Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരന്ത മേഖലയിലെ പുനരധിവാസം: കേരളം കര്‍ണാടകത്തെ കണ്ടു പഠിക്കണമെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം∙ കേരളത്തിലെ പ്രളയദുരന്തമേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒച്ചിന്റെ വേഗത്തില്‍ നീങ്ങുമ്പോള്‍, കർണാടകയിൽ പ്രളയത്തില്‍പ്പെട്ട കുടക് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയതു കേരളം കണ്ടുപഠിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇന്ത്യയിലെതന്നെ വിവിധ കേന്ദ്ര ഏജന്‍സികളുടെ സഹായം ഉറപ്പാക്കിയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എന്നാല്‍ കേരളമാകട്ടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്നു തീരുമാനിക്കാന്‍ കെപിഎംജിയെ പോലുള്ള വിദേശ ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിസഭ പോലും കൂടാനാകാത്തവിധം മന്ത്രിമാരുടെ പടലപിണക്കം അതിന്റെ ഉച്ചസ്ഥിതിയിലെത്തി നില്‍ക്കുകയാണ്.

നാഷനല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിസ്റ്റ്യുട്ട്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, ഐഎസ്‌ആര്‍ഒ, ഇന്ത്യന്‍ മെറ്റിരീയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കൃഷി മന്ത്രാലയം, മൂന്നു സേനാവിഭാഗങ്ങള്‍, ദേശീയ ദുരന്തനിവാരണ സേന എന്നിവയ്ക്കൊപ്പം ഭവന നിര്‍മാണത്തിനായി രാജീവ് ഗാന്ധി റൂറല്‍ ഹൗസിങ് കോര്‍പറേഷനും ചേർന്നാണ് കുടകിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വീടു പുനര്‍നിര്‍മാണത്തിന് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ക്യാംപുകളില്‍ കഴിയുന്നവരെ കാണിച്ചു ബോധ്യപ്പെടുത്തിയ ശേഷമാണ് വീടുകളുടെ നിര്‍മാണം. മണ്ണിടിച്ചിലിനെക്കുറിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഭൂചലനങ്ങളെക്കുറിച്ച് നാഷനല്‍ ജിയോളജിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസം, കൃഷി, നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

കേരളത്തിലാകട്ടെ, ദുരന്ത മേഖലയിലെ റോഡിലെ കുഴി പോലും അടയ്ക്കാന്‍ കഴിയാതെ കേരള സര്‍ക്കാര്‍ അന്ധാളിച്ചു നില്‍ക്കുകയാണ്. സര്‍ക്കാര്‍ ഇനിയെങ്കിലും അടിയന്തരമായി ദുരന്ത മേഖലയിലെ റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.