Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടൂരിലേത് ഭൂകമ്പമല്ല; പ്രകമ്പനവും ഇരുത്തലും; പഠനം നടത്താൻ ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രം

വർഗീസ് സി. തോമസ്
Crack on house | Adoor Pazhakulam വിണ്ടു കീറി... നൊന്തു നീറി... ഭൂചലനത്തെ തുടർന്ന് അടൂർ പഴകുളം കിഴക്കേതിൽ കൊറ്റോട്ടു ജമീല ബീവിയുടെ വീട്ടില‌‌െ ഭിത്തിയിൽ ഉണ്ടായ വലിയ വിള്ളൽ. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

പത്തനംതിട്ട ∙ മഹാപ്രളയം കഴിഞ്ഞ് ഒരു മാസം തികയുമ്പോൾ ആശങ്ക ഉണർത്തി ഭൂചലനവും. അടൂരിലും അയൽ ജില്ലകളിലുമാണ് കഴിഞ്ഞ ദിവസം പ്രകമ്പനം അനുഭവപ്പെട്ടത്. എന്നാൽ, അടൂരിലെ പ്രകമ്പനത്തിനു ഭൂചലനവുമായി ബന്ധമില്ലെന്നു കേന്ദ്ര ഭൗമശാസ്‌ത്ര പഠന കേന്ദ്രം (എൻസെസ്) വ്യക്‌തമാക്കി. ഇതു സംബന്ധിച്ചു പഠനം നടത്താൻ ഒരുങ്ങുകയാണെന്നും ജിയോളജി വിഭാഗം ഗവേഷകൻ ഡോ. വി. നന്ദകുമാർ പറഞ്ഞു.

crack-on-house-adoor-pazhakulam അടൂർ പഴകുളത്തെ വീട്ടിൽ ഭൂചലനത്തെ തുടർന്ന് ഉണ്ടായ വിള്ളൽ. ചിത്രം: മനോരമ

പ്രളയത്തിനു ശേഷം ഭൂമി സ്വയം ക്രമീകരിക്കുന്നതിന്റെ ഭാഗമായ ചെറുചലനം മാത്രമായതിനാലാണ് ഇത് രേഖപ്പെടുത്താതെ പോയത്. എൻസെസിലെ ഭൂകമ്പമാപിനിയിൽ ചെറിയ ചലനങ്ങൾ പോലും അളക്കാൻ കഴിയും. പക്ഷേ, അടൂരിലെ ചലനം ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.

Crack on land | Adoor Pazhakulam പഴകുളത്ത് ഭൂചലനത്തെ തുടർന്ന് മണ്ണിൽ ഉണ്ടായ വിള്ളൽ. ചിത്രം: മനോരമ

എന്നാൽ, പമ്പ, പെരിയാർ നദികളുടെ ഭ്രംശമേഖലകളിലും സമാന ചലനങ്ങൾക്കു സാധ്യതയുണ്ടോ എന്ന കാര്യം പഠനവിധേയമാകണമെന്ന് ഭൗമശാസ്‌ത്ര കേന്ദ്രം മുൻ ശാസ്‌ത്രജ്‌ഞനായ ഡോ. കെ. സോമൻ പറഞ്ഞു. സംസ്‌ഥാനത്തെ ഡാമുകളെല്ലാം മഴയിൽ നിറഞ്ഞതോടെ ഭൂഗർഭപാളികളിന്മേലുള്ള സമ്മർദം പെരുകി വിവിധ നദികളുടെ അടിയിലൂടെ പോകുന്ന ഭ്രംശമേഖലകളെ സജീവമാക്കിയിട്ടുണ്ടാകാം. ഇതാവാം പ്രകമ്പനമായി പുറത്തുവന്നത്.

Thomas Isaac visit ഭൂചലനത്തെ തുടർന്ന് വിള്ളലുണ്ടായ പഴകുളത്തെ വീടുകൾ മന്ത്രി തോമസ് ഐസക് സന്ദർശിക്കുന്നു.

ഇത്തരം ചെറുചലനങ്ങൾ രേഖപ്പെടുത്താൻ കഴിയാത്തത് ആശങ്ക ഉണർത്തുന്നതായി ഡോ. സോമൻ പറഞ്ഞു. അടൂർ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമോ തോതോ കണ്ടുപിടിക്കാൻ ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രത്തിനോ ഭൗമശാസ്‌ത്ര കേന്ദ്രത്തിനോ കഴിഞ്ഞിട്ടില്ല. റിക്‌ടർ സ്‌കെയിലിൽ മൂന്നിൽ താഴെയുള്ളവ അളക്കാൻ സംസ്‌ഥാനത്ത് സംവിധാനമില്ല. ഭൗമശാസ്‌ത്ര കേന്ദ്രത്തിനും വൈദ്യുതി ബോർഡിനും ഭൂകമ്പമാപിനികളുണ്ട്. ദുരന്തനിവാരണ വകുപ്പാണ് ഇത് ഏകോപിപ്പിക്കുന്നത്.

Mathew T Thomas visit പഴകുളം പുത്തൻവീട്ടിൽ ഷാഹുൽ ഹമീദിന്റെ വീട്ടിൽ ഉണ്ടായ വിള്ളൽ മന്ത്രി മാത്യു ടി. തോമസിനെ ചിറ്റയം ഗോപകുമാർ എംഎൽഎ കാട്ടിക്കൊടുക്കുന്നു. ജില്ലാ കലക്ടർ പി.ബി. നൂഹ് സമീപം.

ഡാം നിറയുമ്പോൾ ഭൂഗർഭപാളികളിൽ ഉണ്ടാകുന്ന സമ്മർദഫലമായുണ്ടാകുന്ന ആന്ദോളനമാണ് പലപ്പോഴും പ്രകമ്പന തരംഗമായി പുറത്തുവരുന്നത്. വിടവുകളിലൂടെ വെള്ളം താഴേക്കുപോകാമെന്നതിനാൽ ഭൂഗർഭജല ലഭ്യതയെ വരെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. ഡാമുകൾ ഏറെയുള്ള ഇടുക്കിയിൽ മാത്രം 278 മണ്ണിടിച്ചിലുണ്ടായി. ബാക്കി പത്തനംതിട്ടയിലും.

Crack on land | Adoor Pazhakulam പഴകുളത്ത് ഭൂചലനത്തെ തുടർന്ന് മണ്ണിൽ ഉണ്ടായ വിള്ളൽ. ചിത്രം: മനോരമ

പശ്‌ചിമഘട്ടത്തിൽ 412 ഇടത്ത് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും അതുവഴി മഹാപ്രളയത്തിനും കാരണമായ അസാധാരണ പ്രതിഭാസങ്ങൾക്കു പിന്നിൽ കാട്ടിനുള്ളിൽ സംഭവിച്ച നേരിയ ഭൂചലനങ്ങളുടെ കാണാക്കൈകളായിരുന്നോ എന്ന കാര്യവും ശാസ്‌ത്രലോകം ചർച്ച ചെയ്‌തു തുടങ്ങി. ഇതു നിരീക്ഷിക്കാൻ ഭൂകമ്പമാപിനികളുടെ ശൃംഖല സ്‌ഥാപിക്കണമെന്നും ഡോ. സോമൻ നിർദേശിച്ചു.

MM Mani Visit പള്ളിക്കൽ ചിറക്കോണിൽ ചിറയിൽ വിള്ളൽ വീണ വീട്ടിൽ എത്തി മന്ത്രി എം.എം. മണി വീട്ടുകാരോട് കാര്യങ്ങൾ ചോദിക്കുന്നു.

പഠനമാക്കേണ്ടത് മലയപർവതത്തിലെ ഭൂഘടനയും

ഗുജറാത്ത് മുതൽ പാലക്കാട് ചുരം വരെയുള്ള പ്രദേശമാണ് സഹ്യപർവതം. എല്ലാം സഹിക്കാനുള്ള ഉറപ്പ് അതിനുണ്ട്. അതിനു തെക്കോട്ട് സത്യത്തിൽ മലയപർവതമാണ്. മണ്ണിളക്കമുള്ള അത്ര ശക്‌തമല്ലാത്ത ഭൂഘടന. നദികളും അതിനു താഴെക്കൂടി ഭൂവിള്ളലുകളുമുണ്ട്. ഇതിൽ ഡാമുകളുടെ ശൃംഖലതന്നെയുണ്ട്. ഇത് ആനമലയ്‌ക്കും തെന്മലയ്‌ക്കും ഇടയിൽ സമീപകാലത്ത് ചെറുചലനങ്ങൾ വർധിക്കാൻ കാരണമാകുന്നോ എന്ന സംശയമാണ് ചില ഭൗമഗവേഷകർ പങ്കുവയ്‌ക്കുന്നത്.

related stories