Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിലെ ‘ജലസൈന്യ’ത്തിന് അവഗണന; മത്സ്യഫെഡിനു മെല്ലെപോക്ക്

fishermen-rescue-operation വെള്ളപൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ.

തിരുവനന്തപുരം∙ കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തില്‍ ജനങ്ങള്‍ക്ക് രക്ഷകരായ കേരളത്തിന്റെ ‘സൈന്യത്തിന്’ അവഗണന. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും വള്ളങ്ങളും ശരിയാക്കി നല്‍കുന്നതില്‍ മത്സ്യഫെഡിനു മെല്ലെപോക്ക്. എത്ര യാനങ്ങള്‍ തകരാറിലായെന്നോ എത്രയെണ്ണം ശരിയാക്കിയെന്നതിന്റെയോ കണക്കുകള്‍ മത്സ്യഫെഡിന്റെ കേന്ദ്ര ഓഫിസിലില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പകുതിയിലധികം യാനങ്ങളും ശരിയാക്കാനായിട്ടില്ലെന്നു മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു. അറ്റകുറ്റപ്പണി നടത്തിയതിന്റെ പണം ലഭിച്ചതു വളരെ കുറച്ചുപേര്‍ക്ക് മാത്രം.

ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് 4,537 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 669 യാനങ്ങളില്‍ 454 എണ്ണം കേടായി. ഈ പട്ടിക ഫിഷറീസ് വകുപ്പ് മത്സ്യഫെഡിനു കൈമാറി. യാനങ്ങള്‍ ശരിയാക്കാനുള്ള യാഡ് മത്സ്യഫെഡിനില്ലാത്തതിനാല്‍ സ്വകാര്യ യാഡുകളില്‍ ശരിയാക്കിയശേഷം ബില്ല് മത്സ്യഫെഡിന്റെ ഓഫിസില്‍ സമര്‍പ്പിക്കണം. അവര്‍ അറ്റകുറ്റപ്പണി നടത്തിയ സ്ഥലത്തെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്തശേഷം യാനത്തിന്റെ ഉടമയുടെ അക്കൗണ്ടിലേക്ക് പണം കൈമാറും. ഇതു ബാധകമാകുന്നത് ഫിഷറീസ് വകുപ്പ് വഴി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്ക് മാത്രമാണ്. പൊലീസിന്റെ നിര്‍ദേശപ്രകാരം എത്തിയവര്‍ സഹായത്തിന് അപേക്ഷിക്കേണ്ടത് ജില്ലാഭരണകൂടം വഴിയാണ്. സ്വമേധയാ എത്തിയവര്‍ ഈ കണക്കിലൊന്നും ഉള്‍പെടില്ല.

ഫിഷറീസ് വകുപ്പിന്റെ പട്ടികയിലുള്‍പെട്ട മത്സ്യത്തൊഴിലാളികള്‍ അറ്റകുറ്റപ്പണിക്കായി യാനങ്ങള്‍ യാഡുകളിലെത്തിച്ചെങ്കിലും മറ്റു നടപടികള്‍ ഇഴയുകയാണ്. ഉദ്യോഗസ്ഥതലത്തില്‍ ഏകോപനമില്ല. എത്ര യാനങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി പണം നല്‍കിയെന്നതിന്റെ കണക്കു ലഭ്യമല്ലെന്നു മത്സ്യഫെഡ് എംഡിയുടെ ഓഫിസ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ കണക്കുകള്‍ മത്സ്യഫെഡിന്റെ ജില്ലാ ഓഫിസിലില്ല. കൊല്ലം ജില്ലയില്‍നിന്ന് 212 യാനങ്ങളും 1041 ആളുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 92 യാനങ്ങളും യന്ത്രങ്ങളും കേടായി. അറ്റകുറ്റപ്പണി പൂര്‍ത്തിയായ 19 യാനങ്ങളുടെ പണം നല്‍കി. ബാക്കിയുള്ളവയുടെ കണക്കെടുപ്പു നടക്കുന്നു. ഏഴു യാനങ്ങള്‍ ശരിയാക്കാനുണ്ട്. പ്രളയം ശക്തമായ നാശനഷ്ടമുണ്ടാക്കിയ ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന ആലപ്പുഴയില്‍നിന്ന് 260 യാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഏഴു യാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. 168 എണ്ണത്തിന് കേടുപാടുണ്ടായി. നൂറിലധികം യാനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനുണ്ട്. അറ്റകുറ്റപ്പണി കഴിഞ്ഞ് ബില്‍ നല്‍കിയവരുടെ പണം ഇനിയും നല്‍കിയിട്ടില്ല. ആകെ നഷ്ടം 74.24 ലക്ഷം.

എറണാകുളം ജില്ലയില്‍ 191 മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 85 യാനങ്ങള്‍ തകരാറിലായി. 25 എണ്ണം ശരിയാക്കി. അതില്‍ പകുതിപേര്‍ക്ക് പണം നല്‍കി. തൃശൂര്‍ ജില്ലയില്‍‌നിന്ന് 713 പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 70 ബോട്ടുകള്‍ പങ്കെടുത്തതില്‍ രണ്ടെണ്ണം പൂര്‍ണമായി തകര്‍ന്നു. ബാക്കിയുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചിലര്‍ ബില്ലുകള്‍ സമര്‍പ്പിച്ചു. തുക വിതരണം ആരംഭിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ 125 പേര്‍ പങ്കെടുത്തു. 43 ബോട്ടുകള്‍ തകരാറിലായി. പരിശോധന നടക്കുന്നു. പണം ഉടന്‍ അനുവദിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

related stories