Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാളിന് നരേന്ദ്ര മോദിക്ക് ആശംസയുമായി മോഹൻലാൽ; നന്ദി അറിയിച്ച് പ്രധാനമന്ത്രി

narendra-modi-mohanlal

ന്യൂഡൽഹി ∙  അറുപത്തിയെട്ടാം ജന്മദിനത്തിൽ ആശംസയർപ്പിച്ച ന‍ടൻ മോഹൻലാലിന് പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അണിനിരത്താൻ ഉദ്ദേശിക്കുന്ന പ്രശസ്തരിൽ നടൻ മോഹൻലാലും ഉൾപ്പെടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മോഹൻലാലിന്റെ ട്വീറ്റിന് പ്രധാനമന്ത്രിയുടെ മറുപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 

പ്രധാനമന്ത്രിയുടെ ജന്മദിനം സേവാ ദിനമായാണ് ബിജെപി ദേശീയതലത്തിൽ ആഘോഷിച്ചത്. മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചും രക്തദാന ക്യാംപുകൾ സംഘടിപ്പിച്ചും രാജ്യത്തുടനീളം ശുചിത്വപ്രവർത്തനങ്ങൾ നടത്തിയും പ്രവർത്തകർ ജന്മദിനം ആഘോഷിച്ചു. നമോ ആപ്പിലൂടെ പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശങ്ങൾ അയയ്ക്കാനും സൗകര്യമൊരുക്കി. 

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ധനമന്ത്രി അരുൺ ജയ്റ്റ്ലി, കർണാടകയിലെ ബിജെപി നേതാവ് ബി.എസ്.യെഡിയൂപ്പ, ബോളിവുഡ് താരം അനുപം ഖേർ, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ തുടങ്ങിയവർ പ്രധാനമന്ത്രിക്കു ജന്മദിനാശംസകൾ നേർന്നു.

തന്റെ മണ്ഡലമായ വാരാണസിയിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു ജന്മദിനത്തിൽ പ്രധാനമന്ത്രി. വാരാണസി വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. 

ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ ഭയക്കരുതെന്നും പഠനത്തിൽ ഒരു പ്രധാന സംഗതിയാണതെന്നും വാരാണസിയിൽ സ്കൂൾ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹിയിൽ ജന്മദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള  ‘ദ് മേക്കിങ് ഓഫ് എ ലെജൻഡ്’ എന്ന പുസ്തകം കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറും മുഖ്താർ അബ്ബാസ് നഖ്‌വിയും പ്രകാശനം ചെയ്തു. 

related stories