Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

44 നദികളെയും ‘ഒന്നായി’ കണ്ട് കേന്ദ്രം; പ്രളയശേഷം കേരളം പഠിക്കേണ്ടത്

വർഗീസ് സി. തോമസ്
Ranni റാന്നി ഇ‌‌ട്ടിയപ്പാറ കവല പ്രളയ സമയത്തും ഒരു മാസത്തിനു ശേഷവും. ചിത്രം: അരവിന്ദ് വേണുഗോപാൽ

ചരിത്രമായി മാറിയ മഹാപ്രളയത്തിൽ നിന്ന് കേരളം തല ഉയർത്തിയിട്ട് കഷ്ടിച്ച് ഒരു മാസം. ഇതിനു മുമ്പ് 1924 ൽ ആയിരുന്നു ഇത്തരമൊരു മഹാപ്രളയം രേഖപ്പെടുത്തിയത്. 1957, 1962 തുടങ്ങിയ വർഷങ്ങളിലും കേരളം മഹാപ്രളയങ്ങൾക്കു സാക്ഷ്യം വഹിച്ചു. ഇതിൽ നിന്ന് കേരളം എന്തു പഠിച്ചു? ഉത്തരം നിരാശാജനകമാകില്ലെന്നാണു പ്രതീക്ഷ. ഏതു ദുരന്തത്തിനുള്ളിലും വെളിച്ചത്തിലേക്ക് ഒരു വാതിൽ പ്രകൃതി തുറന്നുവയ്ക്കും. നാടിനെ പുനഃസൃഷ്ടിക്കാനുള്ള മുപ്പതിനായിരം കോടിയുടെ പദ്ധതിയാണ് ചെളിയിൽനിന്നു കേരളം പൊടിതട്ടി എടുക്കുന്നത്.

99ൽനിന്ന് എന്തു പഠിച്ചു

കൊല്ലവർഷം 1099ലെ (1924) വെള്ളപ്പൊക്കത്തിൽനിന്ന് കേരളം എന്തെങ്കിലും പഠിച്ചോ എന്നറിയില്ലെന്നു കഴിഞ്ഞ ദിവസം ഒരു പംക്തിയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ എഴുതി. നമ്മുടെ പരിസ്ഥിതി ബോധത്തിന്റെ അഭാവമാണ് ഇതിലൂടെ പുറത്തുവരുന്നത്. അന്ന് ശ്രീമൂലം തിരുനാളായിരുന്നു തിരുവിതാംകൂർ ഭരിച്ചിരുന്ന മഹാരാജാവ്. അന്ന് സർക്കാർ ഒരു തീരുമാനമെടുത്തു. വെള്ളം കയറിയ ഇടമൊക്കെ ഇനി മുതൽ കൃഷിയിടം. വെള്ളം കയറാത്തിടങ്ങൾ മുഴുവൻ വീടുകൾ. പ്രളയജലം എത്തിയ സ്ഥലങ്ങൾ പലരും ഭിത്തികളിലും തൂണുകളിലും ഫലകങ്ങളിലും വരച്ചിട്ടു. ഭാവിയിൽ നിർമാണം നടത്തുമ്പോൾ ഇത് അടിസ്ഥാനരേഖയായി പരിഗണിക്കപ്പെട്ടു. പിന്നീട് റോഡും പാലവും കെട്ടിടങ്ങളും നിർമിച്ചത് 99 ലെ വെള്ളപ്പൊക്കത്തിലെ പരമാവധി ഉയരം അടിസ്ഥാനമാക്കിയായിരുന്നു. ഇന്നും കാലടി, ഭൂതത്താൻകെട്ട്, ആലുവ, മലയാറ്റൂർ, മാരാമൺ, ഇടയാറന്മുള, റാന്നി, കോന്നി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പഴയ ശിലാഫലകങ്ങളിൽ 1099 വെള്ളപ്പൊക്കത്തിന്റെ പരമാവധി ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

പിന്നീട് എന്തു സംഭവിച്ചു

കൽപ്പാന്തങ്ങളിലും യുഗസന്ധ്യകളിലും മാത്രം സംഭവിക്കുന്ന പ്രതിഭാസമായാണു പഴമക്കാരും ചരിത്രവും പ്രളയത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. നോഹയുടെ പ്രളയത്തെപ്പറ്റിയും നമുക്കറിയാം. പുരാണങ്ങളിലും മഹാപ്രളയങ്ങളെപ്പറ്റി പരാമർശമുണ്ട്. നൈൽനദിയുടെയും സിന്ധൂനദിയുടെയും തീരങ്ങളിലെ പ്രളയത്തെപ്പറ്റി ചരിത്രമുണ്ട്. 13–ാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരുണ്ടായ പ്രളയത്തെ തുടർന്നാണ് കൊച്ചി തുറമുഖവും വൈപ്പിൻ ദ്വീപുമൊക്കെ രൂപപ്പെട്ടതെന്നാണു ചരിത്രം. മുംബൈ പ്രളയവും അസം പ്രളയവും സുന്ദർബനിലെ പ്രളയവും ബ്രഹ്മപുത്ര തീരത്തെ പ്രളയവും നാം വായിച്ചറിഞ്ഞു. ഉത്തരാഞ്ചലിലെ ഹിമാലയൻ ഉരുൾപൊട്ടലിനെ തുടർന്ന് ഗംഗയുടെ കൈവഴിയിലുണ്ടായ മഹാപ്രളയം വിതച്ച നാശങ്ങളെപ്പറ്റിയും നാം നേരിട്ടു കണ്ടു. കഴിഞ്ഞ വർഷത്തെ ചെന്നൈ പ്രളയം നമുക്കുള്ള അവസാന മുന്നറിയിപ്പായിരുന്നിട്ടും കേരളം ഒന്നും പഠിച്ചില്ല.

സുരക്ഷയുടെ മിഥ്യാവലയത്തിൽ

കടലോരത്താണെങ്കിലും വിദേശആക്രമണമോ യുദ്ധമോ മറ്റ് പ്രകൃതി ദുരന്തങ്ങളോ ഇവിടെ കാര്യമായി ഉണ്ടായിട്ടില്ലാത്തതിനാൽ കാലാകാലങ്ങളിൽ രൂപപ്പെട്ട സർക്കാരുകളും ജനങ്ങളും രാഷ്ട്രീയ നേതൃത്വവും കേരളത്തെ സുരക്ഷിത ഇടമായി കണ്ടു. ദൈവത്തിന്റെ സ്വന്തം നാടെന്ന പരസ്യവാചകം ആധുനിക മലയാളിയെ അലസനാക്കി. ‘ദൈവത്തിന്റെ സ്വന്തം നാട്; കാലാവസ്ഥാമാറ്റം നേരിട്ട് കാണാവുന്ന ഇടം’ എന്ന് ആ പരസ്യം തിരുത്തേണ്ട സാഹചര്യമാണ് ഇന്ന്. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ രണ്ടായിരാമാണ്ടിലെ ഈരാറ്റുപേട്ട ഭൂചലനം നമ്മുടെ ഭൂഗർഭപാളികളുടെ ഉറപ്പിനെപ്പറ്റി ചോദ്യമുയർത്തി. 6.5 വരെ ഭൂചലനങ്ങൾക്കു സാധ്യതയുള്ള സോൺ മൂന്നിലാണ് ഇന്നു കേരളത്തിന്റെ സ്ഥാനം. ഇടയ്ക്ക് ചലനങ്ങളുണ്ടാകുന്നത് ഭൂഗർഭത്തിലെ സമ്മർദം പുറത്തേക്കു പോകാൻ നല്ലതാണെന്നു ഭൗമശാസ്ത്രകേന്ദ്രം പറയുന്നതിനാൽ ആശ്വസിക്കാം. മിന്നലുകളിൽ പ്രതിവർഷം നൂറിലേറെപ്പേർ മരിക്കുന്ന ഇടമാണ് ഇന്നു കേരളം.

ഇന്തൊനീഷ്യയിൽനിന്നു പുറപ്പെട്ട സൂനാമി നമ്മുടെ തീരത്തെ ആയിരക്കണക്കിനു ജീവനുകളെ അപഹരിച്ചതോടെ കേരളത്തിന്റെ കടലോരം എത്രത്തോളം അപകടത്തിന്റെ വക്കിലാണെന്ന് നാം ആദ്യമായി തിരിച്ചറിഞ്ഞു. ഓഖി ചുഴലിക്കാറ്റ് നമ്മുടെ ധാരണകൾ വീണ്ടും തിരുത്തി. ചുഴലിക്കാറ്റുകൾ (സൈക്ലോൺ) ഏശാത്ത സംസ്ഥാനം എന്ന പദവി തകർന്നു.

പ്രളയപാഠം

ഇന്ന് മാലദ്വീപിനെപ്പോലെയാണു കേരളത്തിന്റെ സ്ഥിതി. കനത്ത മഴയിൽ ഡാം തുറന്നപ്പോൾ വടക്കുമുതൽ തെക്കുവരെ ഒരൊറ്റ ജലപാളിയായി കേരളം മാറി. 44 നദികളിൽ പകുതിയിലേറെയും 32 കായലുകളിൽ പകുതിയിലേറെയും ഒന്നായി കടലിലേക്ക് ഒഴുകി.

ഡാം മാനേജ്മെന്റ് – ചില പിഴവുകൾ

കേരളത്തിൽ ചെറുതും വലുതുമായ 82 ഡാമുകൾ ഉണ്ടെന്ന കാര്യം ആദ്യമായി പറയുന്നയാൾ നമ്മുടെ മുഖ്യമന്ത്രിയായിരിക്കാം. ഇത് നൂറുവരെ ആകാമെന്നും മറ്റു ചിലർ പറയുന്നു. ആകെ ഡാമുകളുടെ എണ്ണം പോലും പറയാനാവാത്ത സ്ഥിതിയിലാണ് ഈ സംസ്ഥാനം. കാരണം വൈദ്യുതി ബോർഡ് മുതൽ ജലസേചന വകുപ്പു വരെ വിവിധ ഏജൻസികളാണ് ഈ ഡാമുകളുടെ മാനേജ്മെന്റ് നിർഹഹിക്കുന്നത്. ഇന്ത്യയിലെ പ്രധാന ഡാമുകളുടെ മേൽ നിയന്ത്രണമുള്ള സെൻട്രൽ വാട്ടർ കമ്മിഷന് ഇവിടുത്തെ രണ്ടോ മൂന്നോ ഡാമുകളിന്മേൽ മാത്രമാണ് നിയന്ത്രണം.

കാവേരി നദിയിലെ ജലനിരപ്പ് ഉയരുന്ന മുറയ്ക്ക് പ്രളയ മുന്നറിയിപ്പു നൽകാൻ ജലകമ്മിഷനു സംവിധാനമുണ്ട്. അതുപോലെ ഇന്ത്യയിലെ മിക്ക വലിയ നദികളിലും ഈ സംവിധാനമുണ്ടെങ്കിലും കേരളത്തിലെ 44 ചെറു നദികളെയും മധ്യപ്രദേശിലെ താപ്തി നദിക്കു താഴെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദി എന്ന ഒരൊറ്റ പേരിൽ ചുരുക്കിയിരിക്കയാണ് ജലകമ്മിഷൻ. പെരിയാറിലോ പമ്പയിലോ വെള്ളം പൊങ്ങിയാൽ ജലകമ്മിഷൻ മുന്നറിയിപ്പു തരില്ല. ഇതിനായി പ്രത്യേക അപേക്ഷ നൽകി ജലകമ്മിഷന്റെ പട്ടികയിൽ ഇടം പിടിക്കണം. കേരളം ഇതുവരെ ഇക്കാര്യം ആലോചിച്ചിട്ടില്ല.

പ്രകൃതിയെ നേരിടാൻ ഏകോപനമില്ല

കേരളത്തിലെ വൃഷ്ടിപ്രദേശം കെഎസ്ഇബിയുടെയും വനം വകുപ്പിന്റെയും റവന്യ‌ു വകുപ്പിന്റെയുമൊക്കെ ചുമതലകളിലാണ്. ഇവർ പരസ്പരം വിവരം കൈമാറുകയോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇവരെ കാര്യമായി ഏകോപിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതാണു പ്രധാന പ്രശ്നം. കേന്ദ്രസർക്കാർ സ്ഥാപനമായ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇവർക്കെല്ലാം കാലാവസ്ഥാ വിവരം കൈമാറുന്നുണ്ടെങ്കിലും അതിനു വേണ്ടത്ര ഗൗരവും നൽകാറില്ല. റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസവും വലിയ ദുരന്തങ്ങൾ ഉണ്ടാകുന്ന പതിവ് മുൻപ് സംസ്ഥാനത്ത് ഇല്ലാത്തതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകളെ കേരളത്തിലെ ഉദ്യോഗസ്ഥർ അത്ര ഗൗരവമായെടുക്കാറില്ല.

ഹൈദരാബാദിലെ ഇൻകോയ്സ് എന്ന സമുദ്ര ഗവേഷണ സ്ഥാപനം കടലിൽപോകരുതെന്ന മുന്നറിയിപ്പു ദിവസവും നൽകിത്തുടങ്ങിയതോടെ പലർക്കും അത് അനുസരിക്കാൻ മനസില്ലാതെയായി. ആഭ്യന്തര വകുപ്പും ചീഫ് സെക്രട്ടറിയും കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് അത്ര പരിഗണന നൽകിയിരുന്നോ എന്ന കാര്യവും പരിശോധനാർഹമാണ്. പല കാലാവസ്ഥാ മുന്നറിയിപ്പുകളും തിരുവനന്തപുരം കേന്ദ്രത്തിൽനിന്നു സെക്രട്ടറിയേറ്റിലേക്കു വിളിച്ചുപറയാറുണ്ടെന്ന് ഐഎംഡി പറയുന്നു. പക്ഷെ അവയി‍ൽ പലതും നീളൻ ഫാക്സുകളായി അവിടെ കിടക്കുമെന്നു പോലും ആരോപണമുണ്ട്. ഇതു പഴയകാര്യമായിരിക്കാം. ഇനി ഇത്തരം അലംഭാവത്തിനു സ്ഥാനമില്ല. കാരണം കാലാവസ്ഥ മാറുകയാണ്. ലോകമെങ്ങും. ഒപ്പം കേരളത്തിലും. ഇനി കടലേറ്റമാകാം, വരൾച്ചയാകാം, ഭൂചലനമാകാം.

കാലാവസ്ഥാ വിവര വിനിമയം ശരിയാകുമോ

ശരാശരിയെ അടിസ്ഥാനമാക്കിയാണു കാലാവസ്ഥാ വിവരങ്ങൾ ലോകമെങ്ങും പഠനവിധേയമാകുന്നത്. നൂറോ ഇരുനൂറോ വർഷത്തെ ഡേറ്റയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ കാലാവസ്ഥ ഇങ്ങനെയായിരിക്കാം എന്നുള്ള ഗണിതാധിഷ്ഠിത സാധ്യതാ പ്രവചനമാണു ശരിക്കും കാലാവസ്ഥാ മുന്നറിയിപ്പ്. സൂപ്പർ കംപ്യൂട്ടർ വന്ന് ഇപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി മുൻകൂട്ടി പ്രവചിക്കാമെങ്കിലും പിഴവുകൾക്കും സാധ്യത ഏറുന്നു. കാരണം കഴിഞ്ഞ 10–20 വർഷത്തിനുള്ളിൽ ലോകമെങ്ങും ആഗോള താപനഫലമായി മഴയും വെയിലും മറ്റും മാറിമറിയുകയാണ്.

ഡോപ്ലർ റഡാറിലും മറ്റും തീവ്രമഴയുടെ സൂചന ലഭിക്കുമെങ്കിലും കേരളത്തിലെ റഡാർ തിരുവനന്തപുരത്താണു സ്ഥിതി ചെയ്യുന്നത്. പീരുമേടിനും മുല്ലപ്പെരിയാറിനും മൂഴിയാറിനും മധ്യേ വനത്തിനുള്ളിൽ അൻപതോ അറുപതോ ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പെയ്യുന്ന മേഘം പൊട്ടിവീഴൽ മഴയെ ഇതിലൂടെ കാണാനാവില്ല. ഡാമുകളുടെ ശൃംഖല തന്നെ ഇവിടെ ഉള്ളതിനാൽ ഭാരം കൂടി ഇടയ്ക്ക് ചെറിയ ഭൂചലനം ഉണ്ടായാൽ പോലും അത് കാട്ടിനുള്ളിലായതിനാൽ ആരും അറിയണമെന്നില്ല. ഇതെല്ലാം നമ്മുടെ ഡാം–നദീ മേഖലയിലെ അപകട സാധ്യതകളാണ്.

ഇതു സംബന്ധിച്ച് കെഎസ്ഇബിയിലോ മറ്റോ വിളിച്ചുചോദിച്ചാൽ ഒന്നുകിൽ ഫോൺ എടുക്കില്ല. അല്ലെങ്കിൽ എടുക്കുന്ന ആൾക്ക് അറിയില്ലെന്നാവും ലളിതമായ മറുപടി. ഈ സുതാര്യത കുറവ് കെഎസ്ഇബിയെ പൊതു ദൃഷ്ടിയിൽനിന്നു മറച്ചുപിടിക്കുന്നു. പ്രത്യേകിച്ചും കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയായ ശബരിഗിരിയിൽ സുതാര്യത കുറവാണ്. ഇവിടെ പെയ്യുന്ന മഴയുടെ അളവ് ലോഡ് ഡെസ്പാച്ച് സെന്റർ വഴി വൈകിയാണെങ്കിലും ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിനു ലഭിക്കാറുണ്ട്. അപ്പോഴേക്കും നടപടി എടുക്കേണ്ട സമയം കഴിഞ്ഞിരിക്കുമെന്നതിനാൽ ഈ ഡേറ്റ കൊണ്ട് നാടിനു പ്രയോജനമില്ലാത്ത സ്ഥിതിയാണ്. ഈ സ്ഥിതിയിൽ എന്തു മാറ്റം വരുമെന്നതിനെ ആശ്രയിച്ചിരിക്കും ഭാവിയിലെ പ്രളയ മുന്നറിയിപ്പും തയാറെടുപ്പും.

related stories