതി ഉൽപാദിപ്പിച്ചശേഷം ഒഴുക്കിവിടുന്ന വെള്ളം പാമ്പള അണക്കെട്ടിൽ സംഭരിച്ച് ടണലിലൂടെ ലോവർ പെരിയാർ നിലയത്തിൽ എത്തിച്ചാണു വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഈ അണക്കെട്ടിലെ ജനറേറ്ററുകൾ പൊടുന്നനെ ട്രിപ്പായി. മെല്ലെ അടയ്ക്കേണ്ട ഷട്ടർ പെട്ടെന്ന് അടച്ചതോടെ വെള്ളം ശക്തിയായി തള്ളി ഷട്ടർ 50 മീറ്ററോളം മുകളിലേക്കു തെറിച്ചു.

ഷട്ടർ തകർന്നതുവഴി ഒരു കോടി രൂപയുടെ നഷ്ടമെന്നാണ് കോട്ടയത്തുള്ള ഡാം സുരക്ഷാ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. പ്രതിദിനം 160 മെഗാവാട്ട് ഉൽപാദനശേഷിയുള്ള ലോവർ പെരിയാർ പ്രവർത്തനം നിർത്തിയതുമൂലം ദിവസം രണ്ടരക്കോടി രൂപയുടെ നഷ്ടം വേറെയുമുണ്ട്.

അതേസമയം, രണ്ടാം ഷട്ടർ തെറിച്ചതു ഭാഗ്യമായി എന്ന വിലയിരുത്തലിലാണ് അധികൃതർ. ഷട്ടർ തകർന്നില്ലായിരുന്നുവെങ്കിൽ പെൻസ്റ്റോക്കും വൈദ്യുത നിലയവും തകരുന്ന സ്ഥിതി വന്നേനെ എന്നാണു സൂചന.