Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ വധിച്ചു; 12 പേര്‍ക്ക് പരുക്ക്

Indian-Army (ഫയൽ ചിത്രം)

ജമ്മു∙ മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ കശ്മീരിലെ റീസി ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വെടിവച്ചുകൊന്നു. വ്യാഴാഴ്ച നടന്ന വെടിവെപ്പിൽ 12 സുരക്ഷാ ഉദ്യോഗസ്ഥർ‌ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം പൊലീസ് സംഘത്തിനു നേരെ വെടിവെച്ച ശേഷം ഭീകരർ രക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.

പാക്കിസ്ഥാനികളായ ഭീകരർ രാജ്യാന്തര അതിർത്തി കടന്നാണ് കശ്മീരിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. സിആർപിഎഫ്, പൊലീസ്, കരസേന വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ തിരച്ചിലിൽ വ്യാഴാഴ്ച ഉച്ചയോടെ ഭീകരരെ കണ്ടെത്തുകയായിരുന്നു. ഭീകരരെ സേന വളഞ്ഞതോടെ ശക്തമായ ഏറ്റുമുട്ടലും ഉണ്ടായി. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് ഭീകരർക്കായി തിരച്ചിൽ‌ നടന്നത്.

ആറ് സിആർപിഎഫ്, അഞ്ച് പൊലീസ്, ഒരു സൈനികൻ‌ എന്നിങ്ങനെയാണു പരുക്കേറ്റവരുടെ കണക്ക്. പരുക്കേറ്റവരെ കത്രയിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമ്മു ശ്രീനഗർ ദേശീയ പാതയിൽ ഭീകരർ സുരക്ഷാ സേനയ്ക്കെതിരെ വെടിയുതിർത്തതിനെ തുടർന്ന് വനപ്രദേശമായ ജജ്ജർ– കോട്‍ലി മേഖലയിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിനു ശേഷം ഭീകരർ വനത്തിലേക്കു രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഒരാൾക്കു പരുക്കേറ്റു. കത്രയ്ക്കു സമീപത്തെ ഗ്രാമങ്ങളിലും തിരച്ചിൽ ആരംഭിച്ചു.