20 ദിവസത്തിനിടെ താഴ്ന്നത് 15 അടി; പുഴകൾ വരളുന്നു, വരുന്നത് ശുദ്ധജലക്ഷാമം

മഴ നിന്നതോടെ പമ്പ നദി വറ്റിവരണ്ടപ്പോൾ. ചിത്രം: നിഖിൽരാജ്

തിരുവനന്തപുരം∙ ജല അതോറിറ്റിയുടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലാകും വിധം സംസ്ഥാനത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുന്നു. പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നദികളിലെ ജലനിരപ്പ് 10 അടിയിലേറെ താഴ്ന്നതു ശുദ്ധജല പമ്പിങ്ങിനെ ബാധിച്ചുതുടങ്ങി. ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ പകുതിയിലധികം ശുദ്ധജലവിതരണ പദ്ധതികള്‍ നിര്‍ത്തിവയ്ക്കേണ്ടിവരും. കിണറുകളിലെ ജലനിരപ്പും കുത്തനെ താഴുന്നത് സംസ്ഥാനം ശുദ്ധജലക്ഷാമത്തിലേക്കു നീങ്ങുന്നതിന്‍റെ വ്യക്തമായ സൂചനയിലേക്കു വിരല്‍ചൂണ്ടുന്നു.

20 ദിവസത്തിനിടെ ജലനിരപ്പ് താഴ്ന്നത് 15 അടിയോളമാണ്. പലയിടത്തും പുതിയ മണൽതിട്ടകൾ തെളിഞ്ഞു തുടങ്ങി. പുഴയുടെ മധ്യഭാഗത്തു പോലും അരയ്ക്കൊപ്പം വെള്ളംമാത്രം. ഈ നില തുടര്‍ന്നാല്‍ ആലുവയില്‍നിന്നുള്ള ശുദ്ധജല പമ്പിങ് ദിവസങ്ങള്‍ക്കുള്ളില്‍ നിലയ്ക്കും. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വെള്ളമെടുക്കുന്ന മൂവാറ്റുപുഴയാറിന്‍റെ സ്ഥിതിയും സമാനമാണ്. മണലി, ചാലക്കുടി, കുറുമാലി പുഴകളുടെയും മീനച്ചലാര്‍, മണിമലയാര്‍, പമ്പ, അച്ചന്‍കോവില്‍ എന്നിവയുടെ ജലനിരപ്പും ദിനംപ്രതി താഴുന്നു.

തടയണകെട്ടി വെള്ളം സംഭരിക്കാനുള്ള നടപടികള്‍ വിജയിച്ചില്ലെങ്കില്‍ ഈ നദികളിലെ കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലാകും. കോഴിക്കോട് ജില്ലയില്‍ പുനൂര്‍ പുഴയിലും ചാലിയാറിലും ഇരവഞ്ഞിപ്പുഴയിലും ജലനിരപ്പു താഴ്ന്നെങ്കിലും നിലവില്‍ ശുദ്ധജലവിതരണത്തെ ബാധിച്ചിട്ടില്ല. ഇരിട്ടിപുഴയില്‍ ജലനിരപ്പ് താഴുന്നതു കണ്ണൂര്‍ ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ പഴശി പമ്പിങ് സ്റ്റേഷന്‍റെ പ്രവര്‍ത്തനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.