Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടം വാങ്ങിയ പണവുമായി ആദ്യ ലോട്ടറി എടുത്തു; അടിച്ചത് 1.5 കോടി

manoj-lottery ജോലി ചെയ്യുന്ന മനോജ് കുമാർ. ചിത്രം: ടൈംസ് ഓഫ് ഇന്ത്യ

പട്യാല∙ ഒറ്റദിവസം കൊണ്ടു ജീവിതം തന്നെ മാറിമറിഞ്ഞതിന്റെ അദ്ഭുതം ഇതുവരെ വിട്ടുമാറിയിട്ടില്ല പഞ്ചാബ് സംഗ്രൂരിൽ മാന്ദവി ഗ്രാമത്തിലെ മനോജ് കുമാർ എന്ന 40കാരന്. ഇഷ്ടികച്ചൂളയിലെ ദിവസ വേതനക്കാരനായ മനോജ് കുമാറിനും ഭാര്യ രാജ് കൗറിനും പ്രതിദിനം ലഭിച്ചിരുന്നത് 250 രൂപ മാത്രം. ഇതുപയോഗിച്ചാണ് ഇവരും നാലു മക്കളും ഉൾപ്പെട്ട കുടുംബം ജീവിച്ചിരുന്നത്. എന്നാൽ അതെല്ലാം ഇപ്പോൾ പഴയ കഥ. സ്ഥലക്കച്ചവടക്കാരും ബാങ്ക് ഏജന്റുമാരും ഇപ്പോൾ മനോജ് കുമാറിന്റെ വീട്ടിൽ വരി നിൽക്കുകയാണ്. പഞ്ചാബ് സർക്കാരിന്റെ രാഖി ബംപർ നറുക്കെടുപ്പിൽ ഇയാള്‍ക്ക് 1.5 കോടി രൂപയാണു സമ്മാനമായി ലഭിച്ചത്. അങ്ങനെ ഒറ്റ ദിവസംകൊണ്ടു മനോജ് കുമാർ കോടിപതിയായി.

അയൽവാസിയിൽ‌നിന്നു 200 രൂപ കടം വാങ്ങിയാണ് ഇയാൾ ലോട്ടറിയെടുത്തതെന്നാണു മറ്റൊരു കാര്യം. ആദ്യമായി എടുത്ത ടിക്കറ്റിനു തന്നെ സമ്മാനം ലഭിച്ചു എന്ന കാര്യം കൂടി അറിഞ്ഞാൽ ആരും പറയും. ഇതൊരു ഒന്നൊന്നര ഭാഗ്യം തന്നെ. ദാരിദ്ര്യം കാരണം പത്താം ക്ലാസോടെ പഠനം നിർത്തി ജോലി അന്വേഷിക്കുകയായിരുന്നു മനോജ് കുമാറിന്റെ മൂന്ന് പെൺമക്കളും. ഭാഗ്യം തേടിവന്നതോടെ പഠനം വീണ്ടും തുടങ്ങാൻ മനോജ് മക്കളോട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരാകുകയെന്നതാണ് മനോജ് കുമാറിന്റെ മക്കളുടെ ലക്ഷ്യം.

ജോലി സ്ഥലത്ത് ഒരു ഇഷ്ടികയുണ്ടാക്കിയാൽ 50 പൈസയാണ് മനോജ് കുമാറിന് കൂലിയായി ലഭിക്കുക. ഇങ്ങനെ ദിവസം 250 രൂപയ്ക്കുള്ള ഇഷ്ടികകളാണ് ഉണ്ടാക്കുക. മനോജ് കുമാറിന്റെ അച്ഛൻ അടുത്തിടെയാണ് ആസ്ത്മ ബാധിച്ചു മരിച്ചത്. അതുവരെയുള്ള സമ്പാദ്യമെല്ലാം ചെലവാക്കിയായിരുന്നു അച്ഛന്റെ ചികിൽസ നടത്തിയത്. അന്നു ലോട്ടറി അടിച്ചിരുന്നെങ്കിൽ അതു കൂടുതൽ സഹായമാകുമായിരുന്നെന്നും മനോജ് കുമാർ പറയുന്നു.