Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തന്ത്രങ്ങളുടെ രാജകുമാരൻ രാഷ്ട്രീയത്തിൽ; ജെഡിയുവിൽ ചേർന്ന് പ്രശാന്ത് കിഷോർ

PRASANTH-KISHORE-dc-col നിതീഷ് കുമാറും പ്രശാന്ത് കിഷോറും.

പട്ന∙ തിരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ചാണക്യൻ പ്രശാന്ത് കിഷോർ ജെഡിയുവിൽ. ഞായറാഴ്ച രാവിലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണു പ്രശാന്ത് കിഷോർ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ‘അദ്ദേഹമാണ് ഇനി ഭാവി’– ചടങ്ങിൽ നിതീഷ് കുമാറിനെ ഉദ്ദേശിച്ചു പ്രശാന്ത് പറഞ്ഞു.

ജെഡിയുവും ആർജെഡിയും തമ്മിലുള്ള സമാധാന ചർച്ചകർക്കു ചുക്കാൻ പിടിക്കുകയാണു പ്രശാന്തിന്റെ ചുതലയെന്നാണു ജെഡിയുവിന്റെ അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ലാലു പ്രസാദിന്റെ അഭാവത്തിൽ മകൻ തേജ്വസി യാദവിന് ഇതിനോടു അനുകൂല നിലപാടല്ല ഉള്ളതെന്നും വിവരമുണ്ട്. കഴിഞ്ഞ ആഴ്ച, ഹൈദരാബാദിൽ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർഥികളുമായുള്ള സംവാദത്തിനിടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച സൂചന പ്രശാന്ത് നൽകിയിരുന്നു. പ്രചാരണ തന്ത്രങ്ങളുടെ ചുമതല വഹിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പ്രചാരണ തന്ത്രങ്ങളുടെ ഏകോപനത്തിലും നടത്തിപ്പിലും വിദഗ്‌ധനായ പ്രശാന്ത്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കു വേണ്ടി തന്ത്രങ്ങൾ മെനഞ്ഞാണു വാർത്തകളിൽ ഇടംപിടിച്ചത്. വൻവിജയത്തോടെ മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ പ്രശാന്തിന്റെ ഗ്രാഫ് ഉയർന്നു. തൊട്ടു പിന്നാലെ പാർട്ടി നേതൃത്വവുമായി അകന്ന പ്രശാന്തിനെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച നിതീഷ് കുമാർ, 2015ൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനു വേണ്ടി തന്ത്രങ്ങൾക്കായി നിയോഗിച്ചു.

ബിജെപിയെ തോൽപിച്ചു മഹാസഖ്യം ഭരണത്തിലേറിയതോടെ പ്രശാന്ത് തിരഞ്ഞെടുപ്പു തന്ത്രങ്ങളുടെ രാജകുമാരനായി അറിയപ്പെട്ടു. പക്ഷേ, യുപിയിൽ കോൺഗ്രസിന്റെ യുദ്ധമുറിയിൽ ഇരുന്നു പടയ്ക്കു നേതൃത്വംകൊടുത്ത പ്രശാന്തിനു കാലിടറി. എന്നാൽ, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച് പ്രശാന്ത് വീണ്ടും തന്റെ തന്ത്രങ്ങൾക്കു മൂർച്ച കുറഞ്ഞിട്ടില്ലെന്നു തെളിയിച്ചു.