Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിമാനം വൈകിയോ?; കാപ്പിക്കും പുസ്തകത്തിനും ഞങ്ങൾ പണം തരാം’

Flights പ്രതീകാത്മക ചിത്രം.

മുംബൈ∙ വിമാനം വൈകുന്നതിന് അനുസരിച്ചു യാത്രക്കാർക്കു ചെലവഴിക്കാൻ പണം കിട്ടിയാലോ? ഈ ആശയം പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണു ഡിജിറ്റ് ഇൻഷുറൻസ് എന്ന പുതുതലമുറ കമ്പനി. ഡേറ്റ മൈനിങ്, അനലിറ്റിക്സ് സങ്കേതങ്ങളാണ് ഉപയോഗിക്കുന്നത്. വിമാനം വൈകിയാൽ കമ്പനിയുടെ ലിങ്കിൽ ക്ലിക്ക് ചെയ്ത്, ബോർഡിങ് പാസിന്റെ ഫോട്ടോ അപ്‍ലോഡ് ചെയ്താൽ യാത്രക്കാർക്ക് ഇൻഷുറൻസ് ക്ലെയിം കിട്ടുന്ന രീതിയിലാണു പ്രവർത്തനം. 

ഇൻഷുറൻസ് നടപടികൾ എളുപ്പവും ഡിജിറ്റലുമാക്കുകയെന്ന ലക്ഷ്യത്തോടെ 2017 ഡിസംബറിലാണ് ‘ഡിജിറ്റ് ഇൻഷുറൻസ്’ കമ്പനി തുടങ്ങിയത്. ഇതിനകം അഞ്ചു ലക്ഷം ഉപയോക്താക്കൾക്കു സേവനം നൽകി. സ്മാർട്ഫോൺ ഉപയോഗിച്ച് ക്ലെയിം ചെയ്യാമെന്നതാണു പ്രത്യേകത. വിപുലീകരണത്തിന്റെ ഭാഗമായാണു വിമാന യാത്രക്കാർക്ക് ഇത്തരമൊരു ഇൻഷുറൻസ് ഏർപ്പെടുത്തിയാലോ എന്നു ചിന്തിച്ചതെന്നു കമ്പനി ചെയർമാൻ കമേഷ് ഗോയൽ പറഞ്ഞു.

60–75 മിനിറ്റ് വിമാനം വൈകിയാൽ യാത്രക്കാർ ചായ കുടിച്ചോ ലഘു ഭക്ഷണം കഴിച്ചോ പുസ്തകം വാങ്ങിയോ വിചാരിച്ചതിനേക്കാൾ കൂടുതൽ പണം യാത്രയിൽ ചെലവാകാൻ സാധ്യതയുണ്ട്. വിമാനത്താവളത്തിൽ ഇങ്ങനെ ചെലവാകുന്ന പണം തരാമെന്നാണു കമ്പനി പറയുന്നത്. 1000 രൂപ വരെ ലഭിക്കും. ഇതിനു മുന്നോടിയായി ശേഖരിച്ച ഡേറ്റകളിൽനിന്നു യാത്രാവിമാനങ്ങളെപ്പറ്റി നിരവധി കാര്യങ്ങളാണു കണ്ടെത്തിയത്. ചൊവ്വാഴ്ചകളിൽ അതിരാവിലെ പറക്കുന്ന വിമാനങ്ങളാണു കാലതാമസമില്ലാതെ സർവീസ് നടത്തുന്നത്. എന്നാൽ, വെള്ളിയാഴ്ച രാത്രി 10 മണിക്കുശേഷം വിമാനങ്ങൾ വൈകാൻ സാധ്യത കൂടുതലാണ്.