Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയിൽ സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് കോൺഗ്രസ്

goa-congress-mlas ഗോവയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് എംഎൽഎമാർ ഗവർണർക്കു കത്തു കൈമാറുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ

പനജി∙ ഗോവയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോൺ‌ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നു ഗവർണറോടു കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. 14 എംഎൽഎമാരുടെ കത്ത് ഗവർണർക്കു കൈമാറിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മുഖ്യമന്ത്രി മനോഹർ പരീക്കർ ദീർഘനാളായി ചികിത്സയിൽ കഴിയുന്ന പശ്ചാത്തലത്തിൽ, ബിജെപിക്കെതിരായ നീക്കം ശക്തമാക്കുകയാണു കോൺഗ്രസ്. സംസ്ഥാനത്തു കോൺ‌ഗ്രസിന് 16 എംഎല്‍എമാരാണുള്ളത്, ബിജെപിക്ക് പതിനാലും. കര്‍ണാടകയിൽ സുപ്രീംകോടതി ഇടപെടലിനെ തുടർന്നുണ്ടായ വിജയത്തിനുശേഷമാണ് ഇങ്ങനൊരു നീക്കത്തിനു കോൺഗ്രസ് തയാറെടുത്തത്. സുപ്രീംകോടതി വിധിക്കു പിന്നാലെ, കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഗോവ, ബിഹാർ, മണിപ്പൂർ സംസ്ഥാനങ്ങളിൽ സർക്കാരുണ്ടാക്കാൻ പ്രതിപക്ഷ കക്ഷികൾ അവകാശവാദമുന്നയിച്ചിരുന്നു.

ഗോവയിൽ 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. ചെറുപാര്‍ട്ടികളുടെ സഹായത്തോടെ കേവല ഭൂരിപക്ഷം തികച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളെ ചേർത്തുനിർത്താൻ കോൺഗ്രസ് ആലോചന തുടങ്ങുമ്പോഴേക്കും അതിവേഗ നീക്കത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുത്തു. കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനെ രാജിവയ്പ്പിച്ചു മുഖ്യമന്ത്രിയാക്കിയാണു ബിജെപി അതിവേഗം സർക്കാരുണ്ടാക്കിയത്.

മനോഹർ പരീക്കർ ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായതിനാല്‍ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നു കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്നു. ഗോവയ്ക്കു മുഖ്യമന്ത്രിയെ തരൂവെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതും വാർത്തയായി. ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി), മഹാരാഷ്ട്രവാദി ഗോമണ്ഡക് പാർട്ടി (എജിപി), മൂന്ന് സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെയാണു ബിജെപി ഭരണം. മുഖ്യമന്ത്രിസ്ഥാനത്തുനിന്നു പരീക്കർ മാറിയേക്കുമെന്ന സൂചനകൾ യാഥാർഥ്യമായാൽ, ബിജെപിയോടൊപ്പം നിൽ‌ക്കാൻ മറ്റു പാർട്ടികളെ കിട്ടില്ലെന്ന വിശ്വാസത്തിലാണു കോൺഗ്രസിന്റെ കരുനീക്കം.