Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംയുക്ത കാര്യാലയം തുറന്ന് ഉത്തര – ദക്ഷിണ കൊറിയകൾ; മെച്ചപ്പെട്ട സഹകരണം ലക്ഷ്യം

moon-jae-in-kim-jong-un ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയയിൽ നടത്തിയ സമാധാന ചർച്ചയ്ക്കിടെ (ഫയൽ ചിത്രം)

സോൾ ‍∙ സമാധാന ചർച്ചകൾക്കു കരുത്തു പകർന്നു ദക്ഷിണ കൊറിയയും ഉത്തര കൊറിയയും സംയുക്തമായി ഉഭയചർച്ചാ കാര്യാലയം തുറന്നു. അതിർത്തിയിൽ ഉത്തര കൊറിയയുടെ മേഖലയിലാണു കാര്യാലയം തുടങ്ങിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാര്യാലയം മുഖേനയായിരിക്കും ഇരു കൊറിയകളും തമ്മിലുള്ള ആശയവിനിമയം.

ഫാക്സും പ്രത്യേക ടെലിഫോൺ ശൃംഖല വഴിയുമായിരുന്നു ഇതുവരെയുള്ള ആശയവിനിമയം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടുമ്പോൾ‌ ആശയവിനിമയത്തിലും മറ്റും ഇതു പ്രതിഫലിക്കുക പതിവായിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകരമാകും. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ ഇന്നും ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും തമ്മിലുള്ള മൂന്നാം ഘട്ട ഉഭയകക്ഷി ചർച്ച അടുത്താഴ്ച നടത്താനിരിക്കെയാണു പുതിയ നീക്കം.

ഉത്തരകൊറിയയുടെ സമ്പൂർണ ആണവനിരായുധീകരണം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കൊറിയകൾ തമ്മിലുള്ള ചർച്ചയും നടക്കുന്നത്. ഉത്തരകൊറിയയും യുഎസും തമ്മിൽ ആണവനിരായുധീകരണത്തെ കുറിച്ചു നടക്കുന്ന ചർച്ചകളുടെ മധ്യസ്ഥത ദക്ഷിണ കൊറിയക്കായിരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അടുത്തിടെ അറിയിച്ചിരുന്നു.

ഇരു കൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഘട്ടം ഘട്ടമായി നടക്കുന്ന ചർച്ചകള്‍ക്കു കൂടുതൽ ശക്തി നൽകാൻ പുതിയ കാര്യാലയം സഹായിക്കുമെന്ന പ്രതീക്ഷ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികൾ പങ്കുവച്ചു. 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന കാര്യാലയത്തിൽ ഇരു രാജ്യങ്ങളിൽ നിന്നും ഇരുപതു പ്രതിനിധികൾ വീതമാണ് ഉണ്ടാകുക.

ദക്ഷിണ കൊറിയയുടെ പ്രതിനിധികൾ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലും ഉത്തരകൊറിയയിലെ പ്രതിനിധികൾ നാലാം നിലയിലുമാണ് പ്രവർത്തിക്കുക. ഉപമന്ത്രിതലത്തിലുള്ള ഉദ്യോഗസ്ഥരാകും ഇരുസംഘങ്ങൾക്കും നേതൃത്വം വഹിക്കുക. ആഴ്ച തോറുമുള്ള അവലോകന യോഗങ്ങളും ലക്ഷ്യമിടുന്നു.