Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നു പിണറായിക്കു രാജ്യദ്രോഹി, ഇന്ന് ഉപദേഷ്ടാവ്; വിവാദമായി മുന്‍പ്രസംഗം

raman-pinarayi രമൺ ശ്രീവാസ്തവ, പിണറായി വിജയൻ

തിരുവനന്തപുരം∙ ചാരക്കേസ് സംബന്ധിച്ച നിയമസഭയിലെ അവിശ്വാസപ്രമേയ ചർച്ചയിൽ, അന്ന് ഐജിയായിരുന്ന രമൺ ശ്രീവാസ്തവയ്ക്കെതിരെ പിണറായി വിജയൻ നടത്തിയ കടന്നാക്രമണം ചർച്ചയാകുന്നു. ശ്രീവാസ്തവയാണ് ഇന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവെന്നതാണു ചർച്ചയ്ക്ക് എരിവു പകരുന്നത്.

1995 ഫെബ്രുവരി 14നു സഭയിലെ പ്രസംഗത്തിൽ പിണറായി ഇങ്ങനെ പറഞ്ഞു; ‘‘നമുക്ക് മറവി പലപ്പോഴും വേഗത്തിൽ വരാറുണ്ട് എന്നതാണ് ഒരു പ്രത്യേകത. ഇപ്പോൾ തന്നെ രമൺ ശ്രീവാസ്തവയുടെ പ്രശ്നം കുറേശെ മറവിയിലേക്കു തള്ളിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തു രാജ്യദ്രോഹപ്രവർത്തനം നടത്തിയ ഐജിയെ സംരക്ഷിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്.’’ 

തുടർന്നുള്ള ദീർഘമായ പ്രസംഗത്തിൽ പിണറായി കൂടുതലും കേന്ദ്രീകരിക്കുന്നതു ശ്രീവാസ്തവയെ മുഖ്യമന്ത്രി കരുണാകരൻ സംരക്ഷിക്കുന്നുവെന്ന ആക്ഷേപത്തിലാണ്. സിബി മാത്യുവിന്റെ റിപ്പോർട്ടും ഹൈക്കോടതിയുടെ പരാമർശങ്ങളുമെല്ലാം അദ്ദേഹം ഇതിനായി ഉദ്ധരിക്കുന്നു. ശ്രീവാസ്തവയുടെ കൈകളിലൂടെ പണം കൈമാറിയെന്ന നിഗമനവും പിണറായി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരസിംഹറാവുവും മുഖ്യമന്ത്രി കെ.കരുണാകരനും ചേർന്നു ശ്രീവാസ്തവയെ സംരക്ഷിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു. 

നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതോടെ കേസിലെ പലരുടെയും മുൻകാല നിലപാടുകൾ ചർച്ചയായതിന്റെ കൂടെയാണു പിണറായിയുടെ നിയമസഭാപ്രസംഗവും ശ്രദ്ധേയമായത്. 

related stories