Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക: 100 കോടി നൽകി കോൺഗ്രസ് എംഎൽഎമാരെ ചാടിക്കാൻ ബിജെപി

politics

ബെംഗളൂരു∙ കർണാടകയിൽ ഇടഞ്ഞുനിൽക്കുന്ന ജാർക്കിഹോളി സഹോദരന്മാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടരുമ്പോൾ, അധികാരത്തിലേറാൻ വീണ്ടുമൊരു ‘ഓപ്പറേഷൻ താമര’യ്ക്കു ശ്രമം തുടങ്ങി ബിജെപി. 16 കോൺഗ്രസ് എംഎൽഎമാരെയെങ്കിലും കൂറുമാറ്റാൻ ശ്രമം ഊർജിതമാണെന്നാണു സൂചന. 

കോൺഗ്രസ്–ദൾ സർക്കാരിനെ അട്ടിമറിക്കാൻ സഹായിച്ചാൽ മുനിസിപ്പൽ ഭരണമന്ത്രി രമേഷ് ജാർക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമാണു ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതത്രേ. 

മൂന്നു കോൺഗ്രസ് എംഎൽഎമാർക്കു കൂടി മന്ത്രിസ്ഥാനം നൽകാമെന്നാണു പറഞ്ഞിട്ടുള്ളത്. ബാക്കി നേതാക്കൾക്ക് ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ചെലവും 100 കോടിയിലേറെ രൂപയുമാണു വാഗ്ദാനമെന്നാണു വിവരം. 

16 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാനായാൽ കർണാടക നിയമസഭയിലെ 222 എംഎൽഎമാരുടെ അംഗബലം 206 ആയി കുറയും. ഈ സാഹചര്യത്തിൽ കേവലഭൂരിപക്ഷം 104 ആകും. നിലവിൽ 104 എംഎൽഎമാരുള്ള ബിജെപിക്ക് ഇതോടെ അധികാരത്തിലേറാനുള്ള വഴിതെളിയും. സഖ്യസർക്കാരിനു പിന്തുണ നൽകുന്ന സഭയിലെ ഏക സ്വതന്ത്രനെ വലയിലാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 

ഇതിനിടെ, മന്ത്രി രമേഷ് ജാർക്കിഹോളിയെയും സഹോദരൻ സതീഷ് ജാർക്കിഹോളി എംഎൽഎയെയും ഫോണിൽ വിളിച്ച കോൺഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യ, ധൃതിയിൽ തീരുമാനം എടുക്കരുതെന്നു നിർദേശിച്ചു. 

സിദ്ധരാമയ്യ യൂറോപ്പിലാണിപ്പോൾ. സർക്കാരിൽ സമ്മർദമേറ്റുക വഴി, മന്ത്രിസഭാ വികസനത്തിൽ മികച്ച സ്ഥാനം ഉറപ്പിക്കുകയാണു ജാർക്കിഹോളി സഹോദരന്മാരുടെ ലക്ഷ്യം.

related stories