Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടമാനഭംഗ കേസിലെ മുഖ്യപ്രതി സൈനികൻ; പെൺനിലവിളികളുടെ ഹരിയാന

Rape | Sexual Abuse | Representational image പ്രതീകാത്മക ചിത്രം.

ഹരിയാനയിലെ മഹേന്ദ്രഗഡില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവം നടന്നു മൂന്നു ദിവസം പിന്നിട്ടു. കേസിലെ മുഖ്യപ്രതി പങ്കജ് സൈനികനാണെന്നു സ്ഥിരീകരിച്ചു. പങ്കജ് ഉള്‍പ്പെടെ മൂന്നു പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും ഇതുവരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ ഹരിയാന പൊലീസിനു കഴിഞ്ഞിട്ടില്ല. പന്ത്രണ്ടോളം പേര്‍ തന്നെ പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍, എഫ്ഐആറില്‍ മൂന്നു പേരെ മാത്രമാണു പ്രതി ചേര്‍ത്തിട്ടുള്ളത്.

കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചെന്ന് ആരോപണമുണ്ട്. മതിയായ ചികിൽസ സര്‍ക്കാര്‍ ആശുപത്രിയും നല്‍കിയില്ല. ആശുപത്രി റിപ്പോര്‍ട്ട് അപൂര്‍ണമാണ്. പൊലീസിന്റെയും ആശുപത്രിയുടെയും ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ തയാറായില്ല. അതേസമയം, ജിന്ദില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രേം ലത പ്രതികരിച്ചു. പീഡനങ്ങള്‍ക്കു കാരണം തൊഴിലില്ലായ്മയും അസംതൃപ്തിയുമാണെന്നാണ് അവരുടെ വാദം. പീഡനത്തിനിരയായ പെണ്‍കുട്ടി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയിരുന്നു.

ലഹരിമരുന്ന് നല്‍കി ക്രൂരപീഡനം

മഹേന്ദ്രഗഡ് ജില്ലയിലെ കാനിനയില്‍ ബുധനാഴ്ചയാണു സംഭവം. രാവിലെ ഗ്രാമത്തിലെ വീട്ടില്‍നിന്നു കോച്ചിങ് സെന്ററിലേക്കു പുറപ്പെട്ട പെണ്‍കുട്ടി 8.15 ഓടെ കാനിന ബസ്‍സ്റ്റോപ്പില്‍ ഇറങ്ങി. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് എത്തിയ സ്വന്തം നാട്ടുകാരായ പങ്കജും നിഷും മനീഷും പെണ്‍കുട്ടിയുടെ അടുത്തെത്തി അവിചാരിതമായി കണ്ട രീതിയില്‍ സുഖവിവരങ്ങള്‍ തിരക്കി. രാജസ്ഥാനിലെ കോട്ടയില്‍ സൈനിക ഉദ്യോഗസ്ഥനായ പങ്കജ് കഴിഞ്ഞ ദിവസമാണ് അവധിക്കെത്തിയത്.

സംസാരിച്ചു നില്‍ക്കുന്നതിനിടെ പെണ്‍കുട്ടിക്കു ലഹരിമരുന്ന് അടങ്ങിയ പാനീയം നല്‍കി. മയങ്ങിവീണപ്പോള്‍ കാറില്‍ തട്ടിക്കൊണ്ടുപോയി നയാഗാവിലെ ഒഴിഞ്ഞ വീട്ടിലെത്തിച്ചു പീഡിപ്പിച്ചു. ആ വീട്ടില്‍ ഇവര്‍ക്കു പുറമേ എട്ടോ ഒന്‍പതോ പേര്‍ ഉണ്ടായിരുന്നുവെന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു. ലഹരിമരുന്ന് അടങ്ങിയ പാനീയം ഇടയ്‍ക്കിടെ നല്‍കിക്കൊണ്ടിരുന്ന സംഘം മാറിമാറി പീഡിപ്പിക്കുകയായിരുന്നു.

വൈകിട്ട് അഞ്ചോടെ മനീഷ് പെണ്‍കുട്ടിയെ കാനിന ബസ്‍സ്റ്റോപ്പില്‍ തിരിച്ചെത്തിച്ചു. മയക്കം മാറിയിട്ടില്ലെന്നു മനസ്സിലാക്കിയ മനീഷ് മൊബൈലില്‍ നിന്ന് പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചു. തനിക്കു സുഖമില്ലെന്നും കാനിനയിലെത്തി കൂട്ടിക്കൊണ്ടുപോകണമെന്നും പെണ്‍കുട്ടിയെ കൊണ്ടു പറയിപ്പിച്ചു. പിതാവ് എത്തിയ ശേഷമാണു മനീഷ് ബസ്‍സ്റ്റോപ്പില്‍നിന്നു മടങ്ങിയത്.

ചികില്‍സ ലഭിച്ചില്ല

ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയെ ബുധനാഴ്ച രാത്രി തന്നെ റെവാഡി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളുപ്പിന് 2.30ന് മെഡിക്കോ –ലീഗല്‍ റിപ്പോര്‍ട്ട് (എംഎല്‍ആര്‍) തയാറാക്കി. എന്നാല്‍ റിപ്പോര്‍ട്ടില്‍ രക്തസമ്മര്‍ദവും ഇസിജിയും മറ്റും രേഖപ്പെടുത്തിയില്ല. ശരീരത്തിലുണ്ടായിരുന്ന ബീജത്തിന്റെ സാംപിളുകളും ശേഖരിച്ചിരുന്നില്ല. വെള്ളിയാഴ്ച മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയപ്പോഴാണു റിപ്പോര്‍ട്ടിലെ പോരായ്മകള്‍ വ്യക്തമായതെന്നു കുടുംബം ആരോപിച്ചു.

റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. തുടര്‍ന്നു റെവാഡി സിവില്‍ ആശുപത്രിയിലേക്കു തന്നെ മടങ്ങി. ഇവിടെ മതിയായ ചികിത്സ ലഭിച്ചില്ലെന്നു കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ അടക്കം ക്ഷതമേറ്റിട്ടുണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

അന്വേഷണം വൈകി, പ്രതികള്‍ രക്ഷപ്പെട്ടു

സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് ആദ്യം തയാറായില്ലെന്ന് ആരോപണമുണ്ട്. കാനിന പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാന്‍ കുടുംബത്തിനൊപ്പം െപണ്‍കുട്ടിയും പോയിരുന്നു. എന്നാല്‍ സംഭവം നടന്നതു തങ്ങളുടെ അധികാരപരിധിയില്‍ അല്ലെന്നു ചൂണ്ടിക്കാട്ടി കേസെടുക്കാന്‍ കാനിന പൊലീസ് വിസമ്മതിച്ചു. തുടര്‍ന്നു റെവാഡിയിലെ വനിതാ പൊലീസ് സ്റ്റേഷന്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് മഹേന്ദ്രഗഡ് പൊലീസിന് കൈമാറി.

പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് തിരച്ചില്‍ നടത്തിയില്ല. മഹേന്ദ്രഗഡില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ പരിപാടി നടക്കുന്നതിനാല്‍ ആവശ്യത്തിനു പൊലീസ് ഇല്ലെന്നായിരുന്നു വിശദീകരണം. 12 പേര്‍ ചേര്‍ന്നാണു പീഡിപ്പിച്ചതെന്നു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടും എഫ്ഐആറില്‍ മൂന്നുപേരുടെ പേരു മാത്രമാണു ചേര്‍ത്തത്.

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതു നയാഗാവ് എന്ന സ്ഥലത്തു വച്ചാണെന്നു കണ്ടെത്തിയതു കുടുംബമാണ്. കേസിലെ പ്രതിയായ നിഷു നയാഗാവിലുണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബത്തിനു വിവരം ലഭിച്ചു. അതുപ്രകാരം അവിടുത്തെ സര്‍പഞ്ചുമായി (പഞ്ചായത്ത് അധികാരി) ബന്ധപ്പെട്ടു. സംഭവം നടന്ന ബുധനാഴ്ച ഗ്രാമത്തിലെ ഒരു വീട്ടില്‍ പത്തുപന്ത്രണ്ട് പേര്‍ ഒത്തുകൂടിയിരുന്നുവെന്നു വിവരം ലഭിച്ചു. നിഷുവിന്റെ കാര്‍ നയാഗാവിലുണ്ടായിരുന്നതും കുടുംബം സ്ഥിരീകരിച്ചു. ഈ വിവരങ്ങള്‍ കൈമാറിയിട്ടും പ്രതികളെ പിടികൂടാന്‍ തയാറായില്ല. ഒടുവില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ ഇടപെട്ടപ്പോഴാണു പൊലീസ് അന്വേഷണം ആരംഭിച്ചത്.

കണക്കുകള്‍ ഭയാനകം

സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണു ഹരിയാന. 2014, 15, 16 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ കൂട്ട മാനഭംഗങ്ങൾ നടന്ന സംസ്ഥാനമാണെന്നു ദേശീയ ക്രൈം റെക്കോർ‍‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍, ഇവ റജിസ്റ്റര്‍ ചെയ്യപ്പെട്ടവ മാത്രമാണ്. ഖാപ്പ് പഞ്ചായത്തുകള്‍ കോടതികള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഹരിയാനയില്‍ ചെറുതല്ലാത്ത ശതമാനം കേസുകള്‍ പൊലീസ് സ്റ്റേഷനിലെത്താതെ പോകുന്നുണ്ട്.

2016ലെ ഹരിയാന

(സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് റജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം)

മാനഭംഗം– 1187
കൂട്ടമാനഭംഗം– 191
ലൈംഗിക പീഡനം – 700
ലൈംഗിക അതിക്രമം– 1860
തട്ടികൊണ്ടുപോകല്‍– 2697
നിര്‍ബന്ധിത വിവാഹത്തിനായി തട്ടികൊണ്ടുപോകല്‍– 821
ഗാര്‍ഹിക പീഡനം– 3314
സ്ത്രീധനപീഡന മരണം– 260
ആത്മഹത്യയ്‍ക്കു പ്രേരിപ്പിക്കല്‍– 123

(വിവരങ്ങള്‍: ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ)

related stories