Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയ്ക്കു പ്രതിരോധം: ആന്ധ്രയില്‍ തന്ത്രപ്രധാന താവളങ്ങള്‍ ഒരുക്കാന്‍ വ്യോമസേന

Indian Air force fighter jet Sukhoi 30

അമരാവതി∙ കിഴക്കൻ തീരത്ത് ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ആന്ധ്രാപ്രദേശില്‍ തന്ത്രപ്രധാന താവളങ്ങള്‍ സജ്ജമാക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സൈനിക സാന്നിധ്യം അനുദിനം കൂടി വരുന്ന സാഹചര്യത്തിലാണ് കിഴക്കന്‍ തീരത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ വ്യോമസേന നീക്കം നടത്തുന്നത്.

പ്രകാശം ജില്ലയിലെ ദൊനകൊണ്ടയില്‍ ഹെലികോപ്റ്റര്‍ പരിശീലന കേന്ദ്രം, അനന്തപുര്‍ ജില്ലയില്‍ ഡ്രോണ്‍ നിര്‍മാണ യൂണിറ്റ്, അമരാവതിയില്‍ സൈബര്‍ സുരക്ഷാ കേന്ദ്രം എന്നിവ നിര്‍മിക്കാനുള്ള പദ്ധതികളാണ് ഇന്ത്യന്‍ വ്യോമസേന ആന്ധ്രാ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം വിജയവാഡ, രാജമുന്ദ്രി വിമാനത്താവളങ്ങള്‍ വ്യോമസേനയ്ക്കു കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ സജ്ജമാക്കാനും പദ്ധതിയുണ്ട്.

ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥര്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി പദ്ധതികള്‍ സംബന്ധിച്ച് മൂന്നു വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച വ്യോമസേനാ ദക്ഷിണ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി. സുരേഷും സംഘവും മുഖ്യമന്ത്രിയെ കണ്ടു. ഹെലികോപ്റ്റര്‍ പരിശീലന കേന്ദ്രത്തിനായി ദൊനകൊണ്ടയില്‍ 2700 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന എയര്‍സ്ട്രിപ്പും സേനയ്ക്കു കൈമാറും. നെല്ലൂരും പുതിയ വിമാനത്താവളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഭോഗപുരത്തും ഗുണ്ടൂര്‍ ജില്ലയില്‍ നിലവിലുള്ള എയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ വികസിപ്പിക്കാനും സേന സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.

സൈനിക പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിപ്പിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആന്ധ്രാ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആവശ്യമായ സ്ഥലം കണ്ടെത്താനുള്ള സര്‍വേ ഉടന്‍ ആരംഭിക്കും. വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കിഴക്കന്‍ തീരത്തു നിലവില്‍ വ്യോമസേനയ്ക്കു ചെന്നൈയിലെ ആരക്കോണത്തും നാവികസേനയ്ക്ക് വിശാഖപട്ടണത്തുമാണു പ്രധാന താവളങ്ങളുള്ളത്. മേഖലയില്‍ ചൈന സാന്നിധ്യം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആന്ധ്രയില്‍ സൈനിക താവളങ്ങള്‍ സജ്ജമാക്കേണ്ടത് അനിവാര്യമാണെന്നാണ് അധികൃതരുടെ നിലപാട്. സൈനിക നീക്കങ്ങള്‍ക്കു പുറമേ അടിയന്തര ഘട്ടങ്ങളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ താവളങ്ങള്‍ ഉപയോഗിക്കാനാവും.

related stories