Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്യയ്ക്കെതിരായ ലുക്കൗട്ട് നോട്ടിസ് മാറ്റിയത് മോദി അറിഞ്ഞ്: ആക്രമണം ശക്തമാക്കി രാഹുൽ

Rahul Gandhi, Narendra Modi രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി

ന്യൂഡൽഹി∙ വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കച്ചമുറുക്കിയ കോൺഗ്രസ്, കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ആക്രമണത്തിന്റെ മൂർച്ച കൂട്ടി. മല്യ ഇന്ത്യ വിട്ടതു നരേന്ദ്ര മോദിയുടെ അറിവോടെയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു.

വിമാനത്താവളത്തിൽ മല്യയെ അറസ്റ്റ് ചെയ്യുന്നതിനുള്ള ലുക്കൗട്ട് നോട്ടിസ് മാറ്റി, വിവരം അറിയിക്കുക എന്ന നിലയിലുള്ള റിപ്പോർട്ട് നോട്ടിസ് ആക്കിയതു സിബിഐ ആണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു സിബിഐ. ഇത്തരമൊരു പ്രധാന കേസിൽ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ സിബിഐ റിപ്പോർട്ട് മാറ്റില്ല– രാഹുൽ പറഞ്ഞു.

ലണ്ടനിലേക്കു പോകും മുൻപു ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ കണ്ടെന്ന മല്യയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. മല്യയെ കണ്ടെങ്കിലും ചർച്ചയൊന്നും നടത്തിയിട്ടില്ലെന്നായിരുന്നു ജയ്റ്റ്ലി പ്രതികരിച്ചത്. ലുക്കൗട്ട് നോട്ടിസ് ഉള്ള മല്യ ലണ്ടനിൽ പോകുന്ന കാര്യം അറിയിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥരെ ജയ്റ്റ്ലി അറിയിച്ചില്ലെന്നും രാജി വയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ജയ്റ്റ്ലിക്കെതിരായ ആക്രമണം തുടരുന്നതിനിടെയാണു പ്രധാനമന്ത്രിക്കു നേരെയും കോൺഗ്രസ് തിരിഞ്ഞത്. 2016 മാർച്ച് ഒന്നിനു ജയ്റ്റ്ലിയും മല്യയും പാർലമെന്റിലെ സെൻട്രൽ ഹാളിൽ 20 മിനിറ്റ് ചർച്ച നടത്തിയതിനു കോൺഗ്രസ് രാജ്യസഭാംഗം പി.എൽ.പുനിയ സാക്ഷിയാണെന്നു രാഹുൽ പറഞ്ഞു. മല്യയെ സഹായിച്ചതിൽ കേന്ദ്ര സർക്കാരിനുള്ള പങ്കു പുറത്തുകൊണ്ടുവരാൻ നിയമപരമായ എല്ലാ കാര്യങ്ങളും കോൺഗ്രസ് ചെയ്യുമെന്നും രാഹുൽ വ്യക്തമാക്കി.