Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നലെ വരെ വീട്ടമ്മ; ഇന്ന് സമരമുഖത്ത്: കന്യാസ്ത്രീ സമരത്തിനു പിന്തുണയേറുന്നു

സിബി നിലമ്പൂർ
Nun-Protest-1 ഫിലോമിന സമരത്തിനിടെ സംസാരിക്കുന്നു. ചിത്രം: മനോരമ ഓൺലൈൻ

കൊച്ചി∙ ‘ഇന്നലെ രാത്രി വരെ ഞാൻ ഒരു സാധാരണ വീട്ടമ്മയായിരുന്നു. ഇന്നു ഞാൻ ഈ പാവം കന്യാസ്ത്രീമാർക്കൊപ്പം സമരമുഖത്തെത്തി. ഇന്നു രാവിലെ ഇവിടെയുള്ളവർക്കു വേണ്ടി ഞാൻ കൊന്തചൊല്ലി. ഇതുവരെ ഒരുനേരം പോലും ഞാൻ പട്ടിണിയിരുന്നിട്ടില്ല. പക്ഷെ ഇവിടെ നിരാഹാരമിരിക്കുന്നവർ തളർന്നു വീണാൽ പകരക്കാരിയാവാൻ ഞാനുണ്ടാവും’ – കന്യാസ്ത്രീമാർ സമരമിരിക്കുന്ന പന്തലിൽ വിറയ്ക്കുന്ന കൈകളോടെ മൈക്ക് പിടിച്ച് ഇതു പറഞ്ഞത് കോതമംഗലം വാരപ്പെട്ടിക്കാരി ഫിലോമിന.

ഒരു സാധാരണ വീട്ടമ്മയായിരുന്നു ഇവരെന്ന് വാക്കുകളിൽ നിന്നു തന്നെ മനസിലാകും. ഇന്നലെ സമരത്തിനെത്തിയ ഭർത്താവിനെ ‘നിങ്ങൾ എന്തിനാണ് അച്ചൻമാരെ മോശക്കാരാക്കുന്നിടത്ത് പോകുന്നതെന്നു’ പരിഹസിച്ചിടത്തു നിന്ന് ഒരു രാത്രികൊണ്ടുണ്ടായ മാറ്റമാണിത്. സമരം പെട്ടെന്നുണ്ടായതല്ലെന്നും നാലു വർഷമായി നീതി തേടുന്നവർക്ക് എങ്ങുനിന്നും ഒരു അനുകൂലവാക്കുപോലും ലഭിച്ചില്ലെന്ന അറിവിൽ സമരക്കാരിലൊരാളായി മാറിയതെന്ന് ഇവർ പറയുന്നു.

സ്വന്തം രക്തത്തിന്റെ കണ്ണുനീരിനൊപ്പം

Nun Protest കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയർപ്പിച്ചെത്തുന്നവർ. ചിത്രം: മനോരമ ഓൺലൈൻ

കൂടപ്പിറപ്പിന്റെ കണ്ണുനീരിനു നീതിലഭിക്കില്ലെന്നു തോന്നിയിടത്തു നിന്നാണ് സമരപ്പന്തലിൽ പട്ടിണിയിരിക്കാൻ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച എത്തിയത്. ബിഷപ്പിനെ അറസ്റ്റു ചെയ്യുംവരെ ഉപവാസമിരിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്തു വിടുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. സഹോദരിയെയും മറ്റ് സ്ത്രീകളെയും അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന പൗരോഹിത്യ നിലപാടുകൾക്കെതിരെയാണ് സമരമെന്നും കുറ്റക്കാരനായ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതു വരെ ഉപവാസ സമരമിരിക്കുമെന്നും അവർ പറഞ്ഞു.

സമരം കൂടുതൽ കേന്ദ്രങ്ങളിലേക്ക്

Nun Protest കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയർപ്പിച്ചെത്തുന്നവർ. ചിത്രം: മനോരമ ഓൺലൈൻ

കന്യാസ്ത്രീയെ ഉപദ്രവിച്ച ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ വിവിധ കേന്ദ്രങ്ങളിൽ സമരം ആരംഭിച്ചുകഴിഞ്ഞു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് സമര സമിതി നേതാക്കൾ പ്രഖ്യാപിച്ചതിനു പിന്നാലെ ഇതിനു തയാറായി നിരവധി സംഘടനകളും വ്യക്തികളുമാണ് രംഗത്ത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രഫ. എം.എൻ. കാരശ്ശേരിയുടെ നേതൃത്വത്തിലുള്ള മതേതര സമാജത്തിന്റെ 24 മണിക്കൂർ കുത്തിയിരിപ്പു സമരം കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് തുടങ്ങിയിട്ടുണ്ട്. സിസ്റ്റർ മരിയ തോമസ് സമരം ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിൽ, ഖുർആൻ സുന്നത്ത് സൊസൈറ്റി തുടങ്ങിയ സംഘടനകൾ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹമീദ് ചേന്ദമംഗല്ലൂർ, കാഞ്ചനമാല തുടങ്ങിയവരും ഇവിടെ സമരത്തിൽ പങ്കെടുക്കുന്നു.

ബിഷപ്പിനെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മഹിളാ ഐക്യവേദിയും, ഹിന്ദു ഐക്യവേദിയും കലക്‌ടറേറ്റിനു മുൻപിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. നിലവിൽ പീഡനത്തിന് ഇരയായ കന്യാസ്ത്രീ താമസിക്കുന്ന മഠം സ്ഥിതിചെയ്യുന്ന കുറവിലങ്ങാട്ട് സമരമുഖം തുറക്കുന്നതിന് ഒരുക്കങ്ങൾ നടക്കുന്നു. സമരത്തിനു പിന്തുണയുമായി ഞായറാഴ്ച സീറോ മലബാർ സഭാ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ടിലിന്റെ നേതൃത്വത്തിൽ എട്ട് വൈദികർ സമരപ്പന്തലിൽ എത്തിയിരുന്നു. ഇതിനു പുറമേ മാർത്തോമ, സിഎസ്ഐ സഭകളിൽ നിന്നുള്ള പുരോഹിതൻമാരും സമരത്തിനു പിന്തുണയുമായി എത്തി.

അണിയറയിൽ മുൻകൂർ ജാമ്യനീക്കം

Nun Protest കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയർപ്പിച്ചെത്തുന്നവർ. ചിത്രം: മനോരമ ഓൺലൈൻ

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യം തേടുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നതായാണ് വിവരം. ഹൈക്കോടതി അഭിഭാഷകനെ ഇതിനായി നിയോഗിച്ചതായും റിപ്പോർട്ടുണ്ട്. പഴുതുകളടച്ച ചോദ്യാവലിയുമായി ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ് പൊലീസ്. ചോദ്യം ചെയ്യൽ മൂന്നു ദിവസം വരെ നീണ്ടേക്കുമെന്നും കരുതുന്നു.  

related stories