Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാൽ പരിസ്ഥിതിവാദിയാകില്ല: ജോര്‍ജ്

PC George പി.സി.ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കുന്നില്ലെന്ന് പി.സി. ജോർജ് എംഎൽഎ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഗാഡ്ഗിൽ റിപ്പോർട്ടിൻമേൽ കൃത്യമായി തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാൽ പരിസ്ഥിതിവാദിയാകില്ലെന്നും ജോർജ് കൂട്ടിച്ചേർത്തു.

പ്രളയത്തിൽനിന്നു കരകയറാൻ മലയാളികൾ നന്നായി സഹായിച്ചെന്നും ജോർജ് വ്യക്തമാക്കി. ഇനിയും പണം നൽകും. തന്റെ രണ്ടുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നൽകും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടക്കുന്നില്ല. ചെറുകിട കച്ചവടക്കാർക്കു പ്രത്യേക പരിഗണന നല്‍കണം. മന്ത്രിമാർ പണം പിരിക്കാനായി വിദേശത്തേക്കു പോവേണ്ട. വിദേശ രാജ്യങ്ങളിൽനിന്നു സഹായം ലഭിക്കുന്നതിനുള്ള അവസരം കേന്ദ്ര സർക്കാർ നൽകണം. മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ നൽകിയ സേവനങ്ങൾക്കുള്ള അംഗീകാരമായാണു ഗൾഫ് രാജ്യങ്ങൾ കേരളത്തെ സഹായിക്കാൻ എത്തിയത്.

ഗ്രാമീണ റോഡുകൾ തകർന്നു. വെറുതേ തട്ടിക്കൂട്ടിപ്പണി ആക്കരുത്. മഴയ്ക്കുശേഷം മീനച്ചിലാറ്റിൽ വെള്ളം വറ്റി. മണ്ണും ചെളിയും മണലും ചേർന്നു കോൺക്രീറ്റ് പരുവത്തിലായിരിക്കയാണ്. പുറമ്പോക്കിൽ ഇനി വീടുവയ്ക്കാൻ അനുമതി നൽകരുത്. പാട്ടക്കാലാവധി കഴിഞ്ഞ വൻകിടക്കാരുടെ ഭൂമി എറ്റെടുത്തു ഭൂമി ഇല്ലാത്തവർക്ക് നല്‍കണം. കാവിയുമിട്ടു സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാൽ പരിസ്ഥിതിവാദിയാകില്ല.

കന്യാസ്ത്രീക്കെതിരായ അപകീർത്തികരമായ പരാമർശം നടത്തിയ വിഷയത്തിൽ ദേശീയ വനിതാ കമ്മിഷന്റെ സമൻസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജോർജ് കൂട്ടിച്ചേർത്തു. ലഭിക്കുമ്പോൾ അതിനു മറുപടി പറയും. സിസ്റ്റർമാർ തമ്മിലുള്ള തർക്കമാണ് ഈ സ്ഥിതിയിൽ എത്തിയതെന്നും ജോർജ് കൂട്ടിച്ചേർത്തു.