Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഭയകക്ഷി ബന്ധത്തെ ബാധിക്കും; കേരളത്തിനു യുഎഇ സഹായമുണ്ടാകില്ല

rebuild-kerala

ന്യൂഡൽഹി∙ പ്രളയ ദുരിതത്തിലായ കേരളത്തിന്റെ പുനർനിർമാണത്തിനു സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും. വിദേശ സർക്കാരുകൾ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു മനംമാറ്റമെന്നു സൂചനയുണ്ട്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന തായ്‌ലൻഡ് കമ്പനികൾ കേരളത്തിനു ദുരിതാശ്വാസ സഹായം നൽകുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതി ചുതിന്തോൺ ഗോങ്സക്തിയോടു വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. അക്കാര്യം അദ്ദേഹം ട്വിറ്ററിൽ വെളിപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ സഹായവുമായി മുന്നോട്ടുപോകുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്നാണു യുഎഇയുടെ വിലയിരുത്തൽ.

വിദേശരാജ്യങ്ങളോടു നേരിട്ടു സഹായം സ്വീകരിക്കില്ലെന്നും ഫൗണ്ടേഷനുകൾ മുഖേനയുള്ള നടപടികൾക്കു തടസ്സമില്ലെന്നുമാണു കേന്ദ്ര സർക്കാർ മുൻപു വ്യക്തമാക്കിയത്. തുടർന്ന്, യുഎഇ പ്രസിഡന്റ് നേതൃത്വം നൽകുന്ന ഖലീഫ ഫൗണ്ടേഷനിലൂടെ സഹായം ലഭ്യമാക്കാൻ ആലോചന നടന്നു. തുടർനടപടികൾക്കായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന കേരളം സന്ദർശിക്കാനും തീരുമാനിച്ചിരുന്നു. സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് വിശദീകരിക്കുന്ന രേഖകളും യുഎഇ ശേഖരിച്ചു.

ഇതിനിടെയാണ്, തായ്‌ലൻഡ് കമ്പനികളുടെ പ്രതിനിധികൾക്കൊപ്പം ഡൽഹി കേരള ഹൗസിലെത്തി ദുരിതാശ്വാസ സഹായം കൈമാറാനുള്ള തായ് സ്ഥാനപതിയുടെ നീക്കം വിദേശകാര്യ മന്ത്രാലയം തടഞ്ഞത്. ഇതു സംബന്ധിച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചതിങ്ങനെ: ‘ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത തായ് കമ്പനികൾ സർക്കാരിനു സഹായം കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്നു വിനയപൂർവമുള്ള ഉപദേശം ലഭിച്ചു. ഇനി കമ്പനികൾ ഞാനില്ലാതെ മുന്നോട്ടുപോകട്ടെ.’ 

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, പിന്നാലെ വിവാദപ്രളയം 

യുഎഇ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്തെന്നു പ്രമുഖ വ്യവസായി എം.എ.യൂസഫലിയിൽനിന്നു വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയതിനു പിന്നാലെയാണു വിവാദം ഉടലെടുത്തത്. വിദേശ സഹായം വാങ്ങില്ലെന്നാണു 2004 മുതലുള്ള നയമെന്നു കേന്ദ്ര സർക്കാർ ആദ്യം നിലപാടെടുത്തു.

സഹായം വാങ്ങണോയെന്നു കേന്ദ്ര സർക്കാരിനു തീരുമാനിക്കാമെന്നാണ് നിലവിലെ സർക്കാർ തയാറാക്കിയ ദുരന്ത മാനേജ്മെന്റ് പ്ലാനിൽ പറഞ്ഞിട്ടുള്ളതെന്നു മറുവാദമുണ്ടായി. വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ടെന്നാണു നിലപാടെന്നു കേന്ദ്രം വീണ്ടും വ്യക്തമാക്കി. നയപരമായ കാര്യമാണെന്നും ഓരോ രാജ്യവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കേണ്ടതു കേന്ദ്ര സർക്കാരാണെന്നും സുപ്രീം കോടതി പറഞ്ഞു. യുഎഇയുടേതായിരുന്നു പ്രധാന വാഗ്ദാനം. 

related stories