Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തവണ വിജയസാധ്യത കൂടുതൽ; പ്രവർത്തകർക്ക് മന്ത്രവുമായി പ്രധാനമന്ത്രി മോദി

Narendra Modi നരേന്ദ്ര മോദി.

ന്യൂഡൽഹി∙ 2019ലെ പൊതുതിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാൻ ബിജെപി പ്രവർത്തകർക്കു മന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മേരാ ബൂത്ത്, സബ്സെ മസ്ബൂത്ത്’ (എന്റെ പോളിങ് ബൂത്ത്, ഏറ്റവും ശക്തം) എന്ന മന്ത്രം മനസ്സിലുറപ്പിച്ചു പ്രവർത്തിക്കണമെന്നു മോദി അണികളോടു നിർദേശിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി അഞ്ച് ലോക്സഭാ മണ്ഡലത്തിലെ പ്രവര്‍ത്തകരുമായി നമോ ആപ്പിലെ വിഡിയോ കോണ്‍ഫറന്‍സ് വഴി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ബിജെപിയുടെ ഏറ്റവും വലിയ ശക്തി പ്രവർത്തകരാണ്. പാർട്ടിക്കു ചരിത്രവിജയം നേടിത്തന്നത് അണികളുടെ കഠിനാധ്വാനമാണ്. അവരവരുടെ പോളിങ് ബൂത്തുകളിൽ ഏവരും പിടിമുറുക്കണം. മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് എന്നതാകണം നമ്മുടെ ഏക മന്ത്രവും ശക്തിയും’– മോദി പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തോടു മോദി പ്രതികരിച്ചതിങ്ങനെ: ‘കാറ്റ് ബിജെപിക്ക് അനുകൂലമാണ്. 2014നേക്കാൾ വിജയസാധ്യത ശക്തമാണ്. കാറ്റിൽ ഉലഞ്ഞുപോകാതിരിക്കാനാണു പ്രതിപക്ഷ പാർട്ടികൾ കൈകോർക്കുന്നത്. ഭരിക്കാൻ മാത്രമല്ല പ്രതിപക്ഷമെന്ന നിലയിലും കോണ്‍ഗ്രസ് പൂര്‍ണ പരാജയമാണ്. എൻഡിഎ ഭരണത്തുടര്‍ച്ച നേടും. മഹാസഖ്യമെന്നതു സര്‍ക്കാരിനെതിരെ ചില അവസരവാദികളുടെ കൂട്ടുകെട്ടാണ്. മോദി വിരോധം പറഞ്ഞു രാജ്യത്തിന്‍റെ സുരക്ഷാസേനയെ പ്രതിപക്ഷം അപമാനിക്കാന്‍ ശ്രമിക്കുന്നു. ബിജെപിയെ പോലെയല്ല, കോൺഗ്രസ് ഒരു കുടുംബത്തിന്റെ പാർട്ടിയാണ്’.

പാർട്ടി പ്രവർത്തകർ വോട്ടർമാരുമായി നിരന്തരം സമ്പർക്കം പുലർത്തണം. ചുരുങ്ങിയത് 20 കുടുംബങ്ങളുമായി ഒരാൾ ബന്ധപ്പെടണം. എല്ലാ പോളിങ് ബൂത്തിലും യുവാക്കൾ സജീവമാകണമെന്നും മോദി പറഞ്ഞു. 2013 സെപ്റ്റംബർ 13ന് തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പാർട്ടി നാമനിർദേശം ചെയ്ത സന്ദർഭവും മോദി അനുസ്മരിച്ചു. ബിജെപി സാധാരണക്കാരുടെ പാർട്ടിയാണ്. ഏതൊരു സാധാരണ പ്രവർത്തകനും നേതാവാകാൻ അവസരമുണ്ട്. തന്റെ സ്ഥാനത്തേക്കു നാളെ മറ്റൊരാൾ വരുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ജയ്പുർ (റൂറൽ), നവാഡ, ഗാസിയാബാദ്, ഹസാരിബാഗ്, അരുണാചൽ വെസ്റ്റ് മണ്ഡലങ്ങളിലെ പ്രവർത്തകരോടാണു മോദി സംസാരിച്ചത്.

related stories