Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

500 പോയിന്റ് താഴ്ന്ന് സെൻസെക്സ്; രൂപയുടെ ഇടിവിൽ 11,400 വിട്ട് നിഫ്റ്റി

sensex-green

മുംബൈ∙ യുഎസ്–ചൈന വ്യാപാരത്തർക്കം ആഗോളവിപണികളിൽ ഉയർത്തിയ ഇടിവിന്റേയും രൂപയുടെ മൂല്യത്തകർച്ചയുടെയും ചുവടുപിടിച്ച് ഓഹരിവിപണിക്ക് മോശം ക്ലോസിങ്. ബിഎസ്ഇ സെൻസെക്സ് 505 പോയിന്റ് ഇടിഞ്ഞ് 37,585 ലാണു വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 137 പോയിന്റ് താഴ്ന്ന് 11,377 ലും ക്ലോസ് ചെയ്തു.

ചൈന–യുഎസ് വ്യാപാരയുദ്ധത്തിനുള്ള സാധ്യതയും ഏഷ്യൻ വിപണികളിലുണ്ടായ വിൽപന സമ്മർദവുമെല്ലാം വിപണിയെ പ്രതികൂലമായി ബാധിച്ചു. പവർ, പിഎസ്ഇ, റിയൽറ്റി, ഐടി ഒഴികെയുള്ള സെക്ടറുകൾ നഷ്ടത്തിലായിരുന്നു.

എല്ലാ മേഖലകളിലെയും ഓഹരികൾ വിൽപന സമ്മർദം നേരിട്ടു. 1,272 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1,448 ഓഹരികൾക്കു നഷ്ടം നേരിട്ടു. അൻപതു മുൻനിര ഓഹരികളുടെ നിഫ്റ്റി സൂചികയിൽ 14 ഓഹരികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്.

ബാങ്ക്, ഫിനാന്‍ഷ്യൽ സർവീസസ്, എഫ്എംസിജി, ഓട്ടമൊബീൽ ഓഹരികൾ തകർച്ച നേരിട്ടപ്പോൾ ഐടി ഓഹരികൾ മികവു കാട്ടി. രൂപയുടെ വിലയിടിവ് നൽകിയ അധികനേട്ടമാണ് ടാറ്റ അലക്സി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, മൈൻഡ് ട്രീ തുടങ്ങിയ ഐടി ഓഹരികൾക്ക് തുണയായത്.

ഹിന്ദുസ്ഥാൻ പെട്രോളിയം, ഐഷർ മോട്ടോഴ്സ്, പവർ ഗ്രിഡ് കോർപ്പറേഷൻ, ഐഡിയ സെല്ലുലർ, ബിപിസിഎൽ, ടെക് മഹീന്ദ്രാ, ടിസിഎസ് തുടങ്ങിയവ നേട്ടമുണ്ടാക്കി. സൺ ഫാർമ, ഭാരതി ഇൻഫ്രാടെൽ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.