തിരുവനന്തപുരം∙ സാലറി ചാലഞ്ചില്‍ ജീവനക്കാര്‍ക്ക് ആശ്വാസവഴിയൊരുക്കി ധനവകുപ്പ്. ശമ്പള, പെന്ഷന് പരിഷ്കരണങ്ങളുടെ നാലാം ഗഡു പണമായി ഒന്നാംതിയതി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. കൈയില്‍കിട്ടുന്ന ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക ഇതിലൂടെ ജീവനക്കാര്‍ക്കു ലഭിക്കും.
ശമ്പള, പെന്ഷന് പരിഷ്കരണങ്ങളുടെ ആദ്യ മൂന്നുഗഡു പിഎഫില്‍ ലയിപ്പിച്ചിരുന്നു. ദുരിതാശ്വാസത്തിനു നല്‍കുന്നതിന്റെ ഒരു വിഹിതം കൈയിലെത്തിക്കുകയാണു ലക്ഷ്യം. ഇതിനായി വിതരണം ചെയ്യുന്നത് 1538 കോടി രൂപയാണ്. ശമ്പളം നല്‍കാനുള്ള നിര്‍ദേശത്തിനെതിരെ പല കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണു തീരുമാനം. സാലറി ചാലഞ്ചിനെതിരെ വാട്സാപ്പ് പോസ്റ്റിട്ട സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഏരിയാ കണ്‍വീനറെ സ്ഥലംമാറ്റിയ നടപടി വിവാദമായതോട കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
വീട്ടിലെ പരാധീനതകൾ കാരണം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ കഴിയില്ലെന്നും പകരം ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നൽകാമെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ നിലപാട്. തുടര്‍ന്ന് ധനവകുപ്പിലെ സെക്ഷൻ ഒാഫിസർ കെ.എസ്. അനിൽരാജിനെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇതു പിന്നീട് രാത്രി വൈകി റദ്ദാക്കി.