Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാർ ഷട്ടറുകൾ തുറക്കാൻ ചട്ടം തേടി കേരളത്തിന്റെ കത്ത്

ഉല്ലാസ് ഇലങ്കത്ത്
Mullapperiyar Dam മുല്ലപ്പെരിയാർ ഡാം

തിരുവനന്തപുരം∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ തമിഴ്നാട് തയാറാകാത്ത സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്റെ നേതൃത്വത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കത്തയച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേല്‍നോട്ടത്തിന് സ്ഥിരം സംവിധാനം േവണമെന്നും കേന്ദ്ര ജലകമ്മിഷന്‍റെ ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയര്‍ ഗുല്‍ഷന്‍ രാജിന് അയച്ച കത്തില്‍ സംസ്ഥാന ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആവശ്യപ്പെട്ടു.

കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനെ സംബന്ധിച്ച് കേരളം ഉയര്‍ത്തിയ വാദങ്ങള്‍ തമിഴ്നാട് മുഖവിലയ്്ക്കെടുത്തിരുന്നില്ല. ജലനിരപ്പ് 142 അടിയിലെത്തിയപ്പോള്‍, ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഷട്ടറുകളെല്ലാം മുന്നറിയിപ്പില്ലാതെ ഉയര്‍ത്തുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്താന്‍ ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന ആവശ്യത്തില്‍നിന്ന് നാലുവര്‍ഷമായി തമിഴ്നാട് ഒഴിഞ്ഞു മാറുകയാണ്. ഗേറ്റ് ഓപ്പറേഷന് ശരിയായ പ്രോട്ടോകോള്‍ ഉണ്ടാകണമെന്ന് രണ്ടാമത്തെ മേല്‍നോട്ട സമിതിയുടെ യോഗം മുതല്‍ കേരളം ആവശ്യപ്പെടുന്നതാണ്. സ്പില്‍വേ ഓപ്പറേഷന്‍ ചട്ടങ്ങള്‍ തമിഴ്നാട് നല്‍കിയത് നേരത്തേ മേല്‍നോട്ട സമിതി അംഗീകരിച്ചിരുന്നു. പിന്നീട് തമിഴ്നാടിന്റെ കരട് റിപ്പോര്‍ട്ട് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്റെ ഹൈഡ്രോളജി ഡയറക്ടറ്ററേറ്റിന് അയച്ചു കൊടുത്തു. കുറവുകള്‍ അവര്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് മേല്‍നോട്ട സമിതി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടു. ഇതുവരെ തമിഴ്നാട് ഇതിനു തയാറായിട്ടില്ല. സുപ്രീംകോടതി വിധി അനുസരിച്ച് ചട്ടങ്ങള്‍ അംഗീകരിക്കാനുള്ള അധികാരം മേല്‍നോട്ട സമിതിക്കാണ്. കനത്ത മഴ പെയ്ത ഓഗസ്റ്റ് മാസത്തില്‍ ഇടുക്കിയില്‍ 800 മുതല്‍ 830 മില്ലീമീറ്റര്‍ മഴപെയ്തപ്പോള്‍ മുല്ലപെരിയാറില്‍ ലഭിച്ചത് 240 മുതല്‍ 320 മില്ലീമീറ്റര്‍ മഴയാണ്. മുല്ലപ്പെരിയാറിൽ  മഴ കുറഞ്ഞതാണു വലിയ പ്രതിസന്ധിയില്‍നിന്ന് കേരളത്തെ രക്ഷിച്ചത്. തുലാവര്‍ഷത്തിലാണ് സാധാരണ മുല്ലപ്പെരിയാറിൽ മഴ കൂടുതല്‍ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളം കേന്ദ്ര ജല കമ്മിഷനെ സമീപിച്ചത്. 

ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2408.5 അടിയാണ്. 2403 അടിയാണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍(എഫ്ആര്‍സി). മഴക്കാലത്ത് ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ 2399 അടിയില്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു. സെക്കന്‍ഡില്‍ 88,500 ഘനയടി വെള്ളം അണക്കെട്ടിലേക്ക് വന്നപ്പോള്‍ സെക്കന്‍ഡില്‍ 53,000 ഘനയടി വെള്ളം തുറന്നുവിട്ടു. 2399 അടി ഉയരത്തില്‍ അണക്കെട്ടില്‍ വെള്ളം നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ 2399 അടിക്കും 2408.5 അടിക്കും ഇടയില്‍ 6.33 ടിഎംസി ജലം സംഭരിക്കാന്‍ കഴിയും. സെക്കന്‍ഡില്‍ 73,500 ഘനയടി വെള്ളമെന്ന തോതില്‍  24 മണിക്കൂര്‍ നേരത്തേക്ക് ഒഴുകിയെത്തുന്ന വെള്ളം അണക്കെട്ടില്‍ ശേഖരിച്ചു നിര്‍ത്താം. 

650 സ്ക്വയര്‍ കിലോമീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. മുല്ലപ്പെരിയാറിന്റേത് 636 സ്ക്വയര്‍ കിലോമീറ്ററും. വൃഷ്ടിപ്രദേശം ഏകദേശം ഒരുപോലെയാണെങ്കിലും മുല്ലപ്പെരിയാറിന്റെ സംഭരണശേഷി കുറവാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അനുവദനീയമായ സംഭരണശേഷി 142 അടിയാണ്. മേല്‍നോട്ട സമിതിയുടെ 2014 നവംബര്‍ മാസത്തിലെ നിര്‍ദേശമനുസരിച്ച് തമിഴ്നാട് ജലനിരപ്പ് നിര്‍ത്തേണ്ടത് 140 അടിയിലാണ്. ഇതു രണ്ടിനുമിടയില്‍ സംഭരിക്കാന്‍ കഴിയുന്നത് കേവലം അര ടിഎംസി വെള്ളമാണ്. 24 മണിക്കൂറില്‍ ശേഖരിച്ചു നിര്‍ത്താന്‍ കഴിയുന്നത് സെക്കന്‍ഡില്‍ 6250 ഘനയടി നീരൊഴുക്ക് മാത്രം. ജലനിരപ്പ് 136 അടിയില്‍നിര്‍ത്തിയാല്‍ 142 അടിവരെ 1.55 ടിഎംസി വെള്ളം ശേഖരിക്കാന്‍ കഴിയും. സെക്കന്‍ഡില്‍ 1800 ഘനയടി വെള്ളം ഒഴുകിയെത്തുന്നത് 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്താന്‍ കഴിയും.

പ്രളയ കാലത്ത് പെയ്ത മഴയുടെ സിംഹഭാഗവും കക്കി, ഇടുക്കി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തേക്ക് പങ്കുവയ്ക്കപ്പെട്ടു എന്നാണ് കേന്ദ്ര ജല കമ്മിഷന്റെ റിപ്പോര്‍ട്ട്. ഇതു ഭാഗികമായി നിയന്തിക്കാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ട്. മുല്ലപ്പെരിയാറിലാകട്ടെ ഇങ്ങനെ നിയന്ത്രിക്കാൻ ഇപ്പോൾ തമിഴ്നാട് മുമ്പോട്ട് വക്കുന്ന രണ്ട് അടി നിയന്ത്രണം കൊണ്ട് സാധിക്കില്ല. പരമാവധി സംഭരണശേഷിയ്ക്ക് മുന്‍പായി, സെക്കന്‍ഡില്‍ 18,000 ഘനയടി വെള്ളം സംഭരിക്കാനുള്ള ഇടം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.

പ്രളയകാലത്ത് അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത് തമിഴ്നാടാണ്. രാത്രി 1.30നാണ് അണക്കെട്ട് തുറന്നത്. നിരവധി ആളുകളെ അണക്കെട്ടിന്റെ താഴെയുള്ള ഭാഗങ്ങളില്‍നിന്ന് ഒഴിപ്പിക്കേണ്ടിവന്നു. കേരളം ജാഗ്രതയോടെ പ്രവര്‍ത്തിച്ചതിനാലാണ് ദുരന്തം ഒഴിവായത്. അണക്കെട്ടുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനില്‍ക്കുന്നത് 1939ലെ ചട്ടങ്ങളാണ്. ഇടുക്കി അണക്കെട്ട് വന്നശേഷം മേഖലയിലെ ജനസാന്ദ്രത കൂടി. ഇതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.