Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബിജെപിക്കു വേണ്ടി പ്രചാരണത്തിനില്ല; അവസരം തന്നാൽ ഇന്ധനവില കുറയ്ക്കാം’

baba-ramdev-narendra-modi ബാബാ രാംദേവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ന്യൂഡൽഹി ∙ ഭരണത്തുടർച്ച തേടുന്ന ബിജെപിക്കു തിരിച്ചടിയായേക്കാവുന്ന നിലപാടുമായി യോഗാ ഗുരു ബാബാ രാംദേവ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നു ബാബാ രാംദേവ് വ്യക്തമാക്കി. തനിക്ക് അവസരം നൽകുകയാണെങ്കിൽ പെട്രോളും ഡീസലും ഇപ്പോഴുള്ളതിന്റെ പകുതിവിലയ്ക്കു വിറ്റുകാണിച്ചു തരാമെന്നും ഒരു ദേശീയ മാധ്യമത്തോടു രാംദേവ് പറഞ്ഞു.

ബിജെപിക്കു വേണ്ടി വീണ്ടും പ്രചാരണത്തിന് ഇറങ്ങുമോയെന്ന ചോദ്യത്തിന്, എന്തിനാണു ഞാൻ അതു ചെയ്യുന്നത് എന്നായിരുന്നു രാംദേവിന്റെ മറുപടി. രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു. എല്ലാ കക്ഷികളുടെ കൂടെയും ഞാനുണ്ട്. എന്നാൽ എനിക്ക് ഒരു പാർട്ടിയും ഇല്ല. പ്രധാനമന്ത്രിയെ വിമർശിക്കുകയെന്നത് ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണ്. ക്ലീൻ ഇന്ത്യ മിഷൻ വളരെ മികച്ച രീതിയിലാണു നരേന്ദ്ര മോദി നടപ്പാക്കിയതെന്നും രാംദേവ് വ്യക്തമാക്കി.

2014ലെ പൊതുതിരഞ്ഞെടുപ്പിൽ ബാബാ രാംദേവ് ബിജെപിക്കുവേണ്ടി പ്രചാരണം നയിച്ചിട്ടുണ്ട്. ഒരു വർഷത്തിനുശേഷം കാബിനറ്റ് റാങ്കോടെ ബിജെപി രാംദേവിനെ ഹരിയാനയുടെ ബ്രാൻഡ് അംബാസഡറാക്കി. വാഹനങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവയും അനുവദിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ സാധ്യതയുള്ള വ്യക്തിയാണു രാംദേവ് എന്ന് ന്യൂയോർക്ക് ടൈംസ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദു വലതുപക്ഷത്തിന്റെ പ്രധാന ശബ്ദമായ രാംദേവ് പിന്തുണച്ചതിനാലാണ് 2014–ൽ നരേന്ദ്ര മോദിക്ക് അധികാരത്തിലെത്താൻ കഴിഞ്ഞതെന്നും ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടിയിരുന്നു.

മോദിയെയും കേന്ദ്ര സർക്കാരിനെയും പിന്തുണയ്ക്കാറുള്ള രാംദേവ്, ഇന്ധനവില വര്‍ധനവിൽ രൂക്ഷമായ ഭാഷയിലാണു പ്രതികരിച്ചത്. ഇന്ധനവില ഉയരുന്നതു മോദിക്കു നിയന്ത്രിക്കാനായില്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. പശുവിനെ മതപരമായ മൃഗമായി കാണുന്നതിനെയും രാംദേവ് എതിർത്തു.

related stories