Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീകളുടെ സമരം 9–ാം ദിവസത്തിലേക്ക്; പിന്തുണച്ച് വൈദികരും കൂട്ടായ്മകളും

nun-protest-9th-day ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ട് കൊച്ചിയിൽ നടക്കുന്ന നിരാഹാര സമരത്തിൽനിന്ന്. ചിത്രം: ടോണി ഡൊമിനിക്

കൊച്ചി∙ പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തുന്ന നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരാണു പിന്തുണയുമായി സമരവേദിയിലേക്ക് എത്തുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുംവരെ അനിശ്ചിതകാല നിരാഹാരസമരം തുടരുമെന്നു കന്യാസ്ത്രീകൾ വ്യക്തമാക്കി.

ബിഷപ് ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞാലും സമരം നിർത്തില്ല. വി.എസ്.അച്യുതാനന്ദനെപ്പോലുള്ളവർ സമരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സർക്കാർ നിലപാട് അനുകൂലമാണെന്നു കരുതുന്നില്ലെന്നും അവർ പറഞ്ഞു. ബിഷപ്പിനെതിരെ നിയമനടപടി ആവശ്യപ്പെട്ടു ഹൈക്കോടതി ജംക്‌ഷനിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ ക്രിസ്ത്യൻ റവല്യൂഷനറി മൂവ്മെന്റ് അംഗം അലോഷ്യ ജോസഫ് കൂടി പങ്കുചേർന്നു. പരാതിക്കാരിയായ കന്യാസ്ത്രീ പ്രവർത്തിക്കുന്ന കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് കോൺവെന്റിലെ നാലു സന്യാസിനിമാരായ അനുപമ, ആൽഫി, ജോസഫൈൻ, അൻസിറ്റ എന്നിവർ തുടർച്ചയായി സമരത്തിലുണ്ട്.

പിന്തുണയുമായി വൈദികർ

സമരത്തിനു പിന്തുണയുമായി വൈദികരുമെത്തി. സിറോ മലബാർ സഭാ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ടിന്റെ നേതൃത്വത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ എട്ടു വൈദികരാണു സമരപ്പന്തലിലെത്തിയത്. ഇവർക്കു പുറമേ മാർത്തോമ്മാ സഭയിലെ വൈദികരും വന്നു. സമരത്തിൽ വത്തിക്കാൻ ഇടപെട്ട് നീതി നടപ്പാക്കണമെന്നു ഫാ. പോൾ തേലക്കാട്ട് പറഞ്ഞു. സഭയിൽ അധികാരത്തിന്റെ രോഗലക്ഷണങ്ങൾ ഉണ്ടെന്നും അതിനു പരിഹാരം കണ്ടേ മതിയാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കന്യാസ്ത്രികൾ നടത്തുന്ന സമരം സഭയ്‌ക്കെതിരല്ലെന്നും നീതിക്കു വേണ്ടിയുള്ളതാണെന്നുമാണു വൈദികരുടെ നിലപാട്. കന്യാസ്ത്രീകൾ അനുഭവിക്കുന്ന വേദനയുടെ കാഠിന്യം മനസ്സിലാക്കുന്നു. അവർക്കു നീതി നിഷേധിക്കുന്നതു സഭ മുൻകാലത്തു ചെയ്ത നല്ല കാര്യങ്ങൾ വിസ്മരിക്കുന്നതിന് ഇടയാക്കുമെന്നും അവർ ഓർമിപ്പിച്ചു.

ഫാ. ടോണി കല്ലൂക്കാരൻ, ഫാ. ജോയ്സി കൈതക്കോട്ടിൽ, ഫാ. ബെന്നി മാരാപറമ്പിൽ, ഫാ. ജിമ്മി കക്കാട്ടുചിറ, ഫാ. പോൾ ചിറ്റിലപ്പിള്ളി, ഫാ. ചെറിയാൻ നേരെവീട്ടിൽ, ഫാ. കുര്യൻ കുരിശിങ്കൽ, ഫാ. ജോസഫ് പാറേക്കാട്ടിൽ, ഫാ. രാജൻ പുന്നയ്ക്കൽ, ഫാ. ചെറിയാൻ വർഗീസ്, ഫാ. വൈറ്റി വിനയ്‌രാജ്, ഫാ. സജി തോമസ്, ഫാ. റെനി വർഗീസ്, ഫാ. ജെറിൻ പാലത്തിങ്കൽ, സിസ്റ്റർ ടീന ജോസ്, സിസ്റ്റൽ എമിൽഡ തുടങ്ങിയവർ സമരവേദിയിൽ പ്രസംഗിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആർ.അനിൽ, പ്രഫ. ജോജി ജോർജ്, ജോർജ് നീണ്ടകര, പത്മിനി, എം.എൻ.ജോർജ്, മാത്യു ഡാനിയേൽ, എസ്.പരമേശ്വരൻ, എം.പി.രാജേഷ്, സുനിൽ, സന്തോഷ് ജേക്കബ്, എം.സി.ഷാജൻ, വിൽസൺ, ഡോ. ആസാദ്, ഷാജർഹാൻ, പി.പി.മനോജ്, ആന്റോ, തോമസ് മാള, പുഷ്കരൻ തുടങ്ങിയവരും പ്രസംഗിച്ചു. പ്രക്ഷോഭത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ടു നിൽപുസമരവും സംഘടിപ്പിച്ചു. സമരത്തിനെതിരെ കെസിബിസി പുറപ്പെടുവിച്ച സർക്കുലർ ആർച്ച് ഡയസിൻ മൂവ്മെന്റ് ഫോർ ട്രാൻസ്പരൻസി പ്രവർത്തകർ കത്തിച്ചു.

കന്യാസ്ത്രീകൾക്കു പിന്തുണ പ്രഖ്യാപിച്ച് ലാറ്റിൻ കാത്തലിക് ഫെഡറേഷന്റെ ആലപ്പുഴ, എറണാകുളം ജില്ലകളിലെ സംസ്ഥാന സമിതി ഭാരവാഹികൾ ഐക്യദാർഢ്യ യാത്ര നടത്തി. പ്രസിഡന്റ് ഡിലൈറ്റ് പോൾ നേതൃത്വം നൽകി.

സമരവ്യാപനം: ചർച്ച

സമരം സംസ്ഥാനമൊട്ടുക്കും വ്യാപിപ്പിക്കുന്നതു സംബന്ധിച്ചു വിവിധ സംഘടനകളുമായി സമരപ്പന്തലിൽ ചർച്ച നടത്തും. പിന്തുണയുമായി കൂടുതൽ സ്ത്രീകൾ രംഗത്തെത്തുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രത്യേക സമരം ആലോചിക്കുമെന്നു സേവ് ഔവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിൽ കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി അറിയിച്ചു.

സമരത്തിന്റെ വരവു ചെലവു കണക്കുകൾ പുറത്തു വിടും. ഇതിനൊപ്പം ബിഷപ് ഫ്രാങ്കോയുടെ സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന് ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ബിഷപ് ഫ്രാങ്കോ താൽക്കാലികമായി പദവിയിൽ നിന്നു മാറി നിൽക്കുന്നതു ബിഷപ് പദവിയിലുള്ള ഒരാളെ അറസ്റ്റ് ചെയ്യുന്നതിൽ സർക്കാരിനുള്ള െവെമുഖ്യം ഇല്ലാതാക്കുമെന്നു കൗൺസിൽ വിലയിരുത്തി.

തുറന്ന കത്ത്

സമരത്തിന്റെ ലക്ഷ്യം പൂർണമാകണമെങ്കിൽ ബിഷപ് ഫ്രാങ്കോ നിയമത്തിനു കീഴടങ്ങി എന്നുറപ്പാക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ അധികാരത്തിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജീവിതാന്ത്യം വരെയുള്ള സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് അനിശ്ചിതകാല നിരാഹാരസമരം കിടക്കുന്ന ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഭാരവാഹി സ്റ്റീഫൻ മാത്യു ആവശ്യപ്പെട്ടു.

ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്ന തുറന്ന കത്തും പുറത്തുവിട്ടു. സ്ത്രീകളെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പൗരോഹിത്യ ശക്തികൾക്കെതിരെ വിശ്വാസ സമൂഹം രംഗത്തുവരണമെന്നു യുവകലാസാഹിതി സംസ്ഥാന ഭാരവാഹികളായ ആലങ്കോട് ലീലാകൃഷ്ണൻ, ഇ.എം.സതീശൻ എന്നിവർ ആവശ്യപ്പെട്ടു.

related stories