Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക പീഡനങ്ങൾക്കു കാരണം തൊഴിലില്ലായ്മ: ബിജെപി എംഎൽഎ

prem-latha-haryana-bjp-mla പ്രേം ലത

ചണ്ഡിഗഡ്∙ രാജ്യത്തു ലൈംഗിക പീഡനങ്ങൾ വര്‍ധിക്കാനുള്ള കാരണം യുവാക്കളുടെ തൊഴിലില്ലായ്മ ആണെന്നു ഹരിയാനയിലെ ബിജെപി എംഎല്‍എ പ്രേം ലത. തൊഴില്‍ ലഭിക്കാതെ വെറുതെ ഇരിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ യുവാക്കളുടെ സമ്മര്‍ദം കൂടുമെന്നും ഇതാണു ലൈംഗിക അതിക്രമങ്ങൾക്കു പ്രേരിപ്പിക്കുന്നതെന്നും പ്രേം ലത പറഞ്ഞു. ഹരിയാനയിൽ വിദ്യാർഥിനി കൂട്ടമാനഭംഗത്തിന് ഇരയാക്കപ്പെട്ടതിനു പിന്നാലെയാണ് എംഎല്‍എയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണു ഹരിയാനയിലെ റിവാരിയിൽ പത്തൊൻ‌പതുകാരിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി പിഡിപ്പിച്ചത്. കേസില്‍ മുഖ്യപ്രതി രാജസ്ഥാനില്‍ ജോലിചെയ്യുന്ന സൈനികനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പഠനമികവിന് അവാര്‍ഡ് നേടിയ പെണ്‍കുട്ടിയാണു കൂട്ടമാനഭംഗത്തിന് ഇരയായത്. അഞ്ചുപേരുള്‍പ്പെട്ട സംഘം ബുധനാഴ്ച പെണ്‍കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ മയക്കുമരുന്നുകള്‍ കുത്തിവച്ചാണു പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പ്രതികള്‍ അടുത്തുള്ള ബസ് സ്റ്റോപ്പില്‍ തള്ളിയിട്ടശേഷം രക്ഷപ്പെട്ടു. നാട്ടുകാരാണു പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തത്. കാറില്‍ തട്ടിക്കൊണ്ടുപോയ സംഘം തന്റെ ഗ്രാമത്തില്‍ തന്നെയുള്ളവരാണെന്നു പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

related stories