Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവയുദ്ധം ഭയക്കേണ്ട; ആണവവിരുദ്ധ മെഡിക്കൽ കിറ്റുമായി ഐഎൻഎംഎഎസ്

Medical

ന്യൂഡൽഹി∙ സൈനിക, അർധസൈനിക, പൊലീസ് സേനകൾക്ക് ആണവചോർച്ച, ആണവായുധ ആക്രമണം തുടങ്ങിയവയില്‍ നിന്ന് രക്ഷനേടാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മെഡിക്കൽ കിറ്റുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. ആണവ യുദ്ധങ്ങൾ, രാസചോർച്ച എന്നിവയിൽ നിന്നേറ്റ മുറിവുകൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന കിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയന്‍സസിലെ (ഐഎൻഎംഎഎസ്) ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്. രണ്ടു പതിറ്റാണ്ടിലേറെയുള്ള ഗവേഷണത്തിനൊടുവിലാണ് മെഡിക്കൽ കിറ്റ് തയാറാക്കിയത്. റേഡിയോ വികിരണം ഉൾപ്പെടെയുള്ളവ പ്രതിരോധിക്കാൻ സഹായിക്കുന്ന മരുന്നുകൾ, ലേപനങ്ങൾ, ബാൻഡേജുകൾ എന്നിവയുൾപ്പെടെ 25 ൽ ഏറെ സാധനങ്ങളാണ് കിറ്റിലുള്ളത്.

വൻകിട രാഷ്ട്രങ്ങളായ യുഎസ്, റഷ്യ എന്നീ രാജ്യങ്ങൾ ഉൽപാദിപ്പിക്കുന്നവ അപേക്ഷിച്ചു തീരെ കുറഞ്ഞ നിരക്കിലാണ് ഇന്ത്യ മെഡിക്കൽ കിറ്റ് തയാറാക്കിയതെന്ന് ഐഎൻഎംഎഎസ് ഡയറക്ടർ എ.കെ.സിങ് മാധ്യമങ്ങളോടു പറഞ്ഞു. ആണവ സ്ഫേടനങ്ങളിൽ മനുഷ്യ ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന റോഡിയോ സീഷ്യം (സിഎസ്–137), റേഡിയോ താലിയം എന്നിവയെ പ്രതിരോധിക്കുന്ന പെർഷ്യൻ ബ്ലൂ ഗുളികകളാണ് മെഡിക്കൽ കിറ്റിന്റെ സവിശേഷത.

കിറ്റിനുള്ളിൽ ഉള്ള ഇഡിടി ആസിഡ് ആണവ അപകടങ്ങളിൽ നിന്നു ശരീരത്തിൽ പ്രവേശിക്കുന്ന ലോഹങ്ങളും മറ്റു പദാർഥങ്ങളും നശിപ്പിക്കാൻ സഹായിക്കും. സാധാരണ ആളുകളിൽ നിന്നു സൈനിക വിഭാഗങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ വ്യത്യസ്തമാണ്. ഉയർന്ന സ്ഥലങ്ങളിലും യുദ്ധാന്തരീക്ഷത്തിലും ജോലി ചെയ്യുന്ന അവർക്ക് ഈ മെഡിക്കൽ കിറ്റ് വളെരെയധികം ഉപകാരപ്രദമായിരിക്കുമെന്ന് എ.കെ.സിങ് പറഞ്ഞു.

സുരക്ഷാ സേനകൾക്കുള്ള മെഡിക്കൽ കിറ്റുകളുടെ ഉൽപാദനം ഐഎൻഎംഎഎസ് ആരംഭിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ മെഡിക്കൽ കിറ്റ് സൈനികേതര വ്യക്തികൾക്കും ലഭ്യമാക്കാൻ ശ്രമിക്കണമെന്ന് എയിംസിലെ ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ആണവ അപകടങ്ങളിലും മറ്റും പരുക്കേൽക്കുന്ന സാധാരണ പൗരന്മാർക്കും കിറ്റ് വളരെയധികം പ്രയോജനം ചെയ്യുമെന്നും അവർ പറ‍ഞ്ഞു.