കൊച്ചി ∙ സൂപ്പർ മോഡലുകളെത്തി; സ്വപ്ന ഡിസൈനുകളുമായി വിഖ്യാത ഡിസൈനർമാരും. ലേ മെറിഡിയൻ കൺവൻഷൻ സെന്ററിലെ റാംപിൽ വിവാഹ ഫാഷൻ സങ്കൽപങ്ങളുടെ ഉത്സവത്തിനു തുടക്കം.
വൃന്ദാവനത്തിന്റെ പശ്ചാത്തലമൊരുക്കിയ സെറ്റിൽ ഇന്ത്യയുടെ പാരമ്പര്യത്തനിമകളെ ഇളംനിറങ്ങളിൽ ആവാഹിച്ച് സൂപ്പർമോഡലുകൾ വധൂവരൻമാരായി റാംപിൽ ചുവടുവച്ചതോടെ എംഫോർമാരി.കോം അണിയിച്ചൊരുക്കുന്ന ബ്രൈഡൽ ഫാഷൻ വീക്കിനു തുടക്കം.

കല്യാൺ ജ്വല്ലേഴ്സിന്റെ സഹകരണത്തോടെ ഹോട്ടൽ ലേ മെറിഡിയനിൽ സംഘടിപ്പിക്കുന്ന ഷോയിൽ രാജ്യത്തെ മുൻനിര ഡിസൈനറായ അഞ്ജു മോദിയുടെ 2018 വെഡ്ഡിങ് കലക്ഷനുകളാണ് വെള്ളിയാഴ്ച ഫാഷൻ ആസ്വാദകരുടെ മനം കവർന്നത്. രാജ്യത്തെ തനതു വസ്ത്രങ്ങളെയും പരമ്പരാഗത ബിംബങ്ങളെയും കോർത്തിണക്കിയ വിവാഹ വസ്ത്രങ്ങളുടെ പുത്തൻ ഡിസൈനുകളാണ് അഞ്ജു അവതരിപ്പിച്ചത്.
ലക്ഷ്മി റാണ, സൊനാലിക സഹായ്, ഐശ്വര്യ സുസ്മിത, ഹേമാംഗി പാർതേ, അർച്ചന അകിൽകുമാർ, സപ്ന കുമാരി, നയോനിക ചാറ്റർജി തുടങ്ങിയ രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ 20 വനിതാ മോഡലുകളും നാലു പുരുഷ മോഡലുകളാണ് റാംപിൽ അണിചേർന്നത്.
രാധാമാധവപ്രമേയത്തിൽ അഞ്ജു മോദി ഒരുക്കിയ ബ്രൈഡൽ കലക്ഷനുകൾ എല്ലാം ഏറെ പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഡൽഹിയിൽ നിന്നുള്ള കർണാടക സംഗീതജ്ഞ വിധി ശർമ ഫാഷൻ ഷോയ്ക്കു തൽസമയ സംഗീതമൊരുക്കി. കൈത്തറിയിൽ തീർത്ത വിവാഹവസ്ത്രശേഖരത്തിൽ വേറിട്ട എംബ്രോയിഡറി, ക്രിസ്റ്റൽ വർക്കുകളും ശ്രദ്ധേയമായി.

10-ാം വാർഷികം ആഘോഷിക്കുന്ന പ്രമുഖ വൈവാഹിക പോർട്ടലായ എംഫോർമാരി.കോം സംഘടിപ്പിക്കുന്ന വെഡ്ഡിങ് വീക്ക് ഫാഷൻ ഷോയിൽ രാജ്യത്തെ പ്രമുഖരായ മൂന്നു ഡിസൈനർമാരാണ് മൂന്നു ദിവസമായി റാംപിൽ ഡിസൈനുകൾ അവതരിപ്പിക്കുന്നത്.
പാശ്ചാത്യ-പൗരസ്ത്യ വിവാഹ ഡിസൈനുകളുടെ വൈവിധ്യവുമായി സെലിബ്രിറ്റി ഡിസൈനർ തരുൺ താഹിലിയാനി ശനിയാഴ്ച കൊച്ചിയിലെ ഫാഷൻ പ്രേമികൾക്കു മുന്നിലെത്തും.

ഞായറാഴ്ചത്തെ ഗ്രാൻഡ് ഫിനാലെയിൽ ഡിസൈനർ ഗൗരവ് ഗുപ്ത ‘ഭാവിയുടെ വിവാഹ സങ്കൽപങ്ങൾ’ ആധുനികതയുടെ അഴകോടെ അവതരിപ്പിക്കും.
ഫാഷൻ ഷോകൾ കാണാൻ താൽപര്യമുള്ളവർക്ക് എന്റെഡീൽ.കോം വെബ്സൈറ്റിൽനിന്നു ടിക്കറ്റുകൾ സ്വന്തമാക്കാം.

കല്യാൺ ജ്വല്ലേഴ്സ് മുഖ്യ പ്രായോജകരായ എംഫോർമാരി വെഡ്ഡിങ് വീക്കിന്റെ സഹപ്രായോജകർ ഡിഎച്ച്ഐ, അംബിക പിള്ള സലൂൺസ്, ഇവിഎം ബിഎംഡബ്ല്യു, ലേ മെറിഡിയൻ എന്നിവരാണ്.
വൃന്ദാവന മോടിയോടെ വേദി
നിറം മങ്ങിയ വേദിയിൽ നിറപ്പകിട്ടാർന്ന വേഷങ്ങൾ മഴവില്ലു വിരിക്കുന്ന കാഴ്ചയാണ് എം4മാരി.കോം ഫാഷൻ വീക്കിന്റെ ആദ്യ ദിനത്തിൽ വിരുന്നൊരുക്കിയത്. ശ്രീകൃഷ്ണന്റെ വൃന്ദാവനത്തെ അപ്പാടെ വേദിയിലേക്കു കൊണ്ടുവരുന്നതായിരുന്നു ഷോയ്ക്കു വേണ്ടി ഒരുക്കിയ സെറ്റ്.

മാൻപേടകളും ഗോക്കളും മയിലുകളും അരയന്നങ്ങളുമെല്ലാം വേദിയിൽ സ്ഥാനം പിടിച്ചു. എല്ലാം കറുപ്പും വെളുപ്പും നിറങ്ങളിൽ വരച്ചെടുത്തവ. ചെടികളും മരങ്ങളുമെല്ലാം നിറഞ്ഞ പ്രകൃതി അതുപോലെതന്നെ ഒരുക്കി.

വെളുത്ത പ്രതലത്തിൽ കറുത്ത മഷികൊണ്ടു വൃന്ദാവനത്തിന്റെ ചിത്രം വരച്ചത് ഡിസൈനർ അഞ്ജു മോദി. വാഴയും ചേമ്പും പൂച്ചെടികളും തുടങ്ങി കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളുടെ പ്രതീതി ഉണർത്തുന്ന ചെടികളും മരങ്ങളും വള്ളികളും കൊണ്ടാണു വേദി അലങ്കരിച്ചത്.
കണ്ണിൽ കുത്തുന്ന ചായങ്ങളില്ലാതെ, മനസ്സിൽ നിറയുന്ന കാഴ്ചകളാണെല്ലാം. ബ്ലാക്ക് ആൻഡ് വൈറ്റ് ഉദ്യാനത്തിലേക്കു വിടർന്ന പൂക്കളെ പോലെയാണ് ഓരോ വധുവും കടന്നു വന്നത്.

മാസങ്ങളോളമെടുത്തു തയാറാക്കിയ ഹാൻഡ്മേഡ് വസ്ത്രങ്ങളുടെ നിറങ്ങൾ ഉദ്യാനത്തിന്റെ ശോഭ കൂട്ടി. വേദിയും കാണികളും തമ്മിലുള്ള അന്തരം പോലും മനസ്സിലാകാത്ത വിധമാണു സെറ്റ് ക്രമീകരിച്ചത്. ബോളിവുഡ് സിനിമകളെ വെല്ലുന്ന സെറ്റ് ഡിസൈൻ ചെയ്തതും അഞ്ജു മോദി തന്നെ.

വൃന്ദാവനമെന്നോ ഇന്ത്യൻ ഗ്രാമങ്ങളുടെ പ്രതീകമെന്നോ സെറ്റിനെ വിളിക്കാമെന്ന് അവർ പറയുന്നു. ഓരോ ഡിസൈനർ വസ്ത്രവും ഇന്ത്യൻ ഗ്രാമീണതയുടെ പാരമ്പര്യമാണു വിളിച്ചോതിയത്.
ലെഹംഗകൾ ശനിയാഴ്ച ലഹരിയാവും
എം4 മാരി.കോം അണിയിച്ചൊരുക്കുന്ന ബ്രൈഡൽ വീക്കിൽ ശനിയാഴ്ച ലെഹംഗകളുടെ ഉത്സവം. തരുൺ താഹിലിയാനി ഡിസൈൻ ചെയ്ത മനോഹരമായ ലെഹംഗകളണിഞ്ഞു രാജ്യത്തെ മുൻനിര മോഡലുകൾ റാംപിൽ ചുവടുവയ്ക്കും. പാരമ്പര്യ വസ്ത്രങ്ങളുടെ തനിമയും ആധുനികതയുടെ സൗന്ദര്യവും ഇഴചേർന്ന ലെഹംഗകൾ ഇന്ത്യൻ വധുവിനു നൽകുന്ന പ്രൗഢി കാണാനാകും.

ഓരോ ലെഹംഗയും തയാറാക്കാൻ മൂന്നു മാസത്തിലധികം സമയം വേണ്ടിവരും. റെഡ്, റൂബി, ഓറഞ്ച്, പിങ്ക് തുടങ്ങിയ കടുംനിറങ്ങളിൽ ക്രിസ്റ്റലുകളുടെയും ഇന്ത്യൻ എംബ്രോയിഡറിയുടെയും സമൃദ്ധി ദൃശ്യമാകും. ആഭരണത്തേക്കാൾ, വധുവിനെ അലങ്കരിക്കുന്ന ഹെവി ലെഹംഗകളുടെ ശേഖരവുമായാണു തരുൺ എത്തുന്നത്.
ബോളിവുഡ് താരങ്ങളുടെയെല്ലാം സ്വപ്ന ഡിസൈനറായ തരുൺ, മോഡേൺ ഫാബ്രിക്കുകളായ ഷിയർ സിൽക്, റെഷാംസ്, ലൈറ്റ് ബ്രേക്കേഡ്, ബാന്ദിനി തുടങ്ങിയവയിലാണു ലെഹംഗകളും ഗൗണുകളും കുർത്തികളുമൊരുക്കിയത്. ഹെവി ലുക്ക് നൽകുന്ന ലൈറ്റർ ഡിസൈനുകൾ വളരെ ഭാരം കുറഞ്ഞവയുമാണ്. ക്രിസ്റ്റലുകൾക്കൊപ്പം സർദോസിയിലും ആരിയിലും ചിക്കൻകാരിയിലുമുള്ള ക്ലാസിക് ഇന്ത്യൻ എംബ്രോയിഡറി വർക്കുകളുമാണ് തരുണിന്റെ വസ്ത്രശേഖരത്തെ അതുല്യമാക്കുന്നത്.