Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചുവരും, മീൻ കച്ചവടം തുടരും, ഡോക്ടറാകും: മന്ത്രിയോട് ഹനാൻ

ac-moitheen-visiting-hanan-hamid മന്ത്രി എ.സി. മൊയ്തീൻ ആശുപത്രിയിലെത്തി ഹനാനെ കാണുന്നു.

കൊച്ചി∙ ‘ആശുപത്രിവാസം കഴിഞ്ഞാല്‍ ഉടന്‍ മീന്‍ കച്ചവടം ആരംഭിക്കണം. പുതിയ കിയോസ്‌ക് അനുവദിക്കാമെന്ന് മേയര്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും വേണം’ - അപകടത്തെ തുടര്‍ന്നു മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന തന്നെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി എ.സി.മൊയ്തീനോടു ഹനാ‍ൻ പറഞ്ഞു‍. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്മെന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്ന ധനസഹായം സ്വീകരിക്കാനും ഹനാനെ കാണാനും എത്തിയതായിരുന്നു മന്ത്രി.

മുന്‍പത്തേക്കാള്‍ ക്ഷീണമാണെന്നു മന്ത്രി പറഞ്ഞപ്പോൾ പുതിയ ഹനാനായി തിരിച്ചു വരും എന്നായിരുന്നു ഹനാന്റെ മറുപടി. ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. പൂര്‍ണ ആരോഗ്യത്തോടെ ഉടന്‍ ആശുപത്രി വിടാന്‍ കഴിയട്ടെയെന്നു ആശംസിച്ചു. ആശുപത്രി വിട്ടാലുടന്‍ മീന്‍ കച്ചവടം തുടങ്ങണമെന്നാണ് ആഗ്രഹം. കൂടുതല്‍ പഠിക്കണമെന്നും ഡോക്ടറാകണമെന്നും ഹനാന്‍ പറഞ്ഞു. ജോൺ ബ്രിട്ടാസ് സര്‍ നല്‍കിയ പേന ഉയര്‍ത്തി ഇതു തനിക്കു കൂടുതല്‍ ധൈര്യം പകരുന്നുവെന്ന് ഹനാന്‍ പറഞ്ഞപ്പോള്‍, ഇരട്ടി ധൈര്യത്തിന് ഇതുകൂടി ഇരിക്കട്ടെ എന്നുപറഞ്ഞ് മറ്റൊരു പേന മന്ത്രി സമ്മാനിച്ചു. ഹനാനു കച്ചവടം നടത്താനും ആഗ്രഹിക്കുന്നിടത്തോളം പഠിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നു മന്ത്രി അറിയിച്ചു.

പ്രളയത്തിനു ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നു മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. പുഴകളില്‍ അടിഞ്ഞിട്ടുള്ള മണല്‍ വാരുന്നതിനു കൃത്യമായ മാനദണ്ഡമുണ്ടാക്കും. എടുക്കാന്‍ കഴിയുന്ന മണലിന്റെ തോത് വിലയിരുത്തി മിതമായ വിലയില്‍ മണല്‍ ലഭ്യമാക്കും. ലൈഫ് പദ്ധതികള്‍ക്കടക്കം ഇതുപയോഗിക്കും. കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ പരിസ്ഥിതിയും സംബന്ധിച്ചു സര്‍ക്കാര്‍ പഠനം നടത്തും. പുഴകളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നേരത്തേ ആരംഭിച്ചതാണ്. ജലവിഭവങ്ങള്‍ക്കു പ്രത്യേക പ്രാധാന്യമാണു സര്‍ക്കാര്‍ നല്‍കിവരുന്നതെന്നും മന്ത്രി അറിയിച്ചു.

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി.വി.ലൂയിസ്, ഡോ. മുഹമ്മദ് ഇഖ്ബാല്‍, ഡോ. മരിയ വര്‍ഗീസ്, ഡോ. ദീപു, ഡോ. രേഖ, ഡോ. ജോജോ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആശുപത്രി മാനേജ്മെന്റ് 15 ലക്ഷം രൂപ നല്‍കി. മാനേജിങ് ഡയറക്ടര്‍ പി.വി.ആന്റണിയില്‍നിന്നു മന്ത്രി ചെക്ക് ഏറ്റുവാങ്ങി.